കൊച്ചി: മേയര്‍ തെരഞ്ഞെടുപ്പില്