ന്യൂഡൽഹി: മേയ് 3നു ശേഷവും രാജ്യത്തെ റെഡ് സോൺ ജില്ലകളിൽ കർശന നിയന്ത്രണങ്ങൾ. ആകെ 130 ജില്ലകളാണ് റെഡ് സോണിൽ ഉള്ളത്. ഡൽഹി, മുംബൈ, ചെന്നൈ, കൊൽക്കത്ത, ഹൈദരാബാദ്, ബെംഗളൂരു, അഹമ്മദാബാദ് ഉൾപ്പെടെയുള്ള എല്ലാ പ്രധാന നഗരങ്ങളും റെഡ് സോണിലാണ്. കേരളത്തിലെ രണ്ടു ജില്ലകളാണ് ഈ മേഖലയിൽ ഉള്ളത് – കണ്ണൂരും കോട്ടയവും.
കേരളത്തിലെ 10 ജില്ലകളാണ് ഓറഞ്ച് സോണിൽ ഉള്ളത് – തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, തൃശൂർ, പാലക്കാട്, കോഴിക്കോട്, മലപ്പുറം, കാസർകോട്.
രാജ്യത്താകെ 319 ഗ്രീൻ സോണുകളാണ് ഉള്ളത്. കേരളത്തിൽ എറണാകുളം, വയനാട് ജില്ലകൾ ഈ മേഖലയിലാണ്. കഴിഞ്ഞ 28 ദിവസമായി ഇവിടെ പുതിയ രോഗികളില്ല. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ജില്ലകളെ സോണുകളായി തരംതിരിച്ചുള്ള പട്ടിക പുറത്തുവിട്ടത്.
കോവിഡ് വ്യാപനം തടയുന്നതിന് പ്രഖ്യാപിച്ച രണ്ടാംഘട്ട ലോക്ഡൗൺ തിങ്കളാഴ്ചയാണ് അവസാനിക്കുന്നത്. കൂടുതൽ ഇളവുകളോടെ മേയ് നാല് മുതൽ മൂന്നാംഘട്ട ലോക്ഡൗൺ നിലവിൽ വരും എന്നാണ് കേന്ദ്ര സര്‍ക്കാര്‍ നൽകുന്ന സൂചന.