തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. കോട്ടയത്ത് 6, ഇടുക്കി 4, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 1 വീതം എന്നിങ്ങനെയാണ് പോസിറ്റീവ് ആയവരുടെ എണ്ണം. ഇതിൽ അഞ്ച് പേർ തമിഴ്നാട്ടിൽനിന്നുള്ളവരാണ്. ഒരാൾ വിദേശത്തുനിന്നും എത്തി. ബാക്കിയുള്ളവർക്ക് സമ്പർക്കം വഴിയാണു രോഗം ബാധിച്ചത്. ഇന്ന് 13 പേർ രോഗവിമുക്തി നേടി . കണ്ണൂർ 6, കോഴിക്കോട് 4, തിരുവനന്തപുരം, എറണാകുളം, മലപ്പുറം 1 വീതം എന്നിങ്ങനെയാണ് നെഗറ്റീവായതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോട്ടയവും ഇടുക്കിയും റെഡ് സോൺ ആയി മാറി
ഇതുവരെ 481 പേർക്കാണ് സംസ്ഥാനത്തു രോഗം സ്ഥിരീകരിച്ചത്. 123 പേർ ചികിത്സയിലുണ്ട്. 20301 പേർ നിരീക്ഷണത്തിലുണ്ട്. ഇതിൽ 19812 പേര് വീടുകളിലും 489 പേർ ആശുപത്രിയിലുമാണ്. ഇന്നു മാത്രം 104 പേർ ആശുപത്രിയിലെത്തി. ഇതുവരെ 23,271 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. 22537 എണ്ണം രോഗബാധയില്ല എന്ന് ഉറപ്പാക്കി. ആരോഗ്യ പ്രവർത്തകർ, അതിഥി തൊഴിലാളികൾ, സാമൂഹ്യ സമ്പർക്കം കൂടുതലുള്ള വ്യക്തികൾ എന്നിങ്ങനെ മുൻഗണനാ ഗ്രൂപ്പുകളിൽനിന്ന് 875 സാംപിളുകൾ ശേഖരിച്ച് പരിശോധയ്ക്ക് അയച്ചു. 611 എണ്ണം നെഗറ്റീവാണ്. കോവിഡ് പരിശോധന വ്യാപകമാക്കുന്നതിന്റെ ഭാഗമായി ഇന്നലെ 3056 സാംപിളുകൾ പരിശോധനയ്ക്ക് അയച്ചു. ഹോട്സ്പോട്ടുകളിൽ മാറ്റം വന്നിട്ടുണ്ട്. ഇതോടൊപ്പം റെഡ് സോണുകളിലും മാറ്റം വരും.
നേരത്തേ പ്രഖ്യാപിച്ച നാലു ജില്ലകൾ റെഡ് സോണിൽ തുടരും. ഇന്നലെയും ഇന്നുമായി കോട്ടയത്തും ഇടുക്കിയിലും വർധനവാണ് വരുന്നത്. ആ സാഹചര്യത്തിൽ രണ്ട് ജില്ലകളും റെഡ് സോണ്‍ ആയി പ്രഖ്യാപിക്കുന്നു. ഒപ്പം ഹോട്സ്പോട്ടിന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ വണ്ടൻമേട്, ഇരട്ടയാർ, കോട്ടയത്ത് അയ്മനം, വെള്ളൂർ, അയർക്കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകൾ ഹോട്സ്പോട്ടാണ്. കോവിഡ് ബാധിച്ച് ആരും ചികിൽസയിലില്ലാത്തത് നാലു ജില്ലകളാണ്: തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, വയനാട്.
ഇന്ന് മുഖ്യമന്ത്രിമാരുടെ വിഡിയോ കോൺഫറൻസിൽ സംസാരിക്കുന്നത് പ്രധാനമായും ചെറിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ ആയിരിക്കുമെന്ന് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി നേരിട്ടു സംസാരിച്ചിരുന്നു. കേരളം ഉന്നയിക്കാനുള്ള പ്രധാന കാര്യങ്ങൾ നേരത്തേ അറിയിക്കുന്നതു നന്നാകും എന്ന് അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും ധരിപ്പിച്ചു. ലോക്ഡൗൺ പിൻവലിക്കുന്നത് ശ്രദ്ധയോടെ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടു.
കേന്ദ്രസർക്കാരിന്റെ മാർഗനിർദേശങ്ങൾക്ക് അനുസരിച്ച് ലോക്ഡൗണിൽ ചില ഇളവുകൾ സംസ്ഥാനം വരുത്തിയിരുന്നു. ലോക്ഡൗൺ പിൻവലിക്കുന്ന കാര്യത്തിൽ ശ്രദ്ധാപൂർവമായയ സമീപനം വേണമെന്നാണ് സംസ്ഥാനത്തിന്റെ അഭിപ്രായം. സംസ്ഥാനങ്ങളുടെ സവിശേഷത കൂടി പരിഗണിക്കുന്ന ദേശീയ നയം ആവശ്യം. മേയ് 15 വരെ ഭാഗികമായ ലോക്ഡൗൺ തുടരാമെന്നാണ് കേരളത്തിന്റെ അഭിപ്രായം. അന്നത്തെ സാഹചര്യം പരിശോധിച്ചു തുടർ നടപടികൾ കൈക്കൊള്ളാവുന്നതാണ്. തൊട്ടുമുൻപത്തെ ആഴ്ചയിൽ കോവിഡ് കേസുകൾ പുതുതായി റിപ്പോർട്ട് ചെയ്യപ്പെടാത്ത ജില്ലകളിൽ ആൾക്കൂട്ടങ്ങൾ, പൊതുഗതാഗതം എന്നിവ നിയന്ത്രിച്ചും നിലനിർത്തിയും ശാരീരിക അകലം പാലിച്ചും ലോക്ഡൗണ്‍ പിൻവലിക്കുന്നതു പരിഗണിക്കാമെന്ന് കേരളം അറിയിച്ചു.
അന്തർ ജില്ലാ, അന്തർ സംസ്ഥാന യാത്രകൾ മേയ് 15 വരെ നിയന്ത്രിക്കണം. പിപിപി കിറ്റുകളുടെയും മറ്റും ആവശ്യകത കുതിച്ചുയരുകയാണ്. ടെസ്റ്റിങ്ങിന് വരേണ്ട ആളുകളുടെ എണ്ണം വർധിക്കുന്നു. അവയുടെ സമാഹരണത്തിന്റെ ഉത്തരവാദിത്തം കേന്ദ്രം ഏറ്റെടുക്കണം. പ്രവാസികളുടെ കൂട്ടത്തിൽ വളരെ ചെറിയ വരുമാനമുള്ളവർ, ലേബർ ക്യാംപുകളിൽ കഴിയുന്നവര്‍, ജയിൽ ശിക്ഷ പൂർത്തിയാക്കിയവർ, പാര്‍ട്ട് ടൈം വരുമാനം നിലച്ചുപോയ വിദ്യാർഥികൾ, ലോക്ഡൗൺ കാരണം തൊഴിൽ നഷ്ടപ്പെട്ടവർ ഇങ്ങനെ വിവിധ വിഭാഗക്കാരുണ്ട്. ഇവർക്കെല്ലാം തിരിച്ചുവരേണ്ടതുണ്ട്. ഇവരുടെ വിമാനയാത്രകൂലി സ്വന്തമായി വഹിക്കാൻ പ്രയാസമുണ്ടാകും. ഇത് കേന്ദ്രസർക്കാർ വഹിക്കണമെന്ന് സംസ്ഥാനം അഭ്യർഥിച്ചു. ലോക്ഡൗൺ കാരണം തൊഴിൽ പോയവർക്ക് സാമ്പത്തിക പിന്തുണ അനിവാര്യമാണ്. അവർക്കായി പുനരധിവാസ പാക്കേജ് കേന്ദ്രം അടിയന്തരമായി പ്രഖ്യാപിക്കണം. അവരുടെ നൈപുണ്യം ഉപയോഗിക്കാൻ സാധിക്കുന്ന സ്കീമുകൾക്കും രൂപം നൽകണം.