മലപ്പുറം: കൈയിലുണ്ടായിരുന്ന ഭാണ്ഡം പിടിച്ചു വാങ്ങിയപ്പോൾ ലഭിച്ച നാല് മിഠായികൾ കണ്ടു വൃദ്ധനെ പൊതിരെ തല്ലിയ സദാചാരക്കാരുടെ ക്രൂരതക്ക് മുന്നിൽ ദേവനാരായണൻ വിട വാങ്ങി.
ചില വർഷങ്ങൾക്ക് മുമ്പ് സമൂഹമാധ്യമത്തിൽ പ്രചരിച്ച ആ വാർത്തയിലെ മനുഷ്യനാണ് ഇന്നലെ കാളികാവ് അഗതി കേന്ദ്രത്തിൽ മരണപ്പെട്ടത്. സംസ്‌കാരം ഇന്നലെ തന്നെ ഭാരതപ്പുഴയോരത്ത് എല്ലാ വിധ മതാചാരങ്ങളോടും കൂടി നടത്തി.
ഓർമക്കുറവ് മൂലം ഇദ്ദേഹത്തിന് വീടും, നാടും എവിടെയെന്നു പോലും അറിയില്ല. സാധുവായ ഈ വൃദ്ധനെ നാട്ടുകാർ പരിശോധിച്ചപ്പോൾ ഭാണ്ഡക്കെട്ടിൽ നാല് മിഠായികൾ കണ്ടെത്തിയത്രെ. കുട്ടികളെ മയക്കാനാണ് ഈ മിഠായികൾ കയ്യിൽ കരുതിയെന്ന സദാചാരക്കാരുടെ കണ്ടെത്തലുകൾക്കൊടുവിൽ ഈ വൃദ്ധനെ ചില സദാചാരക്കാർ മർദിക്കുകയായിരുന്നത്രെ .
സ്വന്തം വിശപ്പകറ്റാൻ ആരോ നൽകിയ നാല് മിഠായികൾ ഓർമ്മ പോലുമില്ലാത്ത ആ പാവം യാചകനെ തല്ലു കൊള്ളിച്ചു . ഓരോ സ്ഥലവും യാചക നിരോധിത മേഖലയെന്ന് ബോർഡ് വെച്ച് അഭിമാനിച്ചിരുന്ന നമ്മൾ ചിലർ കാട്ടിക്കൂട്ടിയ ഇത്തരം ക്രൂരതകൾക്ക് മുൻപിൽ ആഹ്ളാദിച്ചു .
നാല് മിഠായി തന്റെ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന് ദേവനാരായണൻ പിന്നീട് തിരിച്ചറിഞ്ഞു കാണും. ദേവനാരായണന് കഴിക്കാനായി ഏതോ വീട്ടിൽ നിന്നും തന്ന മിഠായിയാണെന്നു ആ ക്രൂരന്മാർ മനസിലാക്കിയില്ല.. മർദ്ദനമേറ്റ് അവശനായ അയാളെ അവർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കാക്കിക്കുള്ളിലെ മനസാക്ഷിയുള്ള പോലീസ് ഉദ്യോഗസ്ഥർ കേസ് അന്വേഷിച്ചപ്പോഴാണ് വർഷങ്ങളായി മലപ്പുറത്ത് യാചന മാത്രം ചെയ്ത് ജീവിക്കുന്ന വീടും കുടുംബവുമൊന്നും ഓർമയിലില്ലാത്ത, മാനസികമായി പ്രശ്നങ്ങളുള്ള ഒരു സാധു മനുഷ്യനാണ് ദേവനാരായണനെന്ന് മനസ്സിലായി .
അവശനായ ദേവനാരായണനെ പൊലീസ് ചികിത്സിച്ചു. ദിവസങ്ങളോളം നീണ്ട ചികിത്സക്കൊടുവിൽ ആരോഗ്യം വീണ്ടുകിട്ടിയ അയാളെ കാളികാവിലെ അഗതി കേന്ദ്രത്തിലെത്തിച്ച് പോലീസ് മാതൃകയായി.
കാളികാവിലെ അഗതിമന്ദിരത്തിൽ ആരെയും ഭയക്കാനില്ലാതെ ജീവിച്ചു വരുന്നതിനിടെ ഇന്നലെ ദേവനാരായണൻ വിട പറഞ്ഞു.
ക്രൂരതയില്ലാത്ത, സദാചാര ഗുണ്ടകൾ ഇല്ലാതെ ലോകത്തു നിന്നും ദേവ നാരായണന്റെ ആത്മാവ് ഇപ്പോൾ ഇങ്ങനെ പറയുന്നുണ്ടാകും. നാലു മിഠായി മാത്രമുള്ള ആ നരകത്തിൽ നിന്ന് എന്നെ രക്ഷിച്ച പോലീസുകാർക്ക് നന്ദിയും സദാചാരക്കാർക്ക് മാപ്പും.