കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം മാതൃകാപരമായി ദഹിപ്പിച്ച് കത്തോലിക്കാ സഭ

ആലപ്പുഴ: കോവിഡ് സംസ്കാരത്തിലും മാതൃകകാട്ടി കത്തോലിക്ക സഭ തങ്ങളുടെ സ്വന്തം സെമിത്തേരിയിൽ കോവിഡ് ബാധിച്ച് മരിച്ച സ്ത്രീയുടെ മൃതദേഹം ദഹിപ്പിച്ചു. ആലപ്പുഴ മാരാരിക്കുളത്ത് ഇന്നലെ മരിച്ച ത്രേസ്യാമ്മയുടെ മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇടവക സെമിത്തേരിയിൽ ദഹിപ്പിച്ചു.

കോട്ടയത്ത് കഴിഞ്ഞ ദിവസമാണ് കോവിഡ് രോഗിയുടെ മൃതദേഹം വെച്ച് വില പറയേണ്ട അവസ്ഥ ഉണ്ടായത്. സി എസ ഐ സഭയിലെ വിശ്വാസിയായിരുന്നു വ്യക്തി പെന്തക്കോസ്തിലേക്ക് മാറിയെന്നു ആരോപിച്ചാണ് സി എസ ഐ സഭ മൃതദേഹം അടക്കാൻ വിസമ്മതിച്ചത്.

പെന്തകൊസ്തുകാരാവട്ടെ, തങ്ങൾക്കു മൃതദേഹം കുഴിച്ചിടാനുള്ള സൗകര്യം ഇല്ലെന്നും പൊതുവായ സെൽ മാത്രമേ ഉള്ളൂവെന്നും പറഞ്ഞു കൈമലർത്തി.

ഇതിനുശേഷം മുട്ടമ്പലത്തുള്ള നഗര സഭ ശ്മശാനത്തിൽ എത്തിച്ചപ്പോൾ ആണ് അവിടെയുള്ള പരിസരവാസികൾ പ്രതിക്ഷേധവുമായി വഴി തടഞ്ഞത്. അറിവിന്റെ നാടായ അക്ഷരനഗരി യെന്ന കോട്ടയം ജില്ല ലോക ജനതയ്ക്ക് മുൻപിൽ നാണം കെട്ട് തല കുനിച്ച ദിവസമായിരുന്നു അന്ന്. മൃതദേഹത്തിനു പോലും ആദരവ് ലഭിക്കാത്തതിൽ വൻ പ്രതിക്ഷേധം ഉയർന്നതിനെ തുടർന്ന് വൻ പോലീസ് സന്നാഹം എത്തി മൃതദേഹം അടക്കം ചെയ്യുകയായിരുന്നു.

ഇത്തരം ഒരു സംഭവത്തിന്റെ പശ്ചാത്തലത്തിൽ സി എസ് ഐ സഭക്കെതിരെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൻ തോതിലുള്ള പ്രതിക്ഷേധവും ഉയർന്നിരുന്നു. എന്നാൽ ഈ സംസ്കാരവുമായി ബന്ധപ്പെട്ട ആരോപണങ്ങൾ അപ്പാടെ നിഷേധിച്ച് സി എസ് ഐ സഭയും രംഗത്തെത്തിയിരുന്നു.

കോവിഡ് പ്രോട്ടോക്കോൾ അനുസരിച്ചു ക്രൈസ്തവ സഭകളുടെ ഇത്തരം സെല്ലിൽ മൃതദേഹം അടക്കം ചെയ്യാൻ സാധിക്കില്ലെങ്കിലും, ദഹിപ്പിച്ച് ചാരം ഇത്തരം സെല്ലുകളിൽ അടക്കുന്നതിൽ നിയമതടസ്സം ഇല്ലെന്നുമാണ് അറിയുവാൻ കഴിയുന്നത്. ഈ രീതിയാണ് കത്തോലിക്കാ സഭ മുൻപോട്ട് വെച്ചത്.

കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹം ദഹിപ്പിച്ച പുക തട്ടിയാൽ രോഗമുണ്ടാകുമെന്ന തരത്തിലുള്ള വ്യാജപ്രചാരണം അടക്കം പരക്കുമ്പോഴാണ് കത്തോലിക്കാ സഭയുടെ മാതൃകാപരമായ തീരുമാനം.

മാരാരിക്കുളം വടക്ക് പഞ്ചായത്ത് സ്വദേശിയാണ് ത്രേസ്യാമ്മ. വൃക്കരോഗത്തിന് ചികിത്സയിലായിരിക്കെ ഇന്നലെയാണ് വണ്ടാനം മെഡിക്കൽ കോളേജിൽ വച്ച് ഇവർ മരിച്ചത്. മരണശേഷമാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്.

ഇവരുടെ സംസ്കാര ചടങ്ങുകൾക്ക് നേതൃത്വം നൽകാൻ വൈദികരുടെ സംഘവുമുണ്ടായിരുന്നു. ഇപ്പോൾ ഇടവക സെമിത്തേരിയിൽ സംസ്കരിച്ച മൃതദേഹത്തിന്‍റെ ഭസ്മമെടുത്ത് സഭാ ചട്ടങ്ങൾ പാലിച്ച് സെമിത്തേരിയിലെ കല്ലറയിൽ അടക്കം ചെയ്യാനാണ് തീരുമാനം.

നിലവിൽ ആലപ്പുഴയിൽ പല ഇടത്തും കുഴിയെടുത്ത് കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് മൃതദേഹം അടക്കം ചെയ്യാനുള്ള സാഹചര്യമില്ലാത്തതിനാലാണ് മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകാൻ രൂപത തീരുമാനിച്ചത്.

മാതൃകാപരമായ തീരുമാനമെടുത്ത സഭാനേതൃത്വത്തെ ആലപ്പുഴ ജില്ലാ ഭരണകൂടം പ്രശംസിച്ചു. ആലപ്പുഴ ജില്ലാ ഭരണകൂടവും സഭാ ഭാരവാഹികളുമായി നടത്തിയ ചർച്ചകൾക്കു ശേഷമാണ് ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ വിശ്വാസികളെ തീരുമാനം അറിയിച്ചത്.

അതേസമയം, കൊവിഡ് മൂലം സഭാംഗങ്ങൾ മരിച്ചാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇവരുടെ മൃതദേഹങ്ങൾ സെമിത്തേരിയിൽ അടക്കം ചെയ്യാമെന്ന് സിഎസ്ഐ സഭയും തീരുമാനിച്ചിട്ടുണ്ട്. മധ്യകേരളം മഹാ ഇടവക ബിഷപ്പ് തോമസ് കെ ഉമ്മനാണ് ഇക്കാര്യം അറിയിച്ചത്. കോട്ടയത്ത് വയോധികന്‍റെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളിൽ സിഎസ്ഐ സഭയ്ക്ക് ബന്ധമില്ലെന്നും അദ്ദേഹം അറിയിച്ചു.

Exit mobile version