വാഷിംഗ്ടൺ: വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്ഐഎസ്) ഭീകര കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി യുഎസ് സൈന്യം. മേഖലയിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ ലക്ഷ്യമിട്ട് ക്രൂര കൊലപാതകങ്ങൾ നടത്തുന്ന ഭീകരർക്കെതിരെ താൻ നേരിട്ട് ഉത്തരവിട്ട മാരകമായ തിരിച്ചടിയാണിതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വ്യക്തമാക്കി. ക്രിസ്മസ് ദിനത്തിലായിരുന്നു ആക്രമണം.
ഭീകരർക്കുള്ള ശക്തമായ മുന്നറിയിപ്പാണിതെന്ന് ട്രംപ് സാമൂഹ്യ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു. ‘കമാൻഡർ ഇൻ ചീഫ് എന്ന നിലയിൽ എന്റെ നിർദ്ദേശപ്രകാരം, വടക്കുപടിഞ്ഞാറൻ നൈജീരിയയിലെ ഐഎസ് തീവ്രവാദികൾക്കെതിരെ അമേരിക്ക മാരകമായ ആക്രമണം നടത്തി. വർഷങ്ങളായി നിരപരാധികളായ ക്രിസ്ത്യാനികളെ ക്രൂരമായി കൊലപ്പെടുത്തുന്ന ഇവർക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്ന് ഞാൻ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്ന് രാത്രി അത് സംഭവിച്ചു,’ ട്രംപ് കുറിച്ചു.
അമേരിക്കയ്ക്ക് മാത്രം സാധ്യമായ രീതിയിലുള്ള കൃത്യതയാർന്ന ആക്രമണങ്ങളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തെ വളരാൻ അനുവദിക്കില്ലെന്നും ട്രംപ് കൂട്ടിച്ചേർത്തു. മരിച്ച ഭീകരർക്ക് ഉൾപ്പെടെ എല്ലാവർക്കും ക്രിസ്മസ് ആശംസകൾ നേരുന്നതായും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
നൈജീരിയൻ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ചും അവരുടെ സഹകരണത്തോടെയുമാണ് ആക്രമണം നടത്തിയതെന്ന് യുഎസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഇന്റലിജൻസ് വിവരങ്ങൾ പങ്കുവെച്ചും തന്ത്രപരമായ ഏകോപനത്തിലൂടെയുമാണ് കൃത്യമായ ലക്ഷ്യസ്ഥാനങ്ങളിൽ ആക്രമണം നടത്തിയതെന്ന് നൈജീരിയൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.
നൈജീരിയയിലെ ഭീകരവാദ പ്രവർത്തനങ്ങൾ ഇല്ലാതാക്കാൻ അമേരിക്കയുടെ പിന്തുണയെ സ്വാഗതം ചെയ്യുന്നുവെന്ന് നൈജീരിയൻ സർക്കാർ അറിയിച്ചു. അതേസമയം, രാജ്യത്തെ സംഘർഷങ്ങളെ മതപരമായ അടിച്ചമർത്തലായി മാത്രം കാണുന്നതിനോട് നൈജീരിയൻ സർക്കാർ വിയോജിപ്പ് പ്രകടിപ്പിച്ചു. മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരുപോലെ ഭീകരരുടെ ആക്രമണത്തിന് ഇരയാകുന്നുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.










Manna Matrimony.Com
Thalikettu.Com







