തിരുവനന്തപുരം: ലോക്ഡൗണുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകള്‍ പച്ച, ഓറഞ്ച് ബി മേഖലകളില്‍ തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. നേരത്തെ, ചൊവ്വാഴ്ച മുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുമെന്നാണ് അറിയിച്ചിരുന്നത്.
പച്ച മേഖലയില്‍ കോട്ടയം, ഇടുക്കി ജില്ലകളും ഓറഞ്ച് ബി മേഖലയില്‍ ആലപ്പുഴ, തിരുവനന്തപുരം, പാലക്കാട്, വയനാട്, തൃശൂര്‍ ജില്ലകളുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
പച്ച, ഓറഞ്ച് ബി മേഖലയില്‍ ജില്ലാ അതിര്‍ത്തി കടന്നുള്ള യാത്രകള്‍ നിരോധിച്ചിട്ടുണ്ട്. മെഡിക്കല്‍ ആവശ്യങ്ങള്‍ക്കും മാര്‍ഗനിർദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുള്ള കാര്യങ്ങള്‍ക്കും മാത്രമേ ജില്ലാഅതിര്‍ത്തിയും സംസ്ഥാന അതിര്‍ത്തിയും കടന്നുള്ള യാത്ര അനുവദിക്കൂ.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സിനിമാതിയറ്ററുകള്‍, ഷോപ്പിങ് കേന്ദ്രങ്ങള്‍, പാര്‍ക്കുകള്‍, ബാറുകള്‍ മുതലയായവ പ്രവര്‍ത്തിക്കില്ല. ജനങ്ങള്‍ കൂട്ടംകൂടുന്ന എല്ലാതരം പരിപാടികളും നിരോധിച്ചിട്ടുണ്ട്. ആരാധനാകേന്ദ്രങ്ങളും തുറക്കില്ല. വിവാഹത്തിനും മരണാനന്തരചടങ്ങുകളിലും 20ല്‍ കൂടുതല്‍ ആളുകൾ പങ്കെടുക്കാന്‍ അനുവദിക്കില്ല.
ആരോഗ്യമേഖല, കൃഷി, മത്സ്യബന്ധനം, പ്ലാന്റേഷന്, മൃഗസംരക്ഷണം, സാമ്പത്തികമേഖല, സാമൂഹ്യമേഖല, ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമ്പ്രദായം, തൊഴിലുറപ്പ് പദ്ധതികള്‍ എന്നീ മേഖലകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ഉണ്ട്. ഇന്ധനനീക്കം, ഊര്‍ജ്ജവിതരണം എന്നിവ ഉള്‍പ്പെടെയുള്ള പൊതുസേവനകാര്യങ്ങള്‍, ചരക്ക് നീക്കം, അവശ്യസാധനങ്ങളുടെ വിതരണം, സ്വകാര്യ, വാണിജ്യസ്ഥാപനങ്ങള്‍, സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള വ്യവസായ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രവര്‍ത്തനം, നിർമാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. സാമൂഹികഅകലം പാലിച്ചുകൊണ്ടാവണം ഇവ പ്രവര്‍ത്തിപ്പിക്കേണ്ടത്.
ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് നമ്പറുകളില്‍ അവസാനിക്കുന്ന റജിസ്ട്രേഷന് നമ്പറുള്ള വാഹനങ്ങള്‍ക്ക് തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ യാത്രാനുമതി നല്‍കിയിട്ടുണ്ട്. പൂജ്യം, രണ്ട്, നാല്, ആറ്, എട്ട് അക്കങ്ങളില്‍ അവസാനിക്കുന്ന നമ്പറുള്ള വാഹനങ്ങള്‍ക്ക് അനുമതിയുള്ളത് ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലാണ്. എന്നാല്‍, ഒഴിവാക്കപ്പെട്ട വിഭാഗത്തിലുള്ളവരും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി ലഭിച്ചിട്ടുള്ള സ്ഥാപനങ്ങളിലെ ജീവനക്കാരും സഞ്ചരിക്കുന്ന വാഹനങ്ങള്‍ക്ക് ഈ ക്രമം ബാധകമല്ല. ഞായറാഴ്ച പ്രവര്‍ത്തിക്കുന്ന അടിയന്തരപ്രാധാന്യമുള്ള സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്നവര്‍ക്ക് മാത്രമേ ആ ദിവസം വാഹനം പുറത്തിറക്കാന്‍ അനുമതിയുള്ളൂ. മണ്‍സൂണിന് മുൻപുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആരോഗ്യവകുപ്പ്, തദ്ദേശഭരണ ജീവനക്കാര്‍ക്കും പ്രവര്‍ത്തനാനുമതിയുണ്ട്.
