തെക്കുംകൂർ രാജവംശത്തിന്റെ ആദിമ ചരിത്രത്തിൽ തിളങ്ങിയ പുതുപ്പള്ളി എന്ന കൊച്ചു ഗ്രാമം ചരിത്രത്തിന്റെ ഏടുകളിൽ ഇടം പിടിച്ചത് ഇങ്ങനെ; അടുത്തറിയാം പുതുപ്പള്ളിയുടെ ചരിത്രം പേറുന്ന ഓർമ്മകൾ… കേരള ധ്വനി മാനേജിങ്ങ് എഡിറ്റർ എഴുതുന്നു

പുതുപ്പള്ളി: യോർദ്ദാന്റെ തീരങ്ങളിൽ നിന്നും ഒഴുകിയെത്തിയ കരുണയുടേയും നിർമ്മലതയുടെയും വറ്റാത്ത സ്‌മരണകൾ ഉയർത്തുന്ന കൊടൂരാറ്. അതിന്റെ തീരങ്ങളില്‍ നിന്നും വെള്ളത്തിലേക്ക് തല നീട്ടിയിരിക്കുന്ന ചെടികളും പൂക്കളും. പച്ച നിറത്തിൽ കാണപ്പെടുന്ന കൊടൂരാറ്റിലെ ഒഴുക്ക് നിലച്ച് നിശ്ചലമായിരിക്കുന്ന കണ്ണാടി പോലെ തിളങ്ങുന്ന ജലോപരിതലം. അതിന്റെ കരയിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ ദേവാലയവും.  അങ്ങനെയുള്ള അതി വിശുദ്ധമായ മണ്ണാണ് കോട്ടയം ജില്ലയിലെ പുതുപ്പള്ളി എന്ന കൊച്ചു ഗ്രാമത്തിലേത് എന്ന് തന്നെ പറയാം.

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിനു വിശുദ്ധിയുടെയും മാനവ സാഹോദര്യത്തിന്റെയും തേജസ് ചൊരിഞ്ഞുകൊണ്ട് പരിലസിക്കുന്ന പുണ്യപുരാതന തീര്‍ഥാടന കേന്ദ്രമായ പുതുപ്പള്ളിയെ പറ്റി തന്നെയാണ് പറഞ്ഞു വരുന്നത്.

കോട്ടയം നഗരത്തിൽ നിന്ന് 5 കീ.മീ അകലെ സ്ഥിതി ചെയ്യുന്ന ഗ്രാമവും നഗരവും ഇടകലർന്ന പ്രദേശം. കേരളത്തിലെ പ്രശസ്തമായ ക്രൈസ്തവ ദേവാലയങ്ങളിലൊന്നായ പുതുപ്പള്ളി പള്ളി സ്ഥിതി ചെയ്യുന്നതും, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ജന്മനാടുമായ ഒരു കൊച്ചു ഗ്രാമമാണ് പുതുപ്പള്ളി. പുതുപ്പള്ളിയ്ക്കടുത്തുള്ള വെന്നിമല ശ്രീരാമ ലക്ഷ്മണക്ഷേത്രവും പ്രസിദ്ധമാണ്.

ഒറ്റ വാക്കില്‍ പറഞ്ഞാല്‍ കണ്ണിനും മനസ്സിനും കുളിരു പകരുന്ന പച്ചപ്പ് നിറഞ്ഞൊരു സുന്ദരഗ്രാമം. തനിഗ്രാമീണതയും, പ്രകൃതിയുടെ വശ്യതയും കണ്‍കുളിര്‍ക്കെ കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ക്ക് സ്വര്‍ഗമാണ് ഈ ചെറുഗ്രാമം.

(കൊടൂരാറിന് സമീപത്തു നിന്നുമുള്ള ചിത്രം)

പ്രകൃതിയുടെ വശ്യതയും പച്ചപ്പിന്റെ പതിപ്പുമുള്ള ഈ കൊച്ചു ഗ്രാമത്തിലെ പ്രധാന വീഥിയായ പുതുപ്പള്ളി – ഞാലിയാകുഴി പാതയോരത്തെ കോടൂരാറിന്റെ സമീപമുള്ള സെന്റ്. ജോർജ്ജ് ഓർത്തഡോക്സ് പള്ളിക്ക് നൂറ്റാണ്ടുകൾ പഴക്കമുണ്ടെന്നാണ് അനുമാനം.

വിശുദ്ധ ഗീവർഗ്ഗീസിന്റെ നാമധേയത്തിലുള്ള കേരളത്തിലെ പള്ളികളിൽ പൗരാണികതയിൽ മുന്നിൽ നിൽക്കുന്ന പള്ളികളിൽ ഒന്നാണ് പുതുപ്പള്ളി പള്ളി. മെയ് ആദ്യ വാരത്തിലാണ് ഇവിടുത്തെ പ്രധാന പെരുന്നാൾ.

തെക്കുംകൂര്‍ രാജാക്കന്മാര്‍ ക്രൈസ്തവര്‍ക്കു നല്‍കിയ അംഗീകാരവും പിന്തുണയുമാണ് പുതുപ്പള്ളിയില്‍ ഒരു ദേവാലയത്തിന്റെ സ്ഥാപനത്തിനു കാരണമായിത്തീര്‍ന്നത്.

പുതുപ്പള്ളി പള്ളി’ എന്ന് ഇന്നറിയപ്പെടുന്ന വലിയപള്ളി

നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ പള്ളി 1640-ൽ പരിശുദ്ധ ബഹനാൻ സഹദായുടെ നാമത്തിൽ പുതുക്കി പണിയുകയുണ്ടായി. 1750-ൽ പരിശുദ്ധ ഗീവർഗ്ഗീസ് സഹദായുടെ നാമത്തിൽ വീണ്ടും കൂദാശ ചെയ്തു. 2003-ൽ പ്രധാന പള്ളിയുടെ രൂപത്തിന് കാര്യമായ മാറ്റം വരുത്താതെ നവീകരിച്ചതോടെ ഇത് 3 പള്ളികളുടെ ഒരു കൂട്ടമായി തീർന്നു.

1557-ൽ തെക്കുംകൂർ രാജാവിന്റെ അനുമതിയോടെ സ്ഥാപിച്ച കുരിശു പള്ളിയായിരുന്നു പുതുപ്പള്ളിയിലെ ആദ്യപള്ളി. വാഴക്കുളം ക്ഷേത്രത്തിന് സമീപമായിരുന്നു. പിന്നീട് പള്ളി ഇന്നിരിക്കുന്ന ഇളംതുരുത്തി കുന്നിലേക്ക് വിശുദ്ധ ബഹനാൻ സഹദായുടെ നാമധേയത്തിൽ മാറ്റി സ്ഥാപിക്കപ്പെട്ടു.

2003-ൽ ഈ പള്ളി വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള പ്രധാനപള്ളിയും തൊട്ടുചേർന്ന് ഇരുവശങ്ങളിലായി വിശുദ്ധ മറിയാമിന്റെയും വിശുദ്ധ ബഹനാന്റെ നാമത്തിലുള്ള ചാപ്പലുകളും ചേർന്നരീതിയിൽ വിപുലമായ രീതിയിൽ പുനർനിർമ്മിച്ചു.

ഈ ദേവാലയ സമുച്ചയത്തിൽ ഇപ്പോൾ ഒൻപത് മദ്ബഹ (അൾത്താര) കളുണ്ട്. വിശുദ്ധ ഗീവർഗീസിന്റെ നാമത്തിലുള്ള പള്ളിയുടെ പ്രധാന മദ്‌ബഹ അദ്ദേഹത്തിന്റെയും ഇരുവശങ്ങളിലുമുള്ളവ തോമാശ്ലീഹയുടെയും പരുമല തിരുമേനിയുടെയും നാമങ്ങളിലുമുള്ളവയുമാണ്.

