വയനാട് : ആഗോള വ്യവസായിയും അറയ്ക്കൽ പാലസ് ഉടമയുമായ ജോയിയുടെ സംസ്‌കാര ചടങ്ങുകൾ വയനാട് മാനന്തവാടി സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ നടന്നു.
രാവിലെ ഏഴുമണിയോടെ കനത്ത പൊലീസ് കാവലിൽ കുറച്ചു മാത്രം വാഹനങ്ങളുടെ അകമ്പടിയോടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപ യാത്ര ആരംഭിച്ചു. ഏഴരയോടെ മൃതദേഹം പള്ളിയിൽ എത്തിച്ചു.
പ്രത്യേക വിമാനത്തിൽ ദുബായിൽ നിന്നു വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ കോഴിക്കോട് എത്തിച്ച മൃതദേഹം 12 മണിയോടെയാണ് മാനന്തവാടിയിൽ ജോയിയുടെ വസതിയായ പാലസിൽ എത്തിച്ചത്. ജോയിയുടെ ഭാര്യ സെലിൻ, മക്കളായ അരുൺ ജോയി, ആഷ്ലി ജോയി, ജോയിയുടെ പിതാവ് ഉലഹന്നാൻ, സഹോദരൻ ജോണി എന്നിവർക്കൊപ്പം 20 പേർക്കു മാത്രമേ ചടങ്ങുകളിൽ പങ്കെടുക്കാൻ ജില്ലാ ഭരണകൂടം അനുമതി നൽകിയിരുന്നുള്ളൂ.
ഏപ്രിൽ 23നു ദുബായ് ബിസിനസ് ബേയിലെ കെട്ടിടത്തിന്റെ 14-ാം നിലയിൽ നിന്നു വീണാണു ജോയി അറയ്ക്കലിന്റെ മരണമെന്നും ദുരൂഹതകളില്ലെന്നും ബർദുബായ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ ബ്രി. അബ്ദുല്ല ഖാദിം ബിൻ സുറൂറാണ് അറിയിച്ചിരുന്നു. ഇടയ്ക്കിടെ നാട്ടിൽ വരികയും സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന ജോയി നാലുമാസം മുമ്പാണ് അവസാനമായി നാട്ടിൽ വന്നു പോയത്.
ജോയിക്ക് നിലവിൽ ദുബായിൽ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ് സൂചന. അതുകൊണ്ടാണ് കുടുംബത്തേയും മൃതദേഹത്തോടൊപ്പം നാട്ടിലേക്ക് വരാൻ ദുബായ് ഭരണകൂടം സമ്മതിച്ചത്. കേസുകളൊന്നും ജോയിയ്‌ക്കെതിരെ ഇല്ല. മകന്റെ മുമ്പിൽ വച്ചായിരുന്നു അച്ഛന്റെ ആത്മഹത്യ. അഥിന്റെ ഞെട്ടലിൽ നിന്ന് അരുൺ ഇനിയും മുക്തി നേടിയിട്ടില്ല. ഉച്ചയ്ക്ക് 12നു ജോയി തന്റെ ഓഫിസിൽ നിശ്ചയിച്ചിരുന്ന യോഗത്തിനു തൊട്ടുമുൻപായിരുന്നു മരണം. എല്ലാ പ്രതീക്ഷയും പോയപ്പോഴായിരുന്നു മരണമെന്നാണ് സൂചന.
ഗൾഫ് മേഖലയിലെ എറ്റവും വലിയ എണ്ണ ടാങ്കർ ശൂദ്ധീകരണ സ്റ്റേഷൻ ഉടമയായ ജോയിക്ക് ആഫ്രിക്കയലും ഇന്ത്യയിലും കമ്പനികളുണ്ട്. വൻകിട നിക്ഷേപകർക്കു യുഎഇ സർക്കാർ നൽകുന്ന ഗോൾഡ് കാർഡ് വീസ ഉടമയായിരുന്നു ജോയി, മികച്ച സംരംഭകനുള്ള അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്. .എംകോമും സിഎ ഇന്ററും പാസായതിന് ശേഷം 1997 ലാണ് ജോയി ദുബായിൽ എത്തി ബിസിനസ് ആരംഭിക്കുന്നത്. ക്രൂഡ് ഓയിൽ വ്യാപാരം, പെട്രോ കെമിക്കൽ ഉൽപന്ന നിർമ്മാണം, എണ്ണ ടാങ്ക് ശുചീകരണം എന്നിവയായിരുന്നു പ്രധാന ബിസിനസ് മേഖല.
നാട്ടുകാർക്കും പ്രവാസികൾക്കും പ്രിയങ്കരനായ അറയ്ക്കൽ ജോയി ഇന്നലെ ഈ ലോകത്തിൽ നിന്നും യാത്രയായത് വയനാട്ടിനെ അതീവ ദുഃഖത്തിലാഴ്ത്തി.