പുതുവത്സരത്തലേന്ന് കോട്ടയം കുമരകത്ത് പൊലീസുകാരന്റെ വീടിനു നേരെ ‘മിന്നല്‍ മുരളി’ ആക്രമണം. വീടിന്റെ വാതിലും ജനലും അടിച്ചു തകര്‍ത്ത ശേഷം ചുമരില്‍ മിന്നല്‍ മുരളി ഒര്‍ജിനല്‍ എന്ന് എഴുതിവയ്ക്കുകയായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനായ ചെമ്പിത്തറ ഷാജിയുടെ വീടിനു നേരെയാണ് ആക്രമണമുണ്ടായത്.
കോട്ടയം റെയില്‍വേ സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥനായ ഷാജിയും ഭാര്യ മഞ്ജുവും മൂന്നു മക്കളും വെച്ചൂരാണ് ഇപ്പോള്‍ താമസം. നാട്ടുകാര്‍ വിളിച്ചറിയിച്ചതിനെ തുടര്‍ന്നാണ് ഷാജി വിവരമറിയുന്നത്. വീടിന്റെ കതകും ജനല്‍ച്ചില്ലും അടിച്ചു തകര്‍ത്തതിനോടൊപ്പം തിണ്ണയില്‍ മലമൂത്ര വിസര്‍ജനം നടത്തിയിട്ടുമുണ്ട്. ശുചിമുറിയും തകര്‍ത്തു. വീട്ടുവാതില്‍ സമീപത്തെ തോട്ടിലേക്ക് വലിച്ചെറിഞ്ഞ നിലയിലായിരുന്നു.
രണ്ടാഴ്ച മുമ്പ് ഇവിടെ മദ്യപിക്കാനെത്തിയ യുവാക്കളെ വീട്ടുടമ പറഞ്ഞയച്ചിരുന്നു. കഴിഞ്ഞരാത്രി കുമരകം പോലീസ് നടത്തിയ പരിശോധനയില്‍ മദ്യപാനികളെ കണ്ടെത്തി ഇവിടെനിന്നു ഓടിക്കുകയും ചെയ്തതിന്റെ പ്രതികാരമാണ് വീടാക്രമണമെന്നാണ് പോലീസിന്റെ നിഗമനം. പരാതി ലഭിച്ചെന്നും പ്രതികളെ കുറിച്ച് അന്വേഷണം നടക്കുകയാണ് എന്നും കുമരകം എസ്.ഐ എസ് സുരേഷ് പറഞ്ഞു.










Manna Matrimony.Com
Thalikettu.Com