(നവീകരിച്ച പുതുപ്പള്ളി പള്ളി ചിത്രത്തിൽ)

പുതുപ്പള്ളി പള്ളിയിലെ പൊന്നിൻ കുരിശും വെച്ചൂട്ടു സദ്യയും പ്രസിദ്ധമാണ്. കൊടിയേറ്റ് എന്ന ചടങ്ങും നടക്കാറുണ്ട്. പ്രധാന പെരുന്നാൾ ദിവസം ചോറും അപ്പവും കോഴിയും നേർച്ചയായി പള്ളിയിൽ വരുന്ന സകല വിശ്വാസികൾക്കും നൽകാറുണ്ട്. സ്വർണ്ണക്കുരിശ് എഴുന്നള്ളത്ത് റാസ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇവിടെ ദീപക്കാഴ്ച്ച എന്ന ചടങ്ങുമുണ്ട്.

പുതുപ്പള്ളി പള്ളിയുടെ സാംസ്ക്കാരിക പൈതൃകത്തിന്റേയും പാരമ്പര്യത്തിന്റേയും പ്രതീകമാണ് കുരിശിൻതൊട്ടിയും പതിനെട്ടാം പടിയും. മെഴുകുതിരി കത്തിക്കുന്നതിനോടൊപ്പം കേരളീയ രീതിയിൽ എണ്ണയൊഴിച്ച് തിരി കത്തിക്കുവാൻ പാകത്തിനുള്ള വിളക്കുകൾ കുരിശിൻതൊട്ടിക്കു ചുറ്റും ഘടിപ്പിച്ചിരിക്കുന്നു.

84 തിരികൾ—ദീപം തെളിക്കാൻ കുരിശിൻ തൊട്ടിയിൽ സൗകര്യമുണ്ട്. 12 ശ്ലീഹന്മാരെയും 72 അറിയിപ്പുകാരെയുമാണ് ഇത് പ്രതിനിധീകരിക്കുന്നത്. കുരിശിൻതൊട്ടിയിലുള്ള ശില്പഭംഗി നിറഞ്ഞ കൽക്കുരിശ് ആരാധകരെ ആകർഷിച്ചുപോരുന്നു. കൊടൂരാറ്റിൽ മുങ്ങിക്കുളിച്ച് കുരിശിൻതൊട്ടിയിൽ ചുറ്റുവിളക്ക് കത്തിച്ച് പ്രാർത്ഥിച്ചാൽ ഉദ്ദിഷ്ടകാര്യം സാധിക്കുമെന്ന് വിശ്വസിക്കുന്നു. കാര്യസിദ്ധിക്കു വേണ്ടിയും പാപപരിഹാരാർത്ഥവും കുരിശിൻതൊട്ടിക്കു ചുറ്റും ശയനപ്രദക്ഷിണവും മുട്ടിന്മേൽ നീന്തലും ഭക്തന്മാർ അനുഷ്ഠിച്ചു വരുന്നു.

വിശുദ്ധ ഗീവർഗീസ് സഹദായുടെ ശക്തിയും ചൈതന്യവും ആവാഹിച്ചിട്ടുള്ളതെന്ന് വിശ്വസിക്കപ്പെട്ടുപോരുന്ന പൊന്നിൻ കുരിശ് പുതുപ്പള്ളി പള്ളിയുടെ മറ്റൊരു പ്രത്യേകതയാണ്. അതിമനോഹരമായ 401 പവൻ തൂക്കമുള്ള ഈ പൊന്നിൻ കുരിശ് പെരുനാൾ ദിനങ്ങളിലാണ് പുറത്തെടുക്കുന്നത്.

അന്നേ ദിവസം കുരിശിനെ വണങ്ങുവാൻ വമ്പിച്ച തിരക്കാണ്. പൈശാചിക ശക്തികളിൽ നിന്നുള്ള മോചനത്തിനും വേദനകളിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും ആശ്വാസം ലഭിക്കുന്നതിനും സഹായിക്കുന്ന പൊന്നിൻ കുരിശ് ദർശിക്കുവാൻ കഴിയുന്നത് ജീവിതസൗഭാഗ്യമായി ഭക്തജനങ്ങൾ വിശ്വസിക്കുന്നു.