ഓറഞ്ച് എ മേഖലയായി പ്രഖ്യാപിച്ചിട്ടുള്ള പത്തനംതിട്ട, എറണാകുളം, കൊല്ലം ജില്ലകളില്‍ ഇളവുകള്‍ ഏപ്രില്‍ 24 മുതല്‍ പ്രാബല്യത്തില്‍വരും. ചുവപ്പ് മേഖലയായി പ്രഖ്യാപിച്ചിട്ടുള്ളത് കാസർകോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം ജില്ലകളാണ്. ഇവിടെ നിലവിലുള്ള ലോക്ഡൗണ്‍ അതേപടി തുടരും. സര്‍ക്കാര്‍ ഉത്തരവ് പ്രകാരം പ്രവര്‍ത്തനാനുമതി നല്‍കിയിട്ടുള്ള കാര്യങ്ങള്‍ക്കായി മാത്രമേ ഒരു ജില്ലയില്‍ നിന്ന് അടുത്തുള്ള ജില്ലയിലേക്ക് പ്രവേശനം അനുവദിക്കൂ. മറ്റ് ആവശ്യങ്ങള്‍ക്കായി ജില്ല കടന്ന് യാത്ര ചെയ്യാന്‍ അനുമതി നല്‍കില്ലെന്നും ഡിജിപി അറിയിച്ചു.
ഇളവുള്ള ജില്ലകളിൽ പ്രവർത്തിക്കാവുന്ന സ്ഥാപനങ്ങൾ.
* ഹോട്ടലുകളിൽ ഏഴ് മണിവരെ ഭക്ഷണം വിളമ്പാം, പാർസൽ കൗണ്ടർ എട്ട് വരെ
* തപാൽ, കൊറിയർ, അക്ഷയ കേന്ദ്രങ്ങൾ
* മെഡിക്കൽ ലാബുകളും ശേഖരണകേന്ദ്രങ്ങളും
* വെറ്ററിനറി ആശുപത്രികൾ, ഡിസ്പെൻസറികൾ, ക്ലിനിക്കുകൾ, പാത്തോളജി ലാബുകൾ.
* മരുന്ന്, മെഡിക്കൽ ഉപകരണ നിർമ്മാണ യൂനിറ്റുകൾ, മെഡിക്കൽ ഓക്സിജൻ
* ആരോഗ്യ മേഖലയിലെ നിർമ്മാണ പ്രവർത്തനങ്ങൾ
* കാർഷിക മേഖലയിലെ മുഴുവൻ പ്രവർത്തനങ്ങളും
* ആഴക്കടൽ, ഉൾനാടൻ മത്സ്യബന്ധനത്തിനും ഹാച്ചറികൾക്കും
* തോട്ടം മേഖലയിൽ 50 ശതമാനം തൊഴിലാളികളെ വിന്യസിച്ചുള്ള ജോലികൾ
* നിർമ്മാണ സാമഗ്രികളുടെ വിൽപനകേന്ദ്രങ്ങൾ
* ഭിന്നശേഷി/ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെയും വയോജനങ്ങളുടെയും പരിപാലന കേന്ദ്രങ്ങൾ
* സാമൂഹിക അകലം പാലിച്ച് തൊഴിലുറപ്പ് പദ്ധതി പ്രകാരമുള്ള പ്രവൃത്തികൾ (ടീമിൽ അഞ്ചിലധികം പേർ പാടില്ല)
* ബാർബർ ഷോപ്പ് ശനി, ഞായർ ദിവസങ്ങളിൽ
* ട്രക്ക് റിപ്പയറിങ്ങിനുള്ള ഷോപ്പുകളും ഹൈവേകളിലെ ദാബകളും
* ഐ.ടി ഹാർഡ്വെയർ ഉൽപാദനമേഖല
* കശുവണ്ടി, നാളികേരം, വെളിച്ചെണ്ണ, കയർ, ഖാദി വ്യവസായ മേഖലകൾ
* മുഴുവൻ സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ യൂനിറ്റുകളും
* നോട്ട്ബുക്ക് നിർമ്മാണ യൂനിറ്റ്
* സഹകരണ സംഘങ്ങൾ 33 ശതമാനം ജീവനക്കാർ സഹിതം
* പഞ്ചായത്ത്, വില്ലേജ് ഓഫിസുകൾ 35 ശതമാനം ജീവനക്കാർ
* സർക്കാർ ഓഫിസുകൾ മറ്റൊരു ഉത്തരവ് വരെ തിങ്കൾ മുതൽ വെള്ളിവരെ പ്രവർത്തിക്കണം (ആഴ്ചയിൽ അഞ്ച് ദിവസം)