ഇന്ന് ലോക നേഴ്സസ് ദിനം. സേവനത്തിന്റെ ലോകത്തെ മാലാഖമാരുടെ ദിനമാണ് ഇന്ന്. ഭൂമിയിലെ ദൈവത്തിന്റെ മാലാഖമാരെ ഓർക്കാനും അവർക്ക് നന്ദി പറയാനും ഒരു ദിവസം. ലോകമോട്ടാകെയുള്ള നേഴ്സുമാർ ആരോഗ്യമേഖലയ്ക്ക് നല്കുന്ന സംഭാവനയെ സ്മരിക്കാനാണ് ഈ ദിനം. ലോക നേഴ്സസ് ദിനം ആദ്യമായി ആചരിച്ചത് 1954 ഒക്ടോബറിലായിരുന്നു.
ജീവിതത്തിൽ ഒരിക്കലെങ്കിലും ഒരു നേഴ്സിൻറെ സേവനം ലഭ്യമാകാത്ത ആരും തന്നെയുണ്ടാകില്ല ഈ പ്രപഞ്ചത്തിൽ. ഒരു ചെറിയ പനിയാണെങ്കിൽ പോലും ആശുപത്രി വാർഡുകളിൽ അരികിൽ മാലാഖമാർ ഉണ്ടാകും. സ്നേഹത്തോടെയുള്ള പുഞ്ചിരിയുമായി. എത്ര വലിയ രോഗമാണെകിൽ പോലും ഇതൊന്നും സാരമില്ലെന്ന ആശ്വാസ വചനവുമായി എത്തുന്നവർ.
മരുന്നുകളുടെയും മനംമടുപ്പിക്കുന്ന ഡെറ്റോളിന്റെയും ഇടയിലെ ആശുപത്രി ജീവിതത്തിൽ സന്തോഷത്തോടും പ്രസരിപ്പോടും അരികിലെത്തുന്നത് ഈ മാലാഖമാർ തന്നെയാണ്. കൈയില്‍ സിറിഞ്ചും ഡ്രിപ്സെറ്റുമായി നിറഞ്ഞ പുഞ്ചിരിയോടെ തൂവെള്ള വസ്ത്രത്തിൽ പൊതിഞ്ഞ് അരികിലെത്തുന്ന അവരെ ആഗോള മനുഷ്യർ സിസ്റ്റർ എന്ന് വിളിക്കുന്നു. ശുഭാപ്തിവിശ്വാസം പകർന്ന് വേദനകൾ മറക്കാൻ പഠിപ്പിക്കുന്നവരാണ് അവരിൽ ഭൂരിഭാഗവും. അവർ തന്നെയല്ലേ ഭൂമിയിലെ മാലാഖമാർ ?
വിളക്കേന്തിയ വനിത എന്ന് ലോകം വിളിച്ച ആധുനിക ആതുരശുശ്രൂഷാ രീതിയുടെ ഉപജ്ഞാതാവായ ഫ്ളോറന്‍സ് നൈറ്റിംഗേലിന്റെ ജന്മദിനമാണ് ലോക നഴ്സസ് ദിനമായി ആചരിക്കുന്നത്.
കൈയ്യില്‍ ഒരു കൊച്ചു വിളക്കുമായി മുറിവേറ്റ സൈനികരെ ചികിത്സിച്ച് ലോകത്തിന് മുഴുവന്‍ ആതുര സേവനത്തിന്റെ മാതൃക പകര്‍ന്നു നല്കിയ ഫ്ളോറന്‍സ് നൈറ്റിംഗേയ്ല്‍ എന്ന മഹത് വ്യക്തിയുടെ ഓര്‍മ്മ പുതുക്കിക്കൊണ്ട് ഇന്ന് വീണ്ടുമൊരു നേഴ്സസ് ഡേ ആചരിക്കുന്നത് വളരെയേറെ പ്രത്യേകതകളോടെയാണ്.
അന്ന് കയ്യിലുള്ള ആ കൊച്ചു വിളക്കുമായി മുറിവേറ്റ സൈനികരെ ശ്രുശൂഷിച്ച നൈറ്റിംഗേലിന്റെ മാതൃക പിന്തുടർന്ന് ഇന്നത്തെ ഈ കോവിഡ് കാലത്ത് പ്ലാസ്റ്റിക് വസ്ത്രം ധരിച്ച് ഒരു വായുസഞ്ചാരം പോലും കയറാത്ത ആ കുപ്പായത്തിനിടയിൽ നിന്ന് അവർ പൊരുതിയതിന്റെ ഫലം നാം ഇന്ന് അനുഭവിക്കുന്നു.
1820 മേയ് 12നാണ് നൈറ്റിംഗേല്‍ ജനിച്ചത്. ഫ്ളോറന്‍സ് നൈറ്റിംഗേലാണ് ആധുനിക നഴ്സിങ്ങിനെ കാരുണ്യത്തിന്റെയും അര്പ്പണബോധന്റെയും പുണ്യകര്‍മമാക്കി മാറ്റിയത്.
ആതുരസേവന രംഗത്ത് ഇന്ന് മലയാളി വനിതകള്‍ ലോകമെങ്ങും സാന്നിദ്ധ്യമറിയിക്കുകയാണ്. ലോകരാജ്യങ്ങളിലാകെ മലയാളി നേഴ്സുമാര്‍ തങ്ങളുടെ കര്‍മ്മപഥങ്ങളില്‍ സ്തുത്യര്‍ഹമായ സേവനമാണ് നടത്തുന്നത്. അന്താരാഷ്ട്ര നേഴ്സസ് ദിനത്തിന്റെ ചരിത്രം കേരളത്തിന്റെ ആതുരശുശ്രൂഷാ രംഗത്തിന്റെചരിത്രം കൂടി പറയുന്നതാണ്.
വിവിധ ആശുപത്രികളിൽ സമ്മാനങ്ങളും പൂക്കളും വിതരണം ചെയ്തുമാണ് നെഴ്സുമാരുടെ സേവനങ്ങളെ ആദരിക്കുന്നത്. മിക്ക രാജ്യങ്ങളിലും അന്നേ ദിവസം പേരിനു മാത്രം ആഘോഷങ്ങൾ പരിമിതപ്പെടുമ്പോൾ, കാനഡ, അമേരിക്ക തുടങ്ങി രാജ്യങ്ങളില്‍ മെയ് 6 മുതല്‍ 12 വരെ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് നേഴ്സസ് ദിനത്തോടനുബന്ധിച്ച് നടത്താറുള്ളത്.
നേഴ്സുമാര്‍ സേവനരംഗത്ത് നിലനിൽക്കുന്നത് തൊഴിലൊരു ജീവനോപാധി മാത്രമായി കണ്ടിട്ടല്ല രോഗികളോടുള്ള അര്‍പ്പണ മനോഭാവം കൊണ്ടുകൂടിയാണെന്ന് നാം ഓരോരുത്തരും തിരിച്ചറിയണം. മികച്ചൊരു ജോലി സാധ്യതയായി മാത്രം കാണാതെ വേദനിക്കുന്നവർക്ക് ആശ്വാസമാകാനുമുള്ള മനസ്സോടെയും വിശുദ്ധിയോടെയും ഇറങ്ങി തിരിക്കണം ഓരോ നേഴ്സിങ് വിദ്യാർത്ഥിയും.
ലേഖിക: ക്രിസ് ഷിനു, സ്റ്റാഫ് നേഴ്സ്, ഓസ്ട്രേലിയ