പുതുപ്പള്ളി പള്ളിക്ക് പണ്ട് ഒരു മണിമാളിക ഉണ്ടായിരുന്നു. വെട്ടുകല്ലിൽ പണിതീർത്ത ഈ മണിഗോപുരതിനു ഏഴു നിലയോളം ഉയരവുമുണ്ടായിരുന്നു. 1950 കാലഘട്ടത്തിൽ എങ്ങനെയോ മുകളിലുണ്ടായ വിടവിലൂടെ വെള്ളം ഒലിച്ചിറങ്ങി ഈ മണിഗോപുരത്തിനു തകർച്ച സംഭവിച്ചതായി പറയപ്പെടുന്നു. പിന്നീട് ഇത് പുതുക്കി പണിതു. തെക്കുവശത്ത് ഓർമ്മയ്ക്കായി വിദേശത്ത് നിർമ്മിച്ച ആ പഴയ മണിയും വടക്കുഭാഗത്ത് പുതുതായി നിർമ്മിച്ച 1105 കിലോ ഭാരമുള്ള പുതിയ മണിയും സ്ഥാപിച്ചിരിക്കുന്നു.വലിയ മണികൾപോലെ തന്നെ പതിവായി ഉപയോഗിക്കുന്ന ശില്പഭംഗി കലർന്ന ചെറിയ മണികളും പള്ളിയിൽ ഉണ്ട്.

പുതുപ്പള്ളിപ്പള്ളിയും വി. ഗീവർഗീസ് സഹദായും ആയി ബന്ധപ്പെട്ട് നിലവിലിരിക്കുന്ന ഒരു അനുഷ്ഠാനമാണ് പുതുപ്പള്ളി വെച്ചൂട്ട് . ചിലയിടങ്ങളിൽ പുതുപ്പള്ളിച്ചാത്തം എന്നപേരിലാണ് ഇത് നടന്നു വരുന്നത്. പുതുപ്പള്ളി പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓർമ്മപെരുനാൾ നടക്കുന്ന മെയ് 6, 7 തീയതികളോടനുബന്ധിച്ചാണ് ഈ ചടങ്ങ് നടത്തുന്നത്. പത്തനംതിട്ട കൊല്ലം ഭാഗങ്ങളിലും ഇത് നടത്തപ്പെടുന്നുണ്ടെന്നാണ് അറിവ്.

(പുതുപ്പള്ളിയിലെ വിറകിടീൽ ചടങ്ങും, വെച്ചൂട്ടും ചിത്രത്തിൽ)

പുതുപ്പള്ളിയിൽ പോയി വി. ഗീവർഗീസ് സഹദായെ ദർശിക്കുവാൻ കഴിയാത്ത ഭക്തന്മാർ പ്രാദേശികമായി ചിലയിടങ്ങളിൽ വെച്ചൂട്ട് നടത്താറുണ്ട് . പള്ളിയിൽ പോകുകയോ ഈ അനുഷ്ഠാനം നടത്താതിരിക്കുകയോ ചെയ്താൽ അനിഷ്ടസംഭവങ്ങൾ ഉണ്ടാകുമെന്നാണ് പ്രായമുള്ളവരുടെ വിശ്വാസം.

വ്രതശുദ്ധിയോടും പ്രാർത്ഥനയോടുമാണ് വെച്ചൂട്ട് നടത്താറുള്ളത്. വെച്ചൂട്ടിന് നിശ്ചയിക്കപ്പെട്ട ഭവനത്തിൽ ബന്ധുക്കളോടൊപ്പം അയൽക്കാരും അന്യമതസ്ഥരും ഉണ്ടാവും. പല സ്ഥലങ്ങളിലും പല രീതിയിലാണ് ചടങ്ങുകൾ. വിഭവങ്ങളും വ്യത്യസ്തമാണ്. കോഴിയിറച്ചി നിർബന്ധം. പുണ്യവാളനുവേണ്ടി സമർപ്പിക്കപ്പെട്ട നേർച്ചകോഴികളെയാണ് പുതുപ്പള്ളി  വെച്ചൂട്ടിന് പാകം ചെയ്യുന്നത്. വെച്ചൂട്ടിനുള്ള വിറകുകൾ വിശ്വാസികൾ തന്നെയാണ് പള്ളിയിൽ എത്തിക്കുന്നത്.

വെച്ചൂട്ട് നടത്തുന്ന വീട്ടുകാർ മുൻകൂട്ടി നിശ്ചയിക്കപ്പെട്ട ആളുകളെ ആദ്യപന്തിയിലിരുത്തും. സഹദായുടെ ചിത്രത്തിനു മുമ്പിൽ കൊളുത്തി വച്ച വിളക്കിനു സമീപം ആദ്യ ഇലയിട്ട് സഹദായെ സങ്കല്പിച്ച് ഭക്ഷണം വിളമ്പുന്നു. പിന്നീട് മാത്രമേ മറ്റുള്ളവർക്കു വിളമ്പുകയുള്ളൂ. ആദ്യകാലത്ത് വൈദികരുടെ സാന്നിധ്യത്തിലാണ് ഇത് നടത്തിയിരുന്നത്.

വി. ഗീവർഗീസ് സഹദായുടെ നേർച്ചയൂട്ടിന് ചിലയിടങ്ങളിൽ അപ്പവും പഴവും കഴിഞ്ഞാൽ പിന്നീട് വിളമ്പുന്നത് “പിടി”യും ഇറച്ചിയുമാണ്. വറുത്തരച്ച മസാലകൊണ്ട് കോഴിയെ പാകം ചെയ്യുകയാണ് സാധാരണ രീതി. നേർച്ച സദ്യകൾക്ക് “പിടി”യും ഇറച്ചിയും ഒഴിവാക്കാൻ പറ്റാത്തതാണ്. “പിടി” ഒരു പ്രത്യേക വിഭവമാണ്. കോഴിയിറച്ചിയും അപ്പവും ചക്കപ്പഴവും കരിപ്പെട്ടിക്കാപ്പിയുമാണ് ചില സ്ഥലങ്ങളിൽ വിഭവം. മറ്റുചില സ്ഥലങ്ങളിൽ കോഴിയിറച്ചിയും അപ്പവും വിളമ്പിയതിനുശേഷം വിഭവസമൃദ്ധമായ ഊണും ഉണ്ടാകും

ഒരുകാലത്ത് കഠിനമായ കുറ്റകൃതൃങ്ങൾ ചെയ്യുന്നവരെ പുതുപ്പള്ളി പള്ളിയുടെ മുമ്പിൽ നിർത്തി സത്യം ചെയ്യിക്കുക പതിവായിരുന്നു.അക്കാലത്തെ നീതി ന്യായ പ്രമാണിമാർ പോലും പള്ളിനടയിൽ ആളുകളെ കൊണ്ടുവരാറുണ്ടായിരുന്നു എന്ന് പറയപ്പെടുന്നു . അത്ഭുതപ്രവർത്തകനായ ഗീവർഗീസ് സഹദായുടെ തിരുനടയിൽ നിന്നുകൊണ്ട് തെറ്റായി ചിന്തിക്കുകയോ പ്രവർത്തിക്കുകയോ ചെയ്യാൻ ആരും ധൈര്യപ്പെടാറില്ല എന്നതുകൊണ്ടാണ് ഇങ്ങനെ ചെയ്യുന്നതെന്ന് അനുമാനം.

അത്രയധികം പാവനവും ശക്തിദായകവുമാണ് പുതുപ്പള്ളി പള്ളി കുരിശിൻ തൊട്ടിയുടെ പശ്ചാത്തലം. പതിനെട്ടാം പടിക്കുമുണ്ട് ഒട്ടേറെ മാഹാത്മ്യങ്ങൾ. വ്രതശുദ്ധിയോടുകൂടി തത്വത്തിന്റെ പൊരുളായ പതിനെട്ട് പടികൾ താണ്ടി വിശുദ്ധ ഗീവർഗീസ് സഹദായുടെ സാന്നിദ്ധ്യത്തിൽ അഭയം പ്രാപിക്കുന്ന ഭക്തന് ആത്മശാന്തി ഉറപ്പായും ലഭിക്കുമെന്നാണ് വിശ്വാസം.

പുതുപ്പള്ളിയിൽ പ്രചാരത്തിലുള്ള മുത്തശ്ശി കഥകൾ

മുന്‍കാലങ്ങളില്‍ പുതുപ്പള്ളിയിലെയും പരിസരങ്ങളിലെയും മിക്ക ഭവനങ്ങളിലും കുഞ്ഞുങ്ങള്‍ക്ക് മുത്തശ്ശിമാര്‍ കഥകള്‍ പറഞ്ഞുകൊടുക്കുന്ന ഒരു രീതിയുണ്ടായിരുന്നു. ഇത്തരത്തിലുള്ള കഥകളില്‍ പ്രഥമസ്ഥാനത്തുണ്ടായിരുന്ന രണ്ടു കഥകളായിരുന്നു, കടമറ്റത്തു കത്തനാരുടെ കഥയും ഗീവര്‍ഗ്ഗീസ് സഹദായുടെ ചരിത്രവും. ഇതിൽ ഗീവർഗീസ് സഹദായുടെ ചരിത്രത്തിനാണ് പുതുപ്പള്ളിയിൽ പ്രാധാന്യമുള്ളത്.

മുത്തശ്ശി കഥകളുടെ തുടക്കം ഇങ്ങനെയായിരുന്നു. ഗീവർഗീസ് പുണ്യാളൻ ഒരു പടയാളിയായിരുന്നു. അന്നത്തെ കാലത്തു ഒരു ദേശത്തു ജനങ്ങളെല്ലാം വെള്ളം എടുത്തുകൊണ്ടിരുന്ന ഒരു നീരുറവയുണ്ടായിരുന്നു. ഗീവര്‍ഗ്ഗീസിന്റെ ചിത്രത്തില്‍ കാണുന്ന പാമ്പ് ‌(വ്യാളി) ഈ നീരുറവ അടച്ചുകൊണ്ട്‌ അതില്‍ കയറിക്കൂടി. ജനങ്ങള്‍ക്കു ദാഹജലം കിട്ടാതായപ്പോള്‍, അവര്‍ രാജാവിനെ സമീപിച്ചു സങ്കടം ബോധിപ്പിച്ചു.

രാജാവ് ചില നിലപാടുകൾ എടുക്കുകയും, ഏതാനും ഉപാധികൾ മുൻപോട്ട് വയ്ക്കുകയും ചെയ്തു . ആഴ്ചയിലൊരിക്കല്‍ ഈ വ്യാളിക്ക് വിഭവസമൃദ്ധമായ വിരുന്നിനോടൊപ്പം ഒരു കന്യകയെ ഭക്ഷിക്കാൻ കൊടുത്താല്‍, അവ സ്വീകരിക്കാന്‍ ഇറങ്ങുന്ന സമയത്ത് ജനങ്ങള്‍ക്കു വെള്ളം ശേഖരിക്കാം എന്നതായിരുന്നു രാജാവിന്റെ ഉപാധി.

കന്യകമാരായി ദേശത്തുണ്ടായിരുന്ന യുവതികളെയെല്ലാം വ്യാളിക്ക് കാഴ്ച വെച്ച് തീർന്നപ്പോൾ രാജ്യത്തെ രാജകുമാരിയുടെ ഊഴം വന്നു.

അങ്ങനെ രാജ കുമാരി പാമ്പിന്റെ ഗുഹക്കു മുൻപിൽ എത്തി. ആ സമയത്താണ് ഗീവർഗീസ് പുണ്യാളൻ കുതിരപ്പുറത്തു അവിടെയെത്തുന്നത്. കാര്യം മനസ്സിലാക്കിയ ഗീവർഗീസ് പുണ്യാളൻ പാമ്പിനെ രണ്ടു തവണ ഇറങ്ങി വരാൻ ആജ്ഞാപിച്ചു. ഇറങ്ങി വന്ന പാമ്പ് രാജ കുമാരിയെ ഭക്ഷണമാക്കുന്നതിനു മുൻപ് പുണ്യാളച്ചന്റെ കുതിരയുടെ കാലിൽ ചുറ്റി പുണ്യാളച്ചൻ കുതിരപ്പുറത്തിരുന്ന് പാമ്പിന്റെ വായിൽ ആഞ്ഞു കുത്തി. അങ്ങനെ പാമ്പ് കൊല്ലപ്പെട്ടു.

