പത്തനംതിട്ട: പണ്ട് മുതലേ എല്ലാവരും പഴി പറഞ്ഞു പുറത്താക്കിയ ചക്കക്ക് ഇപ്പോൾ പ്രിയമേറുന്നു. കൊറോണകാലം വന്നു വീട്ടിലിരുപ്പ് തുടങ്ങിയതോടെ ആർക്കും വേണ്ടാതെ കിടന്ന നമ്മുടെ ചക്കക്ക് ഇപ്പോൾ രാജകീയ പ്രൗഢി ലഭിച്ചിരിക്കുകയാണ്. മത്സ്യ, മാംസ ലഭ്യത കുറഞ്ഞതോടെ ഗ്രാമീണ വീടുകളിലെ അടുക്കളകളിൽ ചക്ക യാണ് ഇപ്പോൾ താരം. ഇപ്പോൾ കൊച്ചു കുട്ടികൾക്ക് വരെ ചക്കയാണ് ഇഷ്ട വിഭവം .
വെട്ടിയിടാനും, കോടാലിയുപയോഗിച്ച് അടർത്താൻ കഴിയില്ലാത്തതിനാലും ന്യൂജൻ വീട്ടമ്മമാർ ചക്കയെ പുറത്താക്കിയിരിക്കുകയായിരുന്നു. ലോക്ക്ഡൗണും യാത്രാ നിരോധനവും വന്നതോടെ ജോലിയില്ലാതെ വീട്ടിലിരിക്കുന്നവർക്ക് ചക്ക അടർത്തൽ ഒരു ഹരമായി മാറി.
ചക്കക്കുരു ഷെയ്ക്ക് ഇപ്പോൾ കുട്ടികളുടെ ഇടയിൽ വൈറലായിരിക്കുകയാണ്. രുചിയിൽ ബദാം ഷേയ്ക്കിനെ മറികടക്കുന്ന തരത്തിൽ പുഴുങ്ങിയ ചക്കക്കുരു ഷെയ്ക്ക് ഇപ്പോൾ കുട്ടികളുടെയും പ്രധാന വിഭവമാണ്. ഇതോടെ വിദേശ രാജ്യങ്ങളിലും രാജ പ്രൗഢിയോടെ നിലനിൽക്കുകയാണ് ചക്കക്കുരുവും ഇപ്പോൾ.
പഴമക്കാരുടെ ഇഷ്ട വിഭവമായിരുന്നു കപ്പയും ചക്കയും. കാലം മാറിയതോടെ മലയാളിയുടെ ഭക്ഷണക്രമത്തിൽ നിന്ന് ഇവ രണ്ടും മാറി പകരം ബീഫും, ചിക്കനുമൊക്കെയായി.
വളവും, കീടനാശിനിയും ഒന്നും തളിക്കാതെ ലഭിക്കുന്ന ചക്കയെക്കുറിച്ച് പറയാൻ വീട്ടമ്മമാർക്ക് ഇപ്പോൾ നൂറു നാവ്.. സ്കൂളുകൾ ഇല്ലാത്തതിനാൽ കുട്ടികളും ചക്ക ഒരുക്കലുമായി രംഗത്തുണ്ട്. പുഴുക്ക്, ചിപ്സ്, അവിയൽ, ചക്ക പായസം തുടങ്ങിയ വിഭവങ്ങൾ നാട്ടിൻ പുറങ്ങളിലെ അടുക്കളകളിൽ റെഡിയാണ്.