അഞ്ചൽ : പാമ്പായ പിതാവിൽ നിന്നും സ്വതന്ത്രനായി ധ്രുവ് ഇനി പാമ്പില്ലാത്ത വീട്ടിലേക്ക്. പുതിയ അച്ഛനമ്മമാരെ കണ്ട ധ്രുവിന് കാര്യമറിയാതെ അമ്പരപ്പ് . പിന്നീട് പുഞ്ചിരിയോടെ മുത്തച്ഛന്റെ ഒക്കത്തേക്ക്
സൂരജ് എന്ന കരിമൂർഖന്റെ ക്രൂരതയുടെ കഥയറിയാതെ അഞ്ചൽ ഏറം വെള്ളിശ്ശേരിൽ വീട്ടിലേക്കെത്തിയ ഒരു വയസ്സുകാരൻ ധ്രുവ് ഇനി മുത്തച്ഛന്റെയും മുത്തശ്ശിയുടെയും കരുതലിൽ വളരും. മൂർഖൻ പാമ്പിന്റെ കടിയേറ്റ്, ക്രൂരതയ്ക്കിരയായി മരിച്ച ഉത്രയുടെ മകനെ ഇന്നലെ ഉച്ചയോടെയാണ് അഞ്ചൽ പൊലീസ് ഉത്രയുടെ വീട്ടിൽ എത്തിച്ചത്.
ഉത്രയുടെ മരണത്തിനു പിന്നാലെ ഭർത്താവ് സൂരജ്, കുട്ടിയെ അടൂരിലെ തന്റെ വീട്ടിലേക്കു കൊണ്ടുപോയിരുന്നു. ശിശുക്ഷേമസമിതിയുടെ ഉത്തരവിന്റെ ബലത്തിലായിരുന്നു ഇത്. കേസിൽ സൂരജ് അറസ്റ്റിലായതോടെ കുട്ടിയുടെ സംരക്ഷണം പിതാവിന്റെ വീട്ടിൽ സുരക്ഷിതമല്ലെന്നു കണ്ട് കൊല്ലം ശിശുക്ഷേമ സമിതി മുൻ ഉത്തരവ് റദ്ദാക്കി, കുട്ടിയെ കൈമാറാൻ നിർദേശിച്ചു. തിങ്കളാഴ്ച വൈകിട്ട് അഞ്ചൽ പൊലീസ് സൂരജിന്റെ വീട്ടിൽ എത്തിയെങ്കിലും കുട്ടിയെ ബന്ധുവീട്ടിലേക്കു മാറ്റിയിരുന്നു. കുട്ടിയെ വിട്ടുകിട്ടാൻ ഉത്രയുടെ മാതാപിതാക്കൾ വനിതാ കമ്മിഷനെ സമീപിച്ചിരുന്നു.
തുടർന്ന് ഇന്നലെ രാവിലെ അടൂർ സിഐയുടെ നേതൃത്വത്തിൽ പൊലീസ് എത്തി കുട്ടിയെ വിട്ടുകൊടുക്കാതിരിക്കുന്നത് കുറ്റമാണെന്നു ബോധ്യപ്പെടുത്തി. ഇതോടെയാണ് ബന്ധുവീട്ടിൽ നിന്നു കുട്ടിയെ തിരികെ കൊണ്ടുവന്നത്. സൂരജിന്റെ പിതാവ് സുരേന്ദ്രനൊപ്പം കുട്ടിയെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തിയ ശേഷമാണ് അഞ്ചലിലെ വീട്ടിലേക്കു കൊണ്ടുപോയത്.










Manna Matrimony.Com
Thalikettu.Com