രാജ കുമാരിക്ക് തിരിച്ചു കൊട്ടാരത്തിൽ പോകുവാൻ ഭയമായി. ഭക്ഷണത്തിനു വേണ്ടി കാഴ്ച വെച്ച തന്നെ തിരിച്ചു ചെന്നാൽ രാജാവ് കൊല്ലുമെന്ന് അവർ കരുതി. അങ്ങനെ പാമ്പിന്റെ രക്തത്തിൽ കൈമുക്കി രാജകുമാരി വിരലടയാളം പുണ്യാളച്ചന്റെ പുറത്തു പതിപ്പിച്ചു. പിന്നീട് കൊട്ടാരത്തിൽ ചെന്ന് നടന്ന വിവരം പറഞ്ഞു. ആരാണ് പാമ്പിനെ കൊന്നു രാജകുമാരിയെ രക്ഷിച്ചതെന്നു രാജാവിന് മനസ്സിലായില്ല.

അങ്ങനെ രാജ്യത്തെ ഓരോ പുരുഷന്മാരെയും ഭടന്മാർ പരിശോദിച്ചു. ഒടുവിൽ എത്തിയ പുണ്യാളച്ചന്റെ പുറത്തു രാജകുമാരിയുടെ കൈ പാട് കണ്ടു. തന്റെ മകളെ രക്ഷിച്ചയാൾ സാക്ഷാൽ ഗീവർഗീസ് പുണ്യാളനാണെന്നു രാജാവിന് അങ്ങനെ ബോധ്യമായി.

ഈ രാജകുമാരിയാണ്‌ ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ കാണുന്ന സ്ത്രീയും മുത്തശ്ശിമാർ പറയുന്ന കഥയിലെ നായികയും! കുതിരപ്പുറത്ത് വീരനായകനായി രംഗപ്രവേശം ചെയ്യുന്ന നായകന്‍, പാമ്പിനെ കൊന്നു നായികയെ രക്ഷിക്കുന്നതാണ് സംഭ്രമജനകമായ കഥയുടെ ‘ക്ലൈമാക്സ്’!

മറ്റൊരു മുത്തശ്ശിക്കഥ ഇങ്ങനെയാണ്.

ഏഴു പ്രാവശ്യം വധിക്കപ്പെടുകയും ആറുതവണ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്ത അമാനുഷികനായിരുന്നു ഗീവര്‍ഗ്ഗീസ്.  ക്രിസ്തീയത ഉപേക്ഷിക്കാനുള്ള രാജാവിന്റെ കല്പന ലംഘിച്ചതിനായിരുന്നു ഓരോ വധവും. ഇദ്ദേഹത്തെ വധിച്ചതിനുശേഷം ശരീരം ഭസ്മമാക്കി മലയില്‍ വിതറാന്‍ രാജാവു കല്പിച്ചു. ഗീവര്‍ഗ്ഗീസിന്റെ ചിതാഭസ്മം ഒരു മലയില്‍ വിതറിയതിനുശേഷം ഭൃത്യന്മാര്‍ മടങ്ങുമ്പോള്‍ പിന്നില്‍നിന്ന് ആരോ കൈകൊട്ടി വിളിച്ചു. ഭൃത്യന്മാര്‍ തിരിഞ്ഞുനോക്കിയപ്പോള്‍, തങ്ങള്‍ ചാരമാക്കി വിതറിയ ഗീവര്‍ഗ്ഗീസ് ജീവനോടെ നില്‍ക്കുന്നു. ചാരമാക്കി വിതറാന്‍പോയ ഭൃത്യന്മാര്‍ മടങ്ങിപ്പോയത് ജീവനുള്ള ഗീവര്‍ഗ്ഗീസിനോപ്പം ആയിരുന്നു. ഈ വിധത്തില്‍ ആറുപ്രാവശ്യവും അദ്ഭുതകരമായി ഉയിര്‍പ്പിക്കപ്പെട്ട ഗീവര്‍ഗ്ഗീസ് ഏഴാമത്തെ പ്രാവശ്യമാണ് മരണത്തിനു കീഴടിങ്ങിയത് എന്ന കഥകളും പ്രശസ്തമാണ്.

