പാരിപ്പള്ളി: ലോക്ക് ഡൗണിന്റെ ഭാഗമായി കേരളത്തിൽ ആകമാനം പോലീസ് ഉദ്യോഗസ്ഥർ വാഹനം തടയുകയും അനാവശ്യ യാത്രകൾ ചെയ്യുന്നവരെ തിരിച്ചയക്കുകയും ചെയ്യാറുണ്ട്. എന്നാൽ കേരളത്തിൽ മിക്കയിടത്തും സാധാരണക്കാരായ പൊതു ജനങ്ങളോട് പോലീസ് ഉദ്യോഗസ്ഥർ മാന്യമായാണ് പെരുമാറുന്നത്. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് പൊതുജനങ്ങളോടുള്ള കേരള പോലീസിന്റെ മാന്യമായ പെരുമാറ്റം പ്രശംസയർഹിക്കുന്നുമുണ്ട്.
എന്നാൽ കഴിഞ്ഞ ദിവസം പഴം വാങ്ങുവാൻ പോകുന്നു എന്ന് ആവശ്യപ്പെട്ട യുവാവിനെ പാരിപ്പള്ളി പോലീസ് ബലമായി വാഹനത്തിൽ നിന്നും പിടിച്ചിറക്കി കൊണ്ടുപോകുന്ന വീഡിയോ ദൃശ്യം അവിടുത്തെ ഒരു ലോക്കൽ ചാനൽ പുറത്തു വിട്ടിരുന്നു. പോലീസ് വാഹനത്തിൽ കയറാൻ പേടിയാണെന്നും തന്നെ വെറുതെ വിടണമെന്ന് യുവാവ് ആവശ്യപ്പെടുന്നതും വീഡിയോയിൽ വ്യക്തമായി കാണുവാൻ കഴിയും.
ഇറങ്ങടാ എന്ന് ആക്രോശിച്ചു കൊണ്ട് പോലീസ് ഡോർ തുറക്കാൻ ശ്രെമിക്കുകയും, പേടിച്ചരണ്ട യുവാവ് അച്ചാ എന്നെ പോലീസ് പിടിച്ചെന്നും ഫോണിൽ വിളിച്ച് പറയുന്നതും കേൾക്കുവാൻ കഴിയും. എന്നാൽ യുവാവിനെ ബലം പ്രയോഗിച്ചാണ് പോലീസ് വാഹനത്തിൽ നിന്നും പിടിച്ചിറക്കുന്നത്.
എന്നാൽ തിരിച്ച് ഒന്നും ആക്രമിക്കുക പോലും ചെയ്യാത്ത പേടിച്ചരണ്ട യുവാവിനെ പോലീസ് ബലം പ്രയോഗിച്ച് ഇറക്കുന്നതിനെതിരെ സോഷ്യൽ മീഡിയയിൽ പ്രതിക്ഷേധം ഉയരുന്നുണ്ട്. ഒരു രാഷ്ട്രീയ നേതാവായിരുന്നെങ്കിൽ പോലീസ് ഇങ്ങനെ പെരുമാറുമോ എന്ന ചോദ്യം സോഷ്യൽ മീഡിയയിൽ പലരും ഉയർത്തുന്നു.
യുവാവിനെതിരെ ബല പ്രയോഗം നടത്തിയതിൽ സോഷ്യൽ മീഡിയായിൽ പ്രതിക്ഷേധം ഉയരുന്നുണ്ടങ്കിലും, പൊലീസിന് അനുകൂലമായ നിലപാടിലാണ് മറ്റൊരു വിഭാഗം ജനങ്ങൾ.
നിയമലംഘനം നടത്തിയ യുവാവിനെതിരെ കേസ് എടുത്ത് വാഹനം പിടിച്ചെടുക്കുന്നതിൽ തെറ്റൊന്നുമില്ല. എന്നാൽ ഒന്ന് ധാർഷ്ട്യത്തോടെ പോലും സംസാരിക്കാത്ത യുവാവിനെ ബലമായി വലിച്ചിറക്കിയത് മോശമായ നടപടിയാണെന്നുമുള്ള അഭിപ്രായവുമാണ് ഭൂരിഭാഗം ജനങ്ങൾക്കും.
എന്നാൽ ഇത്തരം ബലപ്രയോഗങ്ങൾ പലതും ശ്രെദ്ധയിൽ പെട്ടപ്പോൾ ഡി ജി പി തന്നെ ബല പ്രയോഗം പാടില്ലെന്ന് ഉത്തരവിറക്കുകയായിരുന്നു. ഡി ജി പിയു ഉത്തരവ് ഇങ്ങനെയാണ്..
“പരിശോധനയ്ക്കിടെ പോലീസുകാർ പൊതുജനങ്ങളോട് അപമര്യാദയായി പെരുമാറിയാൽ മുതിർന്ന ഉദ്യോഗസ്ഥരെയും ഉത്തരവാദികളാക്കി കർശന നടപടിയെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. അത്തരം സംഭവങ്ങൾ ഒരു സ്ഥലത്തും നടക്കുന്നില്ലെന്ന് ഉറപ്പ് വരുത്താനുള്ള ഉത്തരവാദിത്തം ഇൻസ്പെക്ടർമാർക്കും അതിനു മുകളിലുള്ള ഓഫീസർമാർക്കും ആണെന്ന് അദ്ദേഹം വ്യക്തമാക്കി.
പാൽ വിതരണക്കാർ, മരുന്നും മത്സ്യവും കൊണ്ടുപോകുന്ന വാഹനങ്ങൾ എന്നിവ തടഞ്ഞതായും ചില സ്ഥലങ്ങളിൽ പോലീസ് അനാവശ്യമായി ബലം പ്രയോഗിച്ചതായും അപമര്യാദയായി പെരുമാറിയതായും ശ്രദ്ധയിൽ പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നിർദ്ദേശം. ബേക്കറിയും മരുന്നുകടകളും പോലീസ് അടപ്പിച്ചതായും റിപ്പോർട്ട് ഉണ്ടായിരുന്നു.
അടച്ചുപൂട്ടലിന്റെ ഈ ഘട്ടത്തിൽ പൊതുജനങ്ങളോട് വിനയത്തോടെയും എന്നാൽ ദൃഢമായും പെരുമാറേണ്ടത് ഓരോ പോലീസുകാരന്റെയും ഉത്തരവാദിത്തമാണെന്ന് സംസ്ഥാന പോലീസ് മേധാവി ഓർമ്മിപ്പിച്ചു. പോലീസുകാർ ചെയ്ത നല്ല കാര്യങ്ങളും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. മുതിർന്ന പൗരൻമാരെയും പാവപ്പെട്ടവരേയും സഹായിക്കാൻ പോലീസ് പരമാവധി ശ്രമിക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു”