കുമ്മനം രാജശേഖരനെതിരെയുള്ള സാമ്പത്തിക തട്ടിപ്പ് കേസില്‍ പൊലീസ് അന്വേഷണം തുടങ്ങി. പണമിടപാടുകളുമായി ബന്ധപ്പെട്ട രേഖകളായിരിക്കും പൊലീസ് ആദ്യം പരിശോധിക്കുക. പണമിടപാടുകള്‍ നടന്നത് ബാങ്ക് അക്കൗണ്ടുകള്‍ വഴിയാണ് നടന്നത് എന്നാണ് റിപ്പോര്‍ട്ട്. പ്രതികളുടെ മൊഴിയെടുക്കുന്നതിനായി ഇന്ന് നോട്ടീസ് നല്‍കിയേക്കും.
അന്വേഷണ ഉദ്യേഗസ്ഥര്‍ വീണ്ടും പരാതിക്കാരന്റെ മൊഴിയെടുക്കും. കഴിഞ്ഞ ദിവസം ഇയാളുടെ വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം. തട്ടിപ്പ് സംബന്ധിച്ച് കൂടുതല്‍ തെളിവുകള്‍ പൊലീസ് ശേഖരിക്കുകയാണ്. പരാതിക്കാരന്റെയും ആരോപണ വിധേയരായ കുമ്മനത്തിന്റെ മുന്‍ പിഎ പ്രവീണ്‍ വി.പിള്ള, ന്യൂ ഭാരത് ടെക്‌നോളജി ഉടമ വിജയന്‍ എന്നിവരുടെ ബാങ്ക് രേഖകളും വരും ദിവസങ്ങളില്‍ പരിശോധിക്കും.
അതേസമയം, കുമ്മനം രാജശേഖരനും മുന്‍ പി.എ. പ്രവീണും പ്രതിചേര്‍ക്കപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമം. പരാതിക്കാരാനായ ആറന്മുള സ്വദേശി ഹരികൃഷ്ണന് പണം തിരികെ നല്‍കാമെന്ന് സ്ഥാപന ഉടമ വ്യക്തമാക്കിയതോടെയാണ് പ്രശ്‌നപരിഹാരത്തിന് സാധ്യത തെളിയുന്നത്. സംഭവം വിവാദമായതോടെ കുമ്മനം രാജശേഖരന്‍ കഴിഞ്ഞ ദിവസം ആറന്മുളയിലെത്തി പാര്‍ട്ടി പ്രവര്‍ത്തകരും അടുത്ത സുഹൃത്തുക്കളുമായി ചര്‍ച്ച നടത്തി പ്രശ്‌ന പരിഹാരത്തിന് ശ്രമം നടത്തിയിരുന്നു. സാമ്പത്തിക തട്ടിപ്പില്‍ കുമ്മനത്തിനും തനിക്കും പങ്കില്ലന്നും ഇടപാടുകാരെ പരിചയപ്പെടുത്തി കൊടുക്കുക മാത്രമാണ് ചെയതതെന്നും മുന്‍ പി.എ. പ്രവീണ്‍ പ്രതികരിച്ചിരുന്നു.
അതേസമയം കേസില്‍ ചില ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ ബിജെപി നടത്തിയെങ്കിലും പണം തിരികെ കിട്ടാതെ കേസില്‍ നിന്ന് പിന്‍മാറില്ലെന്ന നിലപാടിലാണ് പരാതിക്കാരനനായ ഹരികൃഷ്ണന്.










Manna Matrimony.Com
Thalikettu.Com