ഏഴാമത്തെ മരണത്തിനുമുന്‍പ് ഗീവര്‍ഗ്ഗീസിനു ചില വരങ്ങള്‍ നല്‍കാന്‍ ദൈവം തയ്യാറായതായും പഴയ കഥയില്‍ വിവരിക്കുന്നു. ഗീവര്‍ഗ്ഗീസിനു ദൈവം നല്‍കുന്ന വരം ഇങ്ങനെയാണ് . ഇദ്ദേഹത്തിന്റെ നാമത്തില്‍ പ്രാര്‍ത്ഥിക്കുന്ന ഏതൊരുകാര്യവും നിറവേറ്റിക്കൊടുക്കും എന്ന വാഗ്ദാനമായിരുന്നു ആ വരം.

എന്നാൽ ഇന്നത്തെ ബാല്യം മുത്തശ്ശി കഥകളിൽ നിന്നും വ്യതിചലിച്ച് ഇന്റർനെറ്റിന്റെയും, യൂ ട്യൂബ് , ടിക്‌റ്റോക് തുടങ്ങിയവയുടെ പിടിയിലമർപ്പെട്ടതു പുതുപ്പള്ളിയെ സംബന്ധിച്ച് മുത്ത് മുത്തച്ഛന്മാർ തുടർന്ന് വന്നിരുന്ന പാരമ്പര്യ പൈതൃകം മുത്തശ്ശി കഥകളിലൂടെ കുട്ടികളുടെ മനസ്സിൽ എത്തിക്കുന്നത് നഷ്ടപ്പെടുത്തുന്നു എന്ന തോന്നൽ ഉണ്ടാക്കുന്നു.

2001 ജനുവരി 16നു പുതുപ്പള്ളി പള്ളി അതിന്റെ ചരിത്രത്തിലെ പുതിയ ഒരു അധ്യായത്തിലേക്കു പ്രവേശിച്ചു. പള്ളിയിൽ അനുദിനം എത്തുന്ന ഭക്തജനങ്ങൾക്കും ഇടവകയിലെ മുഴുവൻ ജനങ്ങൾക്കും ഒരുമിച്ചു ചേർന്ന് ആരാധനയിൽ സംബന്ധിക്കത്തക്ക രീതിയിൽ പള്ളി വിപുലീക രിക്കാൻ തീരുമാനിച്ചു. പൗരസ്ത്യ കാതോലിക്കയും മലങ്കര മെത്രാപ്പോലീത്തയുമായ മോറാൻ മാർ ബസേലിയസ് മാർത്തോമ്മാ മാത്യൂസ് ദ്വിതീയൻ തിരുമേനിയുടെ ആശീർവാദത്തോടെയാണ് പുനരുദ്ധാരണ നവീകരണ പ്രക്രിയയ്ക്ക് ആരംഭം കുറിച്ചത്.

തുടർന്ന് ഒരു മുടക്കവും കൂടാതെ ഇവിടെ പെരുന്നാൾ അത്യാഘോഷങ്ങളോടെ നടന്നു വന്നിരുന്നു. എന്നാൽ കോവിഡ്-19 എന്ന വൈറസ് വ്യാപനം ഉണ്ടായത് മൂലം ആദ്യമായാണ് ആഘോഷങ്ങൾ വെട്ടിച്ചുരുക്കി ഇവിടെ ഈ ലോക്ക് ഡൌൺ വർഷം പെരുന്നാൾ അരങ്ങേറിയത്.

റിപ്പോർട്ട് : ക്രിസ്റ്റിൻ കിരൺ തോമസ്, മാനേജിങ്ങ് എഡിറ്റർ, കേരള ധ്വനി

Exit mobile version