കോട്ടയം: ലോക്ക് ഡൗണിൽ കച്ചവടമില്ലാത്ത വ്യാപാരികളെയും, പാവപ്പെട്ടവരെയും ഊറ്റി പിഴിഞ്ഞു ചിട്ടി, ബ്ലേഡ് മാഫിയകൾ സജീവം. ലോക്ക് ഡൌൺ നിർദേശം മറികടന്നാണ് ഇപ്പോൾ പലിശക്കാർ പിരിവ് നടത്തുന്നത്. മുൻപ് ഇത്തരക്കാരിൽ നിന്നും ലോൺ എടുത്ത വ്യാപാരികളെയും, പാവപ്പെട്ട പൊതു ജനങ്ങളെയുമാണ് ലോക്ക് ഡൗണിന്റെ ആഘാതം തീരുന്നതിനു മുൻപ് ഇത്തരക്കാർ കൊല്ലാക്കൊല ചെയ്യുന്നത്.
ലോക്ക് ടൗണിന്റെ ആഘാതങ്ങൾ ജില്ലയിലൊരിടത്തും അവസാനിച്ചിട്ടില്ല. അതിനാൽ തന്നെ മിക്ക ചെറുകിട വ്യാപാരികൾക്കും കച്ചവടത്തിൽ നിന്ന് വരുമാനം ഉണ്ടായി തുടങ്ങിയിട്ടില്ല. സ്വന്തം കുടുംബം പോറ്റാൻ പോലുമുള്ള പണം വ്യാപാരികൾക്ക് ഇപ്പോൾ ലഭിക്കുന്നില്ല എന്നതാണ് വാസ്തവം.
നിർധനരായ വ്യക്തികളും കുടുംബങ്ങളുമാണ് അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി ഇത്തരം വ്യക്തികളിൽ നിന്നും പണം കടമെടുക്കുന്നത്. എന്നാൽ പലിശക്കാർ വീണ്ടും പണം പിരിവ് തുടങ്ങിയതോടെ സമ്മർദത്തിലായിരിക്കുകയാണ് കോട്ടയത്തെ വ്യാപാരികളും, പാവപ്പെട്ട പൊതുജനങ്ങളും.
കോട്ടയം ജില്ലയുടെ സമീപ പ്രദേശങ്ങളിൽ ഇത്തരം സംഘങ്ങൾ പിരിവു നടത്തുന്നുണ്ടന്നാണ് റിപ്പോർട്ടുകൾ. ഇത്തരത്തിൽ നിർബന്ധിത പിരിവു നടത്തുന്നത് ലോക്കഡോൺ ചട്ടങ്ങൾക്ക് വിരുദ്ധവുമാണ്. ബാങ്കുകൾ പോലും ജപ്തി നടപടികൾ ഉൾപ്പെടയുള്ളവയെല്ലാം മരവിപ്പിച്ചിരിക്കുകയാണ്.
ഇത്തരം മാഫിയകളുടെ ഗുണ്ടായിസം ഭയന്ന് ഇവർക്കെതിരെ പരാതിപ്പെടാൻ ആരും മുതിരുന്നില്ല. എന്നതാണ് വസ്തുത. ഇത്തരം അനധികൃത പിരിവുകൾ നടത്തുന്നവർക്കെതിരെ സർക്കാർ നടപടികൾ സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്.










Manna Matrimony.Com
Thalikettu.Com







