കൊല്ലം: ഉത്രയുടെ മരണം കൊലപാതകമാണെന്ന പരാതിയിൽ ഉറച്ചു നിന്ന കുടുംബത്തിന്റെ മൊഴിയും കൊലപാതകം സ്വാഭാവിക മരണമാക്കാൻ സൂരജ് ആവർത്തിച്ച നുണകളുമാണ് പൊലീസിനെ പ്രതിയിലേക്കെത്തിച്ചത്. ഉത്രയുടേത് സ്വാഭാവിക മരണമാണെന്ന് വരുത്തി തീർക്കാൻ മെനഞ്ഞ കെട്ടുകഥകൾ പൊലീസ് അന്വേഷണത്തിനുമുന്നിൽ ചീട്ടുകൊട്ടാരം പോലെ തകർന്നടിയുകയായിരുന്നു.
ഉത്ര മരിച്ചതിന്റെ രണ്ടാം ദിനം തന്നെ ഇതൊരു കൊലപാതകമാണെന്നും ഭർത്താവ് സൂരജ് തന്നെയാണ് കൊലപ്പെടുത്തിയതെന്നും മനസിലാക്കിയ അഞ്ചൽ സബ് ഇൻസ്പെക്ടർ പുഷ്പകുമാറാണ് ഈ സംഭവത്തിലെ നായകൻ.
ഉത്ര മരിച്ച ദിവസം സംഭവ സ്ഥലം സന്ദർശിച്ച പുഷ്പകുമാറിന് മരണത്തിൽ സംശയം തോന്നിയിരുന്നു. ഇതോടെ സംഭവദിവസം ഉത്രയുടെ വീട്ടിലുണ്ടായിരുന്ന സഹോദരൻ വിഷുവിനേയും ഭർത്താവ് സൂരജിനേയും ചോദ്യംചെയ്യാൻ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. സഹോദരിയെ നഷ്ടപ്പെട്ട വിഷുവിനോടും ഭാര്യ മരിച്ച ദുഃഖത്തിൽ കഴിയുന്ന സൂരജിനോടും വളരെ സൗമ്യമായാണ് പുഷ്പകുമാർ കാര്യങ്ങൾ ചോദിച്ചത്. എന്നാൽ തന്റെ ഒരൊറ്റ ചോദ്യത്തിൽ ഭർത്താവ് സൂരജ് പതറിയത് പുഷ്പകുമാർ മനസിലാക്കി.
പൊലിസ് ബുദ്ധിയിൽ ഉരുത്തിരിഞ്ഞ ആ ചോദ്യം ഇതായിരുന്നു. ‘ബാഗിലാക്കി നീ പാമ്പിനെ കൊണ്ടുവന്ന പ്ലാസ്റ്റിക് ജാർ എവിടെയൊളിപ്പിച്ചു’ . ആ ചോദ്യം കേട്ട സൂരജ് വിറയ്ക്കുന്നത് ശ്രദ്ധിച്ച പുഷ്പകുമാർ അന്നേ മനസ്സിൽ ഉറപ്പിച്ചു ഇതൊരു ആസൂത്രിത കൊലപാതകം തന്നെയെന്നും, കൊലയാളിയാണ് തന്റെ മുൻപിൽ നിൽക്കുന്നതെന്നും.
തുടർന്ന് സൂരജിന്റെ ഫോൺ പരിശോധിച്ച പുഷ്പകുമാർ ഒരു സൈബർ വിദഗ്ധന്റെ സാങ്കേതിക മികവോടെ രഹസ്യമായി സൂരജിന്റെ ‘ഇന്റനെറ്റ്ബ്രൗസിങ്ങ് ഹിസ്റ്ററി’ പരിശോധിച്ചു. ഇതോടെയാണ് വിഷപാമ്പുകളെക്കുറിച്ചുള്ള വിഡിയോകൾ പലതവണ സൂരജ് യൂട്യൂബിൽ കണ്ടതായി മനസിലാക്കിയത്. ഈ വിവരം സി ഐ യുമായി പങ്കുവക്കുകയും ചെയ്തു. തുടർന്ന് സൈബർ സെല്ലിൽ നിന്ന് വിവരങ്ങൾ ആരാഞ്ഞു.
സൂരജ് ഉപയോഗിക്കുന്ന മൂന്ന് ഫോണുകളുടേയും കോൾ ഡീറ്റയിൽസ് പരിശോധിച്ചപ്പോഴാണ് ചവർകാവ് സ്വദേശി സുരേഷ് എന്ന പാമ്പുപിടിത്തക്കാരന്റെ നമ്പറിലേക്ക് മുപ്പതിലധികം തവണ സൂരജ് വിളിച്ചതായും ഇരുവരും രണ്ടുതവണ ഒരേ മൊബൈൽ ടവറിന് കീഴിൽ എത്തിയിരുന്നതായും പുഷ്പകുമാർ മനസിലാക്കിയത്.
(അറസ്റ്റിലായ സൂരജ് , പാമ്പു പിടുത്തക്കാരൻ സുരേഷ് എന്നിവർ)
ഇതോടെ പോലീസ് നിരീക്ഷണത്തിൽ സുരേഷിനെയും ഉൾക്കൊള്ളിച്ചു. സൂരജും ഉത്രയും തമ്മിലുള്ള ദാമ്പത്യ പ്രശ്നങ്ങളെക്കുറിച്ച് ഉത്രയുടെ ബന്ധുക്കളോട് ചോദിച്ച് മനസിലാക്കിയ പൊലിസ് അടൂർ ഹോളിക്രോസ് ആശുപത്രിയിലെത്തി ആദ്യ പാമ്പു കടിയുടെ വിവരങ്ങൾ ശേഖരിച്ചു.
അടുത്ത ദിവസം രാവിലെ സൂരജിനെ വിളിച്ചുവരുത്തിയ പുഷ്പകുമാർ രണ്ട് പൊലിസുകാർക്കൊപ്പം അടൂരിലുള്ള ബാങ്കിലേയ്ക്ക് അയച്ചു. ഉത്ര മരിച്ചതിനാൽ യുവതിയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിലല്ലാതെ ലോക്കർ തുറക്കാനാവില്ലെന്ന് ബാങ്ക്അധികൃതർ വ്യക്തമാക്കിയതോടെ ലോക്കർ രജിസ്റ്ററിന്റെ ചിത്രങ്ങളെടുത്ത ശേഷം പൊലിസ് മടങ്ങി.
രജിസ്റ്ററിന്റെ വിശദാംശങ്ങൾ പരിശോധിച്ച പുഷ്പകുമാർ ശ്രദ്ധിച്ചത് സൂരജ് അവസാനം ലോക്കർ തുറന്ന തീയതിയാണ്; മാർച്ച് 2. ഉത്രയെ ആദ്യം പാമ്പുകടിച്ചതിന്റെ അന്നേ ദിവസം പകൽ!. ഇതോടെ സൂരജാണ് ഉത്രയുടെ മരണത്തിന് ഉത്തരവാദിയെന്ന് പുഷ്പകുമാറിന് വ്യക്തമായി. വൈകിട്ട് നാലിന് അഞ്ചൽസ്റ്റേഷനിലെത്തണമെന്ന് സൂരജിനെ വിളിച്ചറിയിച്ചെങ്കിലും ഇയാൾ വരാതായതോടെ സംശയം ബലപ്പെട്ടു. വിവരങ്ങൾ മനസിലാക്കിയ സി ഐ സുധീർ സൂരജിനെ വീണ്ടും വിളിച്ചു. ഇനി തന്റെ വക്കീലുമായി മാത്രമേ പൊലിസ്സ്റ്റേഷനിലേയ്ക്കുള്ളൂ എന്ന മറുപടിയാണ് സൂരജ് നൽകിയത്.
ഇതിനിടയിൽ സൂരജിന്റെ വീട്ടുകാരും ഉത്രയുടെ മാതാപിതാക്കളും തമ്മിൽ സ്വത്ത് സംബന്ധിച്ച് തർക്കം രൂക്ഷമായിരുന്നു. തുടർന്ന് ഇരു വീട്ടുകാരും പൊലിസിൽ പരാതി നൽകുകയും സ്ഥിതി വഷളാവുകയും ചെയ്തു. തുടർന്ന് മകളുടെ മരണത്തിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ഉത്രയുടെ മാതാപിതാക്കൾ വാർത്താസമ്മേളനം വിളിച്ചു. തുടർന്നാണ് ജില്ലാ റൂറൽ പൊലിസ്മേധാവി ഹരിശങ്കറിന് ഇവർ പരാതി നൽകിയത്.
തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു. അടുത്ത ദിവസം വെളുപ്പിന് മൂന്നോടെ സഹോദരിയുടെ ആൺ സുഹൃത്തിന്റെ വീട്ടിൽ നിന്ന് സൂരജിനെ പിടികൂടുകയായിരുന്നു. തലേന്നു വൈകിട്ട് കുപ്പിയിലാക്കി കൊണ്ടുവന്ന പാമ്പിനെ രാത്രി ഉത്രയുടെ ദേഹത്തേക്കിടുകയായിരുന്നുവെന്നും സൂരജ് സമ്മതിച്ചു . പാമ്പ് രണ്ടു തവണ ഉത്രയെ കൊത്തുന്നത് കണ്ടു നിന്നതായും, പിന്നീട് ഇതിനെ തിരികെ കുപ്പിയിലാക്കാൻ നോക്കിയെങ്കിലും സാധിച്ചില്ലന്നും, പാമ്പ് അലമാരയ്ക്കു താഴെ ഒളിക്കുകയും ചെയതെന്നാണ് സൂരജിന്റെ കുറ്റസമ്മതം










Manna Matrimony.Com
Thalikettu.Com







