കൊച്ചി: അന്‍സിബയുടെ പരാതിയില്‍ നടന് ടിനി ടോമിനെതിരെ കേസെടുക്കണമെന്ന കോടതി ഉത്തരവിലെ വിശദാംശങ്ങള്‍ പുറത്ത്. അന്‍സിബ ഉന്നയിക്കുന്ന പരാതികളില്‍ പ്രഥമ ദൃഷ്ട്യ കഴമ്പുണ്ടെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്. കേസ് എടുക്കാനാകില്ലെന്ന പൊലീസ് റിപ്പോര്‍ട്ട് അപൂര്‍ണ്ണമാണെന്നും എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി വിലയിരുത്തി.
ടിനി ടോം ഉപയോഗിച്ച ജിഹാദി അടക്കമുള്ള വാക്കുകള്‍ തമാശ രൂപേണയാണെന്നും ക്രിമിനല്‍ ഉദ്ദേശമില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതില്‍ ക്രിമിനല്‍ ഉദ്ദേശമുണ്ടോ എന്ന കാര്യം തെളിയുക വിശദമായ അന്വേഷണത്തിലാണെന്നാണ് കോടതി വിലയിരുത്തിയത്. അന്‍സിബയുടെ പരാതിയില്‍ വിശദമായ അന്വേഷണം ആവശ്യമാണ്. നീന കുറുപ്പ് നല്കിയ മൊഴി നിര്‍ണായകമാണ്. അന്‍സിബയുടെ പരാതിയില്‍ ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് 173 (5) പ്രകാരം കേസെടുത്ത് അന്വേഷണം നടത്തണമെന്നും കോടതി പറഞ്ഞു. അന്‍സിബയുടെ പരാതിയില്‍ കടവന്ത്ര പൊലീസ് ഇന്ന് കേസെടുക്കുമെന്നാണ് വിവരം. അന്‍സിബയുടെ പരാതിയില്‍ ടിനിക്കെതിരെ കേസെടുക്കണമെന്ന് ചൊവ്വാഴ്ചയായിരുന്നു കോടതി നിര്‍ദ്ദേശിച്ചത്. കേട്ടറിവിന്റെ അടിസ്ഥാനത്തിലുള്ള പരാതിയില്‍ കേസെടുക്കേണ്ടതില്ലെന്നായിരുന്നു പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. ഇതിനെതിരെ അന്‍സിബ കോടതിയെ സമീപിക്കുകയായിരുന്നു.
ജൂണ്‍ ഒന്നിനാണ് അന്‍സിബ ടിനിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. ടിനി ടോം തനിക്കെതിരെ തുടര്‍ച്ചയായി അപവാദ പ്രചാരണം നടത്തിയെന്നായിരുന്നു നടിയുടെ പരാതി. ടിനി ടോമിന്റെ ഡ്രൈവറെ താന്‍ മതം മാറ്റാന്‍ ശ്രമിച്ചു എന്നതുള്‍പ്പെടെ വ്യാജ പ്രചരണങ്ങള്‍ നടത്തിയെന്നും തന്നെയും കുടുംബത്തെയും വേട്ടയാടാന്‍ ശ്രമിച്ചുവെന്നും അന്‍സിബ ആരോപിച്ചിരുന്നു. താന്‍ കടുത്ത മാനസിക പീഡനത്തിന് ഇരയായെന്നും ടിനി ടോമിന്റേത് സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമാണെന്നും അന്‍സിബ പരാതിയില്‍ ആരോപിച്ചിരുന്നു. മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തല്‍ നടത്തിയ ശേഷമായിരുന്നു അന്‍സിബ പൊലീസില്‍ പരാതി നല്‍കിയത്.
പരാതിയുടെ അടിസ്ഥാനത്തില്‍ കടവന്ത്ര പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ നടിമാരായ ശ്വേതാ മേനോന്, നീന കുറുപ്പ്, ടിനി ടോം എന്നിവരുടെ മൊഴികള്‍ രേഖപ്പെടുത്തിയിരുന്നു. വാട്സ്ആപ്പ് ഗ്രൂപ്പില്‍ വന്ന പരാമര്‍ശം അന്‍സിബയെ ഉദ്ദേശിച്ചുള്ളതല്ലെന്നും പൊതുവായ ഒന്നാണെന്നുമായിരുന്നു ശ്വേത മേനോന് നല്കിയ മൊഴി. താന്‍ അത്തരം വാക്കുകള്‍ പ്രയോഗിച്ചിട്ടില്ലെന്നായിരുന്നു ടിനി ടോമിന്റെ മൊഴി. ചില കാര്യങ്ങള്‍ കേട്ടതായായിരുന്നു നീന കുറുപ്പ് പറഞ്ഞത്. എന്നാല്‍ അതിന് കൃത്യമായ തെളിവുകളോ സമയമോ വ്യക്തമാക്കാന്‍ നീന കുറുപ്പിന് കഴിഞ്ഞില്ലെന്നാണ് പൊലീസ് കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞത്. കൂടാതെ മറ്റ് സാക്ഷികളാരും ഇത്തരം പരാമര്‍ശങ്ങള്‍ കേട്ടതായി സ്ഥിരീകരിച്ചിട്ടില്ലെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. മറ്റൊരാള്‍ പറഞ്ഞുകേട്ടതിന്റെ അടിസ്ഥാനത്തിലുള്ള പരാതിയില്‍ കേസെടുക്കാന്‍ കഴിയില്ലെന്നും പൊലീസ് വ്യക്തമാക്കിയിരുന്നു. ഈ പൊലീസ് റിപ്പോര്‍ട്ടിനെതിരെ അന്‍സിബ കോടതിയെ സമീപിക്കുകയായിരുന്നു.










Manna Matrimony.Com
Thalikettu.Com






