തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസന പ്രവർത്തനങ്ങളുടെ നിർമാണ ഉദ്ഘാടനം ഇന്ന് വൈകിട്ട് 4 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. തുറമുഖ വകുപ്പ് മന്ത്രി വി.എൻ.വാസവൻ അധ്യക്ഷത വഹിക്കും. വൈകിട്ട് മൂന്നു മണി മുതൽ പൊതുജനങ്ങൾ വേദിയിലേക്ക് പ്രവേശനം ഉണ്ടായിരിക്കും. പ്രവേശനത്തിന് പ്രത്യേക പാസ് ഏർപ്പെടുത്തിയിട്ടില്ല.
തുറമുഖത്തു നിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാർഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേയ്ക്ക് നിർമ്മിച്ച പുതിയ പോർട്ട് റോഡിന്റെയും ഉദ്ഘാടനവും ചടങ്ങിനോട് അനുബന്ധിച്ചു നടക്കും. ഏതാണ്ട് 10000 കോടി രൂപ നിക്ഷേപമുള്ള വികസന പദ്ധതി പൂർത്തിയാകുമ്പോൾ തുറമുഖത്തിന്റെ വാർഷിക ശേഷി 15 ലക്ഷം ടിഇയുവിൽ നിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും.
ബെർത്ത് നിലവിലുള്ള 800 മീറ്ററിൽ നിന്ന് 2000 മീറ്റർ ആയി വികസിപ്പിക്കും. ബ്രേക്ക് വാട്ടർ 3 കിലോമീറ്ററിൽ നിന്ന് 4 കിലോമീറ്റർ ആയി വികസിപ്പിക്കും. ഇതിനു പുറമെ റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നീ അത്യാധുനിക സൗകര്യങ്ങൾ കൂടി വരുന്നതോടെ ലോകത്തെ മുൻനിര ട്രാൻസ്ഷിപ്പ്മെന്റ് ഹബ്ബുകൾക്ക് വിഴിഞ്ഞം ശക്തമായ വെല്ലുവിളിയാകും.
2045-ൽ പൂർത്തിയാക്കാൻ വിഭാവനം ചെയ്ത പദ്ധതികൾ 17 വർഷം മുൻപേ, അതായത് 2028-ൽ തന്നെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാന സർക്കാർ ഇതുവരെ 4777.14 കോടി രൂപയാണ് ഈ പദ്ധതിക്കായി നേരിട്ട് മുടക്കിയത്. ഇതിൽ ബ്രേക്ക് വാട്ടറിനായി 1726.34 കോടിയും, ഭൂമി ഏറ്റെടുക്കാൻ 1115.73 കോടിയും, റെയിൽ കണക്ടിവിറ്റിക്കായി 1213.66 കോടിയും, സോഷ്യൽ വെൽഫെയർ പാക്കേജിനായി 123.6 കോടി രൂപയും ഉൾപ്പെടുന്നു.
വെറും 10 മാസം കൊണ്ട് 10 ലക്ഷം കണ്ടെയ്നറുകൾ എന്ന നാഴികക്കല്ല് പിന്നിട്ട വിഴിഞ്ഞം, ഇന്ത്യയിലെ ഏറ്റവും വേഗമേറിയ ട്രാഫിക് വളർച്ചയുള്ള തുറമുഖമായി മാറിക്കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്നർ കപ്പലായ എംഎസ്സി ഐറിനയ്ക്ക് ആതിഥ്യമരുളാനും ദക്ഷിണേഷ്യയിൽ ഇതുവരെ വന്നതിൽ ഏറ്റവും ഡ്രാഫ്റ്റ് കൂടിയ (17.1 മീറ്റർ) എംഎസ്സ വെറോണ വിജയകരമായി ബെർത്ത് ചെയ്യാനും സാധിച്ചു.










Manna Matrimony.Com
Thalikettu.Com






