കോട്ടയം: കോട്ടയം ജില്ലയിലെ മുക്കൂട്ടുതറയിൽനിന്ന് രണ്ടുവർഷം മുമ്പു കാണാതായ കോളജ് വിദ്യാർത്ഥിനി ജസ്ന മരിയ ജെയിംസിനെ ക്രൈംബ്രാഞ്ച് ഡയറക്ടർ ടോമിൻ ജെ. തച്ചങ്കരിയുടെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം കണ്ടെത്തിയതായി സൂചന. കേസിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി കഴിഞ്ഞദിവസം തച്ചങ്കരി വെളിപ്പെടുത്തിയിരുന്നു. ഇതിനിടെയാണ് ജസ്നയെ കണ്ടെത്തിയെന്ന വാർത്ത ചർച്ചയാകുന്നത്.
മംഗളമാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. പിന്നീട് പല ഓൺലൈൻ മാധ്യമങ്ങളും ഈ വാർത്ത ഏറ്റെടുത്ത് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ വാർത്തക്ക് ഔദ്യോഗിക സ്ഥിതീകരണമില്ല. സർക്കാർ പോലീസ് വൃത്തങ്ങളിൽ നിന്ന് ഔദ്യോഗിക സ്ഥിതീകരണം ലഭിച്ചിട്ടില്ല.
നിലവില്‍ കേരളത്തിനു പുറത്തുള്ള ജസ്നയെ ഉടന്‍ നാട്ടിലെത്തിക്കാനാണു ക്രൈംബ്രാഞ്ചിന്റെ ശ്രമമെന്നാണ് മംഗളം റിപ്പോർട്ട് ചെയ്യുന്നത്. പിതൃസഹോദരിയുടെ വീട്ടിലേക്കെന്നു പറഞ്ഞ് പോയ ജസ്നയെ 2018 മാർച്ച് 20-നാണ് കാണാതായത്. പത്തനംതിട്ട എസ്പി: കെ.ജി. സൈമണാണ് ഇപ്പോൾ കേസിന്റെ അന്വേഷണച്ചുമതല.
അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ രണ്ടായിരത്തിലേറെപ്പേരെ ചോദ്യംചെയ്തു. ”ഞാൻ മരിക്കാൻ പോകുന്നു”വെന്ന (ഐ ആം ഗോയിങ് ടു െഡെ) ജസ്നയുടെ അവസാനസന്ദേശത്തിന്റെ ചുവടുപിടിച്ചായിരുന്നു ആദ്യഘട്ടം അന്വേഷണം. ഇതിനിടെ, തമിഴ്നാട് കാഞ്ചീപുരത്ത് കത്തിക്കരിഞ്ഞ നിലയിൽ കാണപ്പെട്ട മൃതദേഹം ജസ്നയുടേതാണെന്ന് ഉൾപ്പെടെ അഭ്യൂഹങ്ങൾ പ്രചരിച്ചു. ബംഗളുരുവിലെ സി.സി. ടിവി ദൃശ്യങ്ങളിൽ ജസ്നയെ കണ്ടെത്തിയെന്ന വാർത്തയും പരന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ജസ്നയുടെ രണ്ടാമത്തെ സ്മാർട്ട് ഫോണും പൊലീസ് കണ്ടെടുത്തിരുന്നു.
കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വർഷ ബി.കോം വിദ്യാർത്ഥിനിയായിരുന്നു ജസ്ന. മാതാവ് എട്ടുമാസം മുൻപ് ന്യുമോണിയ മൂലം മരിച്ചിരുന്നു. ജെയിംസിന്റെ സഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിൽ പോകുന്നുവെന്ന് അടുത്ത വീട്ടിൽ അറിയിച്ചാണ് 22ന് രാവിലെ 9.30ന് ജസ്ന ഓട്ടോറിക്ഷിൽ കയറിയത്. കുടുംബത്തിനു പരിചയമുള്ള ആളിന്റെ ഓട്ടോറിക്ഷയിലാണ് മുക്കൂട്ടുതറയിലെത്തിയത്. യാത്രയെക്കുറിച്ച് കൂട്ടുകാരോടും ഒന്നും പറഞ്ഞിട്ടില്ല.
ആദ്യം നടത്തിയ അന്വേഷണത്തിൽ കൂടുതൽ തുമ്പുകൾ കണ്ടത്താൻ പൊലീസിന് സാധിച്ചില്ല. പെൺകുട്ടി സഞ്ചരിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവർ, സഹപാഠികൾ, ബന്ധുക്കൾ എന്നിവരെ ചോദ്യം ചെയ്തതിൽനിന്ന് സൂചനകളൊന്നും ലഭിച്ചില്ല. ജെസ്ന എരുമേലിക്കടുത്ത് കണ്ണിമലയിൽക്കൂടി കടന്നുപോകുന്ന ബസിൽ ഇരിക്കുന്നതായി ഒരു ബാങ്കിന്റെ നിരീക്ഷണ ക്യാമറയിൽ കണ്ടിരുന്നു. പൊലീസ് ഇത് പരിശോധിച്ചു. കൂടുതലായി ഒന്നും കിട്ടിയില്ല.
തുടർന്ന് ജസ്നയെ കണ്ടെത്തുന്നവർക്ക് പൊലീസ് രണ്ടുലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു. തിരുവല്ല ഡിവൈ.എസ്പി. ചന്ദ്രശേഖരൻ പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തിവന്നിരുന്നു. ഇതും ഫലമൊന്നും കണ്ടിരുന്നില്ല. ഇതിനിടെയാണ് ജസ്നയെ കണ്ടെത്തിയെന്ന റിപ്പോർട്ട് മംഗളത്തിൽ എത്തുന്നത്. ഇതിനോട് ഔദ്യോഗികമായി പൊലീസ് സ്ഥിരീകരണമെന്നും നടത്തുന്നില്ല.