കോട്ടയം: മാങ്ങാനം നരസിംഹസ്വാമി ക്ഷേത്രത്തിന് സമീപം ബാങ്ക് ഉദ്യോഗസ്ഥനായ യുവാവിനെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്യോഷണം നടത്താൻ പോലീസ്.
കോട്ടയം മാങ്ങാനം പൈങ്ങളത്ത് വിഷ്ണു ഭാസ്ക്കറിനെ (28) ആണ് ഇന്നലെ രാവിലെ തീകൊളുത്തി ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രാവിലെ പത്ത് മണിയോടെയാണ് സംഭവം. മാതാപിതാക്കളും വീട്ടുകാരും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പോയിരിക്കുകയായിരുന്നു.
വീടിനു സമീപം ഇവർ വാടകയ്ക്ക് നൽകിയ മറ്റൊരു വീട് ഉണ്ടായിരുന്നു. ആ വീട്ടിലെ മുറിയിൽ എത്തിയാണ് വിഷ്ണു മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ആത്മഹത്യ ചെയ്യാൻ എന്താണ് കാരണം എന്ന് പൊലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇനി പരിശോധിക്കേണ്ടതുണ്ട് . ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തിയാൽ മാത്രമേ വ്യക്തത കൈവരുകയുള്ളൂ.

തുടർ അന്വേഷണത്തിനായി വിഷ്ണുവിന്റെ മൊബൈൽ ഫോൺ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യാക്കുറിപ്പ് ഒന്നും തന്നെ വീട്ടിൽനിന്ന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മാതാപിതാക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും മൊഴി രേഖപ്പെടുത്തി. വിശദമായ തുടരന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം. സംഭവം നടന്ന സ്ഥലത്ത് ഇൻക്വസ്റ്റ് പരിശോധനകൾ ഇന്നലെ തന്നെ പൂർത്തിയാക്കി.
Related News:
തിരുവോണദിവസം വീട്ടിൽ ചെറിയ വഴക്ക് ഉണ്ടായിരുന്നതായി വീട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. വീട്ടിൽ ഉണ്ടായ വഴക്ക് വളരെ ചെറിയ കാര്യങ്ങൾക്ക് വേണ്ടി ആയിരുന്നു എന്ന് ബന്ധുക്കൾ പറയുന്നു. അതിനുശേഷവും എല്ലാവരുമായും സൗഹൃദത്തോടെ പെരുമാറുന്ന നിലയാണ് വിഷ്ണുവിൽ നിന്ന് ഉണ്ടായിട്ടുള്ളത് എന്ന് മാതാപിതാക്കൾ മൊഴി നൽകി.
എന്നാൽ എല്ലാവരോടും നന്നായി പെരുമാറുന്ന പ്രകൃതമാണ് വിഷ്ണുവിന്റെത് എന്നാണ് ബന്ധുക്കളും നാട്ടുകാരും പറയുന്നത്. അതുകൊണ്ടുതന്നെ വിഷ്ണു ആത്മഹത്യ ചെയ്തു എന്ന വിശ്വസിക്കാനാവാത്ത നിലയിലാണ് ബന്ധുക്കളും സുഹൃത്തുക്കളും. വിവാഹ സ്ഥലത്തേക്ക് വിഷ്ണു പിന്നീട് എത്താമെന്ന് അറിയിച്ചിട്ടുള്ളതായി ബന്ധുക്കൾ പറയുന്നു.

വിഷ്ണുവിന് ഒരു പ്രണയം ഉണ്ടായിരുന്നതായും സുഹൃത്തുക്കളിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. എന്നാൽ ഈ പ്രണയത്തിന് വീട്ടുകാരുടെ അറിവ് ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ഇതിൽ എന്തെങ്കിലും വിള്ളൽ നടന്നിട്ടുണ്ടോ എന്ന് കാര്യം പോലീസ് പരിശോധിക്കുന്നുണ്ട്. ഫോൺ പരിശോധിച്ച ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമമായ വ്യക്തത കൈവരുകയുള്ളൂ.
അതി ഭീകരമായ പൊള്ളലേറ്റുള്ള ആത്മഹത്യാ രീതി ഇത്രയും വിദ്യാസമ്പന്നനായ യുവാവ് തിരഞ്ഞെടുക്കുമോ എന്ന ചോദ്യവും നാട്ടുകാരും , സൃഹൃത്തുക്കളും ഉയർത്തുന്നുണ്ട് . പെട്ടെന്നുണ്ടായ എന്തെങ്കിലും പ്രകോപനമാണോ ഇത്തരത്തിലൊരു രീതി തിരഞ്ഞെടുക്കാൻ യുവാവിനെ പ്രേരിപ്പിച്ചതെന്നൊന്നും വ്യക്തമല്ല .
വിഷ്ണുവിന് ആനകളോട് വലിയ കമ്പമാണ്. വിഷ്ണുവിന്റെ ഫെസ്ബൂക് പോസ്റ്റുകളിലും മറ്റും ആനക്കമ്പം മുതലെടുത്തുള്ള ഫോട്ടോകൾ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട മറ്റെന്തെങ്കിലും കാരണമാണോ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് നാട്ടുകാരും സംശയിക്കുന്നു..

മുറിയിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് ഓടിയെത്തിയപ്പോഴാണ് ആണ് തീ കൊളുത്തിയ നിലയിൽ വിഷ്ണുവിനെ കണ്ടെത്തിയത്. അയൽവക്കംകാർ ബഹളം വെച്ചപ്പോൾ അടുത്ത കടയുടമ ഓടിയെത്തിയിരുന്നു. സമീപവാസികൾ കതക് തകർത്ത് അകത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
തീ പടർന്ന് ജനൽ പാളികൾ ഉൾപ്പെടെ തകർന്ന നിലയിലാണ്. മുറിയുടെ ചുമരുകൾ മുഴുവനും കത്തിക്കരിഞ്ഞിരിക്കുകയാണ്. കത്തിക്കരിഞ്ഞ നിലയിലായിരുന്നു മൃതദേഹം. സൗത്ത് ഇന്ത്യൻ ബാങ്ക് കോഴഞ്ചേരി ബ്രാഞ്ചിലെ ഉദ്യോഗസ്ഥനായ വിഷ്ണു ഭാസ്‌ക്കർ അവിവാഹിതനാണ്. വിഷ്ണുവിന്റെ സഹോദരി ശരണ്യ വിവാഹിതയാണ്.
(ശ്രദ്ധിക്കുക.. ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056 )










Manna Matrimony.Com
Thalikettu.Com







