കോട്ടയം: കോവിഡ് സ്ഥിതീകരിച്ച കോട്ടയം ജില്ലയിൽ വാഹനങ്ങൾക്ക് കുറവില്ല. കഞ്ഞിക്കുഴി മാവിൻ ചുവട്ടിൽ ശക്തമായ പരിശോധനയാണ് പോലീസ് നടത്തുന്നത്. കൂടാതെ കോട്ടയം ടൗൺ, കോടിമത, ചവിട്ടുവേലി, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ ശക്തമായ പോലീസ് പരിശോധനകളുണ്ട്.
കാരണമില്ലാതെ പുറത്തു ഇറങ്ങുന്നവർക്കും, മാസ്ക് ധരിക്കാതെ പുറത്തിറങ്ങുന്നവർക്കും എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നാണ് പോലീസ് വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന സൂചന. പ്രധാന സ്ഥലമായ കഞ്ഞിക്കുഴിയിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് കാണുവാൻ കഴിഞ്ഞത്. ചുമ്മാ കറങ്ങിയവർക്ക് പോലീസ് പിടി വീണു.
കോവിഡ് സ്ഥിതീകരിച്ച കൊശമറ്റം കവലക്കു സമീപത്തേക്കുള്ള എല്ലാ റോഡുകളും അടച്ചിരിക്കുകയാണ്. കഞ്ഞിക്കുഴി ഇറഞ്ഞാൽ റോഡ് പോലീസ് ബാരിക്കേഡ് കെട്ടി അടച്ചു. തിരുവഞ്ചൂരിൽ നിന്നും കൊശമറ്റം കവലയിലേക്കുള്ള റോഡിൽ കർശന പരിശോധനയാണ് നടക്കുന്നത്. ആശുപത്രി തുടങ്ങിയ അത്യാവശ്യ കാര്യങ്ങൾക്ക് മാത്രമാണ് അനുവാദം ഉള്ളത്.
ആവശ്യം ഉള്ളവർക്ക് വിജയപുരം പഞ്ചായത്ത് അധികൃതരോ, പൊലീസോ സഹായം എത്തിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. അത്യാവശ്യ സഹായം ആവശ്യം ഉള്ളവർ ജനപ്രതിനിധികളെയോ, പഞ്ചായത്ത്, പോലീസ് അധികൃതരെയോ അറിയിക്കാം
അതേസമയം കോട്ടയം ജില്ലയ്ക്ക് ആശ്വാസമായി മറ്റൊരു വാർത്തയും പുറത്തു വന്നിരിക്കുകയാണ്. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച ചുമട്ടു തൊഴിലാളികളുടെ കുടുംബാംഗങ്ങൾക്കു രോഗമില്ലെന്നു സ്ഥിതീകരിച്ചു. ഒപ്പം ജോലി ചെയ്ത മൂന്നു പേരുടെ ഫലവും നെഗറ്റീവ് ആണ്.
പനച്ചിക്കാട്ട് കുഴിമറ്റം ഭാഗത്തും ശക്തമായ നിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ഹോട്ട്സ്പോട്ട് ആയ സ്ഥലങ്ങൾ ഏതാണ്ട് പൂർണമായും അടച്ചിരിക്കുകയാണ്
ചാന്നാനിക്കാട് സ്വദേശിനിയായ ഇരുപത്തഞ്ചുകാരിക്ക് എവിടെ നിന്ന് രോഗം പടർന്നെന്നു കണ്ടെത്താനായിട്ടില്ല. ഇതു കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. കടുത്ത ചുമയും കഫക്കെട്ടും കണ്ടതിനെത്തുടർന്നാണ് യുവതിയെ പരിശോധനയ്ക്ക് വിധേയയാക്കിയത്.
നിരീക്ഷണം നിർദേശിക്കാത്തവർക്കും രോഗം പിടിപെട്ടതോടെ നടപടി കർശനമാക്കിയിരിക്കുകയാണ് ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും.