ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണില്‍ കുത്തി; മന്ത്രി കെ.ടി. ജലീല്‍ വാശി കാണിച്ചത് എന്തിനെന്നു മനസ്സിലാകുന്നില്ല; സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് വെള്ളാപ്പള്ളി നടേശന്‍

സംസ്ഥാന സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയുടെ വൈസ് ചാന്‍സലര്‍ നിയമനത്തെച്ചൊല്ലി സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. തലസ്ഥാനത്തു ഗുരുദേവ പ്രതിമ അനാച്ഛാദനം ചെയ്ത ചടങ്ങില്‍ സമുദായ നേതൃത്വത്തിനു പ്രതിനിധ്യം നല്‍കാത്തതിനെയും വെള്ളാപ്പള്ളി വിമര്‍ശിച്ചു. എസ്എന്‍ ട്രസ്റ്റ് സെക്രട്ടറിയായി ചുമതലയേല്‍ക്കാന്‍ കൊല്ലത്ത് എത്തിയതായിരുന്നു വെള്ളാപ്പള്ളി.

ഇടതുപക്ഷ സര്‍ക്കാര്‍ ശ്രീനാരായണീയ സമൂഹത്തിന്റെ കണ്ണില്‍ കുത്തി. അധസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയില്‍ നിന്നും ആട്ടിയകറ്റുന്ന പതിവ് ഈ സര്‍ക്കാര്‍ ആവര്‍ത്തിച്ചു. പിന്നാക്ക- അധഃസ്ഥിത വിഭാഗങ്ങളെ അധികാര ശ്രേണിയില്‍ നിന്നു ആട്ടിയകറ്റുന്ന പതിവ് സര്‍ക്കാര്‍ ആവര്‍ത്തിച്ചത് അങ്ങേയറ്റം അപലപനീയമാണ്. ഈഴവ സമുദായത്തെ സര്‍ക്കാര്‍ ചതിച്ചു എന്നും വെള്ളാപ്പള്ളി ആരോപിച്ചു.

തിരുവനന്തപുരത്തു ഗുരുേദവ പ്രതിമ സ്ഥാപിച്ചപ്പോഴും ഗുരുേദവന്റെ പേരില്‍ സര്‍വകലാശാല സ്ഥാപിച്ചപ്പോഴും സമുദായവും പൊതുസമൂഹവും ഏറെ ആഹ്ലാദിച്ചതാണ്. പക്ഷേ സര്‍വകലാശാലയുടെ തലപ്പത്തെ നിയമനം വന്നപ്പോള്‍ അതു സമുദായത്തെ ആകെ നിരാശപ്പെടുത്തി. സര്‍വകലാശാല സ്ഥാപിക്കപ്പെട്ട ഉദ്ദേശത്തിന്റെ തന്നെ ശോഭ കെടുത്തിക്കളഞ്ഞ നടപടി ആയിപ്പോയി അത്. ഇടതുപക്ഷ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്കും അതു മങ്ങലേല്‍പിച്ചു.

എസ്എന്‍ഡിപി യോഗത്തിന്റെ ആദ്യ അധ്യക്ഷന്റെ പേരില്‍ സ്ഥാപിക്കപ്പെടുന്ന സര്‍വകലാശാലയുടെ ആദ്യ വൈസ് ചാന്‍സലര്‍ ആയി ശ്രീനാരായണീയനെ നിയമിക്കാതെ മന്ത്രി കെ.ടി. ജലീല്‍ വാശി കാണിച്ചത് എന്തിനെന്നു മനസ്സിലാകുന്നില്ല. ഇടതുപക്ഷം ഭരിക്കുമ്പോള്‍ അങ്ങനെ സംഭവിക്കാന്‍ പാടില്ലായിരുന്നു, നവോത്ഥാനം പ്രത്യേക മുദ്രാവാക്യമായി കൊണ്ടു നടക്കുമ്പോള്‍ പ്രത്യേകിച്ചും.

ശ്രീ നാരായണീയ സമൂഹത്തിനുണ്ടായ ഹൃദയ വേദനയ്ക്കു മന്ത്രി കെ.ടി ജലീലും സംസ്ഥാന സര്‍ക്കാരും മറുപടി പറയണം. ജലീലിന്റെ വാശിക്കു സര്‍ക്കാര്‍ കീഴടങ്ങാന്‍ പാടില്ലായിരുന്നു. പുത്തരിയില്‍ കല്ലു കടിച്ചതിനു സര്‍ക്കാര്‍ മറുപടി പറയണം.

Exit mobile version