ന്യൂഡല്‍ഹി: ഒടുവില്‍ കോണ്‍ഗ്രസിലെ മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് അവസാനം. മുഖ്യമന്ത്രിയായി വി ഡി സതീശനെ പ്രഖ്യാപിച്ചു. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്, മുകുള്‍ വാസ്നിക്, ജയ്റാം രമേശ് എന്നിവര്‍ മാധ്യമങ്ങളെ കണ്ടാണ് തീരുമാനം പ്രഖ്യാപിച്ചത്.
മുഖ്യമന്ത്രി പ്രഖ്യാപനം സംബന്ധിച്ച് ഇന്ന് രാവിലെയും ഡല്‍ഹിയില്‍ തിരക്കിട്ട കൂടിയാലോചനകള്‍ നടന്നിരുന്നു. രാഹുല്‍ ഗാന്ധിയുടെ വസതിയിലും മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെയും വസതിയിലായിരുന്നു കൂടിക്കാഴ്ചകള്‍ നടന്നത്. പ്രിയങ്കയും കെ സി വേണുഗോപാലുമായായിരുന്നു രാഹുലിന്റെ കൂടിക്കാഴ്ച. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നിരീക്ഷകരുടെ ചുമതലയുള്ള അജയ് മാക്കന്, മുകുള്‍ വാസ്നിക് എന്നിവരും ജയ്റാം രമേശുമായായിരുന്നു ഖര്‍ഗെയുടെ കൂടിക്കാഴ്ച. ഇതിന് ശേഷമായിരുന്നു മാധ്യമങ്ങളെ കാണുമെന്ന് നേതാക്കള്‍ പ്രഖ്യാപിച്ചത്. ഇതിനിടെ രമേശ് ചെന്നിത്തലയെയും വി ഡി സതീശനെയും രാഹുല്‍ ഗാന്ധി ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.
തെരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വന്ന് പതിനൊന്നാം നാളിലാണ് കോണ്‍ഗ്രസിലെ മുഖ്യമന്ത്രി പ്രതിസന്ധിക്ക് പരിഹാരമായത്. ഫലം വന്ന് ഉടന്‍ പ്രഖ്യാപനമുണ്ടാകുമെന്നായിരുന്നു മുതിര്‍ന്ന നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ വോട്ടെടുപ്പ് കഴിഞ്ഞ മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി തുടങ്ങിയ അടി തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന ശേഷവും തുടരുകയായിരുന്നു. മുഖ്യമന്ത്രി കസേരയ്ക്ക് വേണ്ടി കെ സി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും ഒരുപോലെ നില ഉറച്ചു. സംസ്ഥാന വ്യാപകമായും ഡല്‍ഹിയില്‍ വരെയും നേതാക്കള്‍ക്ക് വേണ്ടി അണികള്‍ ഫ്ളക്സുകള്‍ സ്ഥാപിച്ചു. മെയ് ഒന്‍പതിന് വിഡിയെയും കെസിയെയും ആര്‍സിയെയും ഒപ്പം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനെയും ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും ദീപാദാസ് മുന്‍ഷിയുമായി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. കെ സി വേണുഗോപാലിനെ പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ഹൈക്കമാന്‍ഡ് കൈക്കൊണ്ടത്. എന്നാല്‍ സതീശനും രമേശ് ചെന്നിത്തലയും നിലപാട് കടുപ്പിച്ചതോടെ ഹൈക്കമാന്‍ഡ് അയഞ്ഞു. അന്നും പ്രഖ്യാപനം വന്നില്ല.










Manna Matrimony.Com
Thalikettu.Com






