കോട്ടയം: എട്ടാം വയസില്‍ അസാമാന്യ ധൈര്യത്തോടെ തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമത്തില്‍ നിന്നും കോട്ടയം പട്ടണത്തില്‍ വന്നിറങ്ങിയ റോസന്ന. സ്വന്തം ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ അവര്‍ കണ്ടെത്തിയത് അടുക്കളപ്പുറങ്ങളിലെ ജോലികള്‍.
തമിഴ്‌നാട്ടില്‍ നിന്നെത്തി വര്‍ഷങ്ങള്‍ക്കിപ്പുറം കോലക്കേസില്‍ പ്രതിയാകുന്നത് വരെ സംഭവ ബഹുലമായ ജിവിതത്തിലൂടെയാണ് റോസന്ന എന്ന യുവതി കടന്ന് പോയത്. ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന് സംശയത്തെ തുടര്‍ന്ന് ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്ത പുതുപ്പള്ളി കാഞ്ഞിരത്തുംമൂട് പെരുങ്കാവ് പടനിലം വീട്ടില്‍ മാത്യു എബ്രഹാമിന്റെ (സിജു) ഭാര്യ റോസന്നയുടെ ജീവിതം സിനിമാക്കഥകളെ വെല്ലുന്നതാണ്.
തമിഴ്‌നാട്ടില്‍ നിന്നും എട്ടാം വയസ്സിലാണ് റോസന്ന കോട്ടയത്ത് എത്തിയതെന്നാണ് ഇവര്‍ക്ക് അഭയം നല്‍കിയ സാന്ത്വനം ഡയറക്ടര്‍ ആനി ബാബു പറയുന്നത്.
28 വയസ് വരെ പല വീടുകളിലും ജോലി ചെയ്താണ് റോസന്ന വരുമാനം കണ്ടെത്തിയിരുന്നത്. 32 ാം വയസിലായിരുന്നു സിജുവുമായുള്ള വിവാഹം. സാമൂഹിക പ്രവര്‍ത്തകനും സന്നദ്ധപ്രവര്‍ത്തനങ്ങളില്‍ സജീവ മുഖവുമായിരുന്ന സിജു, ആനിബാബുവിനെ കണ്ട് റോസന്നയെ വിവാഹം കഴിക്കാനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.
തുടര്‍ന്ന് ഇരുവരും പുതുപ്പള്ളിയിലെ വീട്ടില്‍ താമസമാക്കി. വിവാഹം കഴിഞ്ഞത് മുതല്‍ അസ്വസ്ഥതകളും സംശയരോഗവും റോസന്ന പ്രകടിപ്പിച്ചിരുന്നതായി സിജു ബന്ധുക്കളോട് പറഞ്ഞിരുന്നു. സിജുവിന്റെ ബന്ധുക്കളായ സ്ത്രീകളോ മറ്റാളുകളോ വീട്ടിലെത്തുന്നത് റോസന്നക്ക്ഇ ഷ്ടമായിരുന്നില്ല. ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കവും പതിവായിരുന്നു.
മുന്ഡപ് സമാനരീതിയില്‍ പ്രശ്‌നങ്ങളുണ്ടായപ്പോള്‍ പിങ്ക് പൊലീസും വനിതാഹെല്‍പ് ലൈനും അടക്കമുള്ളവര്‍ എത്തിയാണ് പ്രശ്‌നം പരിഹരിച്ചിരുന്നത്. ഇടക്കാലത്ത് അസ്വസ്ഥതകള്‍ കൂടിയതോടെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കിലും കോവിഡ് ബാധിച്ചതോടെ തിരികെ വരികയായിരുന്നു. അടുത്ത ദിവസങ്ങളില്‍ തിരുവനന്തപുരത്തെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പോകാനിരിക്കെയാണ് ദാരുണമായ സംഭവം അരങ്ങേറിയത്.