കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് കോൺഗ്രസ് നേതാവും തൃപ്പൂണിത്തുറ എംഎൽഎയുമായ കെ ബാബു. വാർത്താസമ്മേളനത്തിലാണ് കെ ബാബു തീരുമാനം അറിയിച്ചത്. മത്സരിക്കണമെന്ന് കോൺഗ്രസിന്റെ എല്ലാ നേതാക്കളും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വ്യക്തിപരമായ കാരണങ്ങളാൽ മത്സരത്തിനില്ലെന്ന് നേതാക്കളെ അറിയിച്ചുവെന്ന് ബാബു പറഞ്ഞു.
പിന്‍ഗാമിയെ നിര്‍ദേശിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മികച്ച സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ വരും. മണ്ഡലം യുഡിഎഫ് നിലനിര്‍ത്തും. സിപിഎമ്മിനും ബിജെപിക്കും ലൂസേഴ്സ് ഫൈനലില്‍ മല്‍സരിക്കാമെന്നും കെ ബാബു പറഞ്ഞു. ഒന്നുമല്ലാതിരുന്ന തന്നെ ഇത്രയുമാക്കിയത് കോൺഗ്രസ് പാർട്ടിയും തൃപ്പൂണിത്തുറയിലെ ജനങ്ങളുമാണ്. അവർക്ക് നന്ദി പറയുന്നുവെന്നും കെ ബാബു കൂട്ടിച്ചേർത്തു.
1991 മുതൽ തൃപ്പൂണിത്തുറയിൽ നിന്ന് ഏഴു തവണയാണ് നിയമസഭയിലേക്ക് മത്സരിച്ചത്. തുടർച്ചയായ അഞ്ചു തവണ ഉൾപ്പെടെ ആറു തവണ നിയമസഭയിലേക്ക് വിജയിച്ചു. 2016 ൽ സിപിഎമ്മിലെ എം സ്വരാജിനോടാണ് മത്സരിച്ച് പരാജയപ്പെട്ടത്. ബാർകോഴ വിവാദം കത്തിനിൽക്കുമ്പോഴായിരുന്നു തോൽവി. പിന്നീട് 2021ലെ തെരഞ്ഞെടുപ്പിൽ സ്വരാജിനെ തോൽപ്പിച്ച് കെ ബാബു വീണ്ടും എംഎൽഎയായി.
1991-ലെ തെരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ മുതിർന്ന നേതാവ് എം എം ലോറൻസിനെയാണ് ആദ്യം പരാജയപ്പെടുത്തുന്നത്. 1996-ൽ സിപിഎമ്മിലെ ഗോപി കോട്ടമുറിക്കലിനെയും, 2001-ൽ സിപിഎമ്മിന്റെ കെ ചന്ദ്രൻ പിള്ളയെയും, 2006-ൽ സിപിഎമ്മിലെ കെ.എൻ രവീന്ദ്രനാഥിനെയും പരാജയപ്പെടുത്തി. 2011 ലെ തെരഞ്ഞെടുപ്പിൽ കൊച്ചി മുൻ മേയർ സി.എം. ദിനേശ്മണിയെ 15,778 വോട്ടുകൾക്കാണ് തോൽപ്പിച്ചത്.










Manna Matrimony.Com
Thalikettu.Com






