ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി നൂറിന്റെ നിറവില്‍ നില്‍ക്കുമ്പോള്‍, ജനനായകന്‍ വി.എസ് അച്യുതാനന്ദന് ഇന്ന് 97-ാം പിറന്നാള്‍. വി.എസ് എന്ന രണ്ടക്ഷരം മലയാളിക്ക് പോരാട്ടത്തിന്റെ പര്യായമാണ്. നാടുവാഴിത്തത്തിനെതിരായ സമരങ്ങളില്‍ തുടങ്ങി കര്‍ഷകര്‍ക്കും തൊഴിലാളിവര്‍ഗത്തിനും പിന്നീട് പരിസ്ഥിതിക്കും സ്ത്രീസമത്വത്തിനുമായി മാറ്റിവെച്ച എട്ട് പതിറ്റാണ്ട്.
കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് അതിഥികളെയും ഉറ്റവരെയും ഒഴിവാക്കി ആഘോഷങ്ങളില്ലാത്ത പിറന്നാള്‍ ദിനമാണ് വി എസിന്. എട്ട് പതിറ്റാണ്ട് നീണ്ട പോരാട്ടവഴികളില്‍ നിന്നും വിശ്രമത്തിലേക്ക് മാറിയ വര്‍ഷമാണ് കടന്നുപോയത്. പ്രസംഗങ്ങളും, പ്രചാരണങ്ങളുമില്ലെങ്കിലും എഴുതി തയ്യാറാക്കിയ പ്രസ്താവനകളിലൂടെ വിഎസ് ഇന്നും ലോകത്തോട് നിലപാട് പറയുന്നു. അപ്പോഴും ജനങ്ങളില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ട് ജനങ്ങളുടെ വികാരം ഉച്ചത്തില്‍ വിളിച്ചുപറയുന്ന വിഎസിന്റെ പൊതുവേദികളിലെ അസാന്നിദ്ധ്യം സംഭവബഹുലമായ ഈ കാലഘട്ടത്തില്‍ ഉണ്ടാക്കുന്ന ശൂന്യത ചെറുതല്ല.
കേരളകോണ്‍ഗ്രസ് എമ്മിന്‍െ എല്‍ഡിഎഫ് പ്രവേശനം, സ്വര്‍ണ്ണക്കടത്ത് വിവാദങ്ങള്‍, സ്പ്രിംഗ്ലര്‍, കണ്‍സള്‍ട്ടന്‍സികള്‍ അടക്കം ഇടത് നയവ്യതിയാനങ്ങള്‍, ഒരുവ്യക്തിയിലേക്ക് ചുരുങ്ങുന്ന സിപിഎം രാഷ്ട്രീയം, ദേശീയ തലത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ വിവാദ നിലപാടുകള്‍. പാര്‍ട്ടിക്കുള്ളിലും പുറത്തും ശരികേടുകളോട് കലഹിച്ച വിഎസിന്റെ വാക്കുകള്‍ കേരളം പ്രതീക്ഷിക്കുന്ന എത്രഎത്ര സംഭവങ്ങള്‍.
പുന്നപ്രവയലാര്‍ സമരനായകനായിട്ടാണ് വി.എസ് പോരാട്ടവഴികളില്‍ സജീവമാകുന്നത്. മരിച്ചെന്നുകരുതി സര്‍ സി.പിയുടെ പൊലീസ് വലിച്ചെറിഞ്ഞ കാട്ടില്‍ നിന്നും ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റ വി.എസ് ആ പോരാട്ടവീര്യം പിന്നീടുള്ള ജീവിതത്തിലുടനീളം അത് കാത്തുസൂക്ഷിച്ചു.
സംഘടനാരംഗത്ത് അതിവേഗത്തിലായിരുന്നു വി.എസിന്റെ വളര്‍ച്ചയെങ്കിലും പാര്‍ലമെന്ററി രംഗത്ത് ഏറിയും കുറഞ്ഞുമാണ് വി.എസ് ഓരോ പടികളും കയറിയത്. മലയാളികളെ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യം പ്രവൃത്തിയിലൂടെ ബോധ്യപ്പെടുത്തിയ മുഖ്യമന്ത്രി, ഭരണകൂടത്തെ വിറപ്പിച്ച പ്രതിപക്ഷ നേതാവ്. പാര്‍ലമെന്ററി രംഗത്ത് വി.എസ് തീര്‍ത്ത ചലനങ്ങള്‍ ചരിത്രത്തിന്റെ ഭാഗമാണ്.
പലപ്പോഴും മത്സരിക്കാന്‍ സീറ്റ് നിഷേധിച്ചെങ്കിലും ജനങ്ങള്‍ ഇടപെട്ട് പാര്‍ട്ടിയുടെ നിലപാട് തിരുത്തുകയായിരുന്നു. വി.എസിന് മലയാളി നല്‍കിയ ഇടം ഇനിയൊരു നേതാവിന് ലഭിക്കുമോ എന്ന കാര്യം സംശയമാണ്.
വിഎസിന്റെ തകര്‍പ്പന്‍ പ്രസംഗങ്ങള്‍ മാധ്യമങ്ങളിലും സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞോടുന്നതാണ് അണികള്‍ക്കും ആരാധകര്‍ക്കും ഇന്നും ആവേശം. 2001ല്‍ പ്രതിപക്ഷ നേതാവായത് മുതലാണ് വിഎസിന്റെ പിറന്നാളും പൊതുകാര്യമാകുന്നത്. കഴിഞ്ഞ 19 വര്‍ഷമായി തുടരുന്ന പിറന്നാള്‍ കാഴ്ച്ചകളൊന്നും ഇത്തവണയില്ല. വിഎസിന്റെ പിറന്നാള്‍ വീട്ടിലെ കേക്കുമുറിക്കലില്‍ ചുരുക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
ഡോക്ടര്‍മാരുടെ നിര്‍ദ്ദേശവും കൊവിഡ് മാനദണ്ഡങ്ങളും കണക്കിലെടുത്താണ് കുടുംബാംഗങ്ങള്‍ അതിഥികളെ ഒഴിവാക്കുന്നത്. പ്രായാധിക്യത്തില്‍ അനിവാര്യമായ വിശ്രമത്തിലേക്ക് വിഎസ് മാറുമ്പോള്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും വിഎസിന് പകരം വിഎസ് മാത്രം.










Manna Matrimony.Com
Thalikettu.Com







