കോട്ടയം: പുതുപ്പള്ളി പള്ളി കോട്ടയം ബൈപാസ്സ് റോഡ് തകർന്നിട്ട് മാസങ്ങളാകുന്നു. വാഹന യാത്രക്കാർ ജീവൻ പണയം വെച്ചാണ് ഇതുവഴി സഞ്ചരിക്കുന്നത്. റോഡിനിരുവശവും പാടത്താൽ നിറഞ്ഞ ഈ പ്രദേശത്തു വാഹനം അപകടത്തിൽ പെട്ടാൽ പാടത്തേക്ക് മറിയുക തന്നെ ചെയ്യും എന്ന് ഏതാണ്ട് ഉറപ്പാണ്.
പുതുപ്പള്ളി പള്ളിയെയും കോട്ടയത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന ഈ ചെറിയ ബൈപാസ് ചങ്ങനാശ്ശേരി ഭാഗത്തു നിന്നും കോട്ടയത്തേക്ക് പോകുന്ന വാഹങ്ങൾക്ക് പുതുപ്പള്ളി കവല ചുറ്റാതെ മാങ്ങാനം പാലൂർപടിയിൽ എത്തുവാൻ വേണ്ടിയുള്ള ഉദ്ദേശത്തിലാണ് പണി കഴിപ്പിച്ചത്.
പുതുപ്പള്ളി പള്ളിയുടെ സമീപത്തു നിന്നും ആരംഭിക്കുന്ന ഈ ബൈപാസ് മാങ്ങാനം പാലൂർപടിയിലാണ് അവസാനിക്കുന്നത്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്തു 2011 ൽ നിയമസഭാ പാസാക്കി, നിർമിച്ചതാണ് കൊട്ടാരത്തിൽ കടവ് – പുതുപ്പള്ളി അങ്ങാടി – മാങ്ങാനം റോഡ്. നിരവധിയാളുകളാണ് ഈ റോഡിനെ ആശ്രയിക്കുന്നത്. ഈ റോഡ് വന്നതോട് കൂടി പുതുപ്പള്ളി കവലയിലുള്ള വാഹന തിരക്കും കുറെയേറെ കുറഞ്ഞിരുന്നു
കുണ്ടും കുഴിയും നിറഞ്ഞ ഈ റോഡിൽ, വെള്ളം കെട്ടി നിൽക്കുന്നത് മൂലം കാൽനടയാത്രക്കാർക്ക് പോലും യാത്ര ബുദ്ധിമുട്ട് ആകുകയാണ്. നിരവധിയാളുകൾ പ്രഭാത സവാരിക്കുപയോഗിക്കുന്നതാണ് ഈ റോഡ്.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ അന്ന് ഉത്ഘാടനം ചെയ്ത ഈ റോഡാണ് ഇന്ന് നേരാം വിധം നടക്കാൻ പോലും കഴിയാതെ തകർന്നിരിക്കുന്നത്. റോഡ് എത്രയും വേഗം അറ്റകുറ്റപണികൾ തീർത്തു സഞ്ചാരയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം