കോട്ടയം: ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ള ആളുകളുടെ എണ്ണത്തിൽ കാര്യമായ വർധന. 114 പേരെ ഇന്നലെ വീട്ടുനിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതോടെ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 650 ആയി. 750 പേരുടെ സാംപിളാണ് ഇതുവരെ പരിശോധിച്ചത്. ഇതിൽ 704 എണ്ണം നെഗറ്റീവും പത്തെണ്ണം പോസിറ്റീവുമാണ്. 15 പരിശോധനാ ഫലങ്ങൾ ലഭിക്കാനുണ്ട്.
കോട്ടയം ജില്ലയിൽ നടപടി കർശനമാക്കി ആരോഗ്യ വകുപ്പും ജില്ലാ ഭരണകൂടവും. വടയാറിൽ കോവിഡ് സ്ഥിരീകരിച്ച അൻപത്തിമൂന്നുകാരന്റെ സഹോദരിയും ഭർത്താവും അയർലൻഡിൽ നിന്ന് മാർച്ച് 10നാണ് എത്തിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്രവം പരിശോധനയ്ക്കു നൽകിയത്.
വെള്ളൂരിൽ കോവിഡ് സ്ഥിരീകരിച്ച നാഗർകോവിൽ സ്വദേശി 56 കാരൻ കഴിഞ്ഞ 22നു നാട്ടിൽപോയി മടങ്ങി വന്നതാണ്. 14 ദിവസം ക്വാറന്റീൻ പാലിച്ച ശേഷമാണ് ഇദ്ദേഹം ജോലിയിൽ തിരികെ പ്രവേശിച്ചതെന്നാണ് വിവരം.
വെള്ളൂരിൽ വാടകയ്ക്കാണ് താമസിച്ചിരുന്നത്. കഴിഞ്ഞ ചൊവ്വ, ബുധൻ ദിവസങ്ങളിൽ ഇദ്ദേഹം ട്രാക്ക് നവീകരണ ജോലികളിൽ ഏർപ്പെട്ടിരുന്നതായാണ് ആരോഗ്യ പ്രവർത്തകർക്ക് ലഭിച്ച വിവരം. പനിയും ശ്വാസതടസ്സവും മൂലം വെള്ളിയാഴ്ചയാണ് സ്രവം പരിശോധിച്ചത്. ഇതിനിടെ 3 തവണ വെള്ളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പരിശോധനയ്ക്കു പോയി.
കോട്ടയം ചാന്നാനിക്കാട് സ്വദേശിനിയായ ഇരുപത്തഞ്ചുകാരിക്ക് എവിടെ നിന്ന് രോഗം പടർന്നെന്നു കണ്ടെത്താനായിട്ടില്ല. ഇതു കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യ വകുപ്പ്. കടുത്ത ചുമയും കഫക്കെട്ടും കണ്ടതിനെത്തുടർന്നാണ് യുവതിയെ പരിശോധനയ്ക്ക് വിധേയയാക്കിയത്.
കോട്ടയം ജനറൽ ആശുപത്രിയിലെ നഴ്സായ മുപ്പത്തിരണ്ടുകാരൻ കഴിഞ്ഞ ദിവസം കോവിഡ് പരിശോധനയ്ക്കുള്ള സാംപിളുകൾ ശേഖരിക്കാൻ സഹായിച്ചതായി വിവരമുണ്ട്. ഇയാൾ കടുത്ത ചുമയെത്തുടർന്നാണ് ചികിത്സ തേടിയത്. ഇതിനിടെ ഇടുക്കിയിലെ ഒരു രോഗിയെക്കൂടി കോട്ടയം മെഡിക്കൽ കോളജിലേക്ക് ഇന്നലെ മാറ്റി. മഞ്ഞപ്പിത്ത ബാധയെത്തുടർന്നാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. പുതിയ ഹോട്ട്സ്പോട്ടിലേക്ക് കോട്ടയം ജില്ലയിലെ മണർകാടും ഇന്നലെ ഉൾപ്പെടുത്തി