കൊച്ചി: സിഎംആര്‍എല്‍ എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ വീണ ടിക്ക് എതിരായ തുടര്‍നടപടികള്‍ വേഗത്തിലാക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നീക്കം. എച്ച്ഡിഎഫ്‌സി ബാങ്കിലെ ലോക്കര്‍ തുറന്ന് പരിശോധിച്ചതിന് പിന്നാലെ വീണ്ടും സമന്‍സ് അയക്കും. ലോക്കര്‍ പരിശോധനയില്‍ കേസുമായി ബന്ധപ്പെട്ട രേഖകളോ വസ്തുക്കളോ ലഭിച്ചിട്ടില്ലെന്നാണ് സൂചന. ഇതിനിടെ 242 ബാങ്ക് അക്കൗണ്ടുകളിലായി 18.36 കോടി രൂപ മരവിപ്പിച്ചതിന് പിന്നാലെ കണ്ടുകെട്ടല്‍ നടപടികളിലേക്കും ഇ ഡി കടന്നിട്ടുണ്ട്.
ഇന്നലെയാണ് ഇ ഡി സംഘം തിരുവനന്തപുരം എംജി റോഡിലുളള എച്ച്ഡിഎഫ്‌സി ബാങ്കിലെത്തി പരിശോധന നടത്തിയത്. വലിയ സുരക്ഷയാണ് ബാങ്കിന് പുറത്ത് ഏര്‍പ്പെടുത്തിയിരുന്നത്. രാവിലെ പത്തുമണിയോടെ തന്നെ ഇ ഡി സംഘം ബാങ്കിലെത്തിയിരുന്നു. വീണയുടെ മരവിപ്പിച്ച അക്കൗണ്ടിന്റെ പരിശോധനയായിരുന്നതിനാൽ അവരുടെ സാന്നിദ്ധ്യം ആവശ്യമുണ്ടായിരുന്നില്ല.
17-ന് കൊച്ചിയിലെ ഇ ഡി ഓഫീസിൽ വെച്ച് വീണ ടിയെ ചോദ്യം ചെയ്തിരുന്നു. രാവിലെ പത്തരയോടെ വീണ ചോദ്യം ചെയ്യലിന് ഹാജരായി. ഒമ്പത് മണിക്കൂറോളമാണ് ചോദ്യം ചെയ്യല്‍ നീണ്ടത്. ഇ ഡി ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍. സിഎംആര്‍എല്ലിന് നല്‍കിയ സേവനം, കൈപ്പറ്റിയ പണത്തിന്റെ വിനിയോഗം തുടങ്ങിയ കാര്യങ്ങള്‍ സംബന്ധിച്ച് വ്യക്തത വരുത്താനായിരുന്നു ഇ ഡി ശ്രമം. സിഎംആര്‍എല്‍ എം ഡി ശരണ്‍ എസ് കര്‍ത്തയെയും ജയ എസ് കര്‍ത്തയെയും ഷിബി എസ് കര്‍ത്തയെയും ഇ ഡി കഴിഞ്ഞ ദിവസങ്ങളില്‍ ചോദ്യം ചെയ്തിരുന്നു.










Manna Matrimony.Com
Thalikettu.Com






