പാരീസ്: യുഎസ് – ഇറാന്‍ സമാധാന കരാറിന്റെ ഹാര്‍ഡ് കോപ്പിയില്‍ ഒപ്പിട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വേഴ്‌സായ് കൊട്ടരത്തില്‍ വച്ചാണ് ജി7 ഉച്ചക്കോടിയില്‍ പങ്കെടുക്കാനെത്തിയ ട്രംപ് ധാരണാപത്രത്തില്‍ ഒപ്പുവച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഒരുക്കിയ അത്താഴ വിരുന്നില്‍ പങ്കെടുക്കുമ്പോഴാണ് കരാര്‍ ഒപ്പിട്ടതായി ട്രംപ് തന്നെ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കിയത്.
അതേസമയം ഇതേ കരാറില്‍ ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്‌ക്കിയാനും ഒപ്പുവച്ചതായി ഇറാന്റെ ഔദ്യോഗിക മാധ്യമം പങ്കുവച്ച ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നുണ്ട്. ഫ്രാന്‍സില്‍ വച്ച് കരാര്‍ ഒപ്പുവയ്ക്കുന്നതിന്റെ ചിത്രങ്ങള്‍ ഇറാനിലേക്ക് യുഎസ് അയച്ചുനല്‍കിയതായി യുഎസ് അധികൃതര്‍ വ്യക്തമാക്കി.
അതേസമയം IRNA പുറത്തുവിട്ട ചിത്രങ്ങളില്‍ ഫാര്‍സിയില്‍ എഴുതിയിരിക്കുന്ന കരാര്‍ പിടിച്ചു നില്‍ക്കുന്ന പെസെഷ്‌ക്കിയാനെയാണ് കാണാന്‍ കഴിയുന്നത്. ഈ കരാറിന് താഴെയായി ട്രംപിന്റെ ഒപ്പും കാണാം. 800 വാക്കുകളുള്ള കരാറില്‍ 14 നിര്‍ദേശങ്ങളാണുള്ളതെന്നാണ് വിവരം. ഇതില്‍ വെടിനിര്‍ത്തല്‍ നീട്ടുന്നതും ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള ഗതാഗതം പുനഃരാരംഭിക്കുന്നതടക്കമാണ് പരാമര്‍ശിക്കുന്നത്. പുതിയ കരാര്‍ എത്രയും വേഗം പ്രാബല്യത്തില്‍ വരുമെന്ന് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ച പാകിസ്താന്‍ പ്രതികരിച്ചിരുന്നു.
സമാധാന കരാര്‍ അന്തിമമല്ല, ഇറാൻ്റെ പെരുമാറ്റം ഇഷ്ടപ്പെട്ടില്ലെങ്കില്‍ ആക്രമണം തുടരും: ഭീഷണിയുമായി ഡോണൾഡ് ട്രംപ്
കരാറില്‍ ഇറാന്റെ എണ്ണ കയറ്റുമതിക്ക് ഉണ്ടായിരുന്ന ഉപരോധം റദ്ദാക്കുന്നതിന്റെ അടിസ്ഥാനത്തില്‍ ഹോര്‍മൂസ് കടലിടുക്ക് തുറക്കുമെന്നതാണ് പ്രധാന നിർദേശങ്ങളിലൊന്ന്. ഇറാന്‍ ഒരിക്കലും ആണവായുധം വാങ്ങുകയോ വികസിപ്പിക്കുകയോ ചെയ്യില്ലെന്നും ധാരണാപത്രത്തിലുണ്ട്. ഇറാന്റെ പുനര്‍നിര്‍മാണത്തിനായി യുഎസും പ്രാദേശിക പങ്കാളികളും 300ബില്യണ്‍ ഡോളര്‍ ഫണ്ട് വികസിപ്പിക്കുന്നതില്‍ പ്രതിജ്ഞാബദ്ധമാണെന്നും അടുത്തഘട്ട ചര്‍ച്ചകളില്‍ അത് പ്രാബല്യത്തില്‍ വരുമെന്നും കരാറിലുണ്ട്. അതേസമയം കരാറില്‍ ലെബനന്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ആക്രമണങ്ങള്‍ അവസാനിപ്പിച്ചുവെന്നാണെങ്കിലും ഇസ്രയേല്‍ ഇപ്പോഴും ആക്രമണം തുടരുകയാണ്.
യുഎസ് – ഇറാന്‍ സമാധാന കരാര്‍ പ്രാബല്യത്തില്‍ വരുമെന്ന ട്രംപിന്റെ പ്രഖ്യാപനം വന്നതിന് പിന്നാലെ ഹോർമൂസ് വഴിയുള്ള കപ്പല്‍ ഗതാഗതം സാധാരണ നിലയിലാകുമെന്ന പ്രതീക്ഷയിലാണ് ലോകം. മൂന്ന് ദിവസം മുമ്പ് ഹോര്‍മൂസ് കടലിടുക്ക് കടന്ന സ്യൂയസ്മാക്‌സ് ടാങ്കര്‍ ഇന്ന് ഗുജറാത്തിലെ ദഹേജ് തുറമുഖത്തെത്തും. മാള്‍ട്ടയുടെ പതാക വഹിക്കുന്ന ദിഷ എന്ന എല്‍എന്‍ജി ടാങ്കറാണ് ഹോര്‍മൂസ് ഔദ്യോഗികമായി തുറക്കുന്നതിനും മുമ്പ് തന്നെ കടലിടുക്ക് കടന്നത്. ടാങ്കറിന്റെ സ്ഥാനം, യാത്രാമാര്‍ഗം, വേഗത, ലക്ഷ്യസ്ഥാനം എന്നീ വിവരങ്ങള്‍ മനസിലാകാന്‍ സാധിക്കുന്ന തരത്തില്‍ ഓട്ടോമറ്റിക്ക് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം നിലനിര്‍ത്തിയാണ് കപ്പല്‍ കടലിടുക്ക് കടന്നത്. ഇന്ത്യന്‍ സര്‍ക്കാരുമായുള്ള ബന്ധം പ്രഖ്യാപിക്കുന്നതിനായാണ് കപ്പല്‍ ASI ട്രാന്‍സ്മിഷന്‍ ഉപയോഗിച്ചത്.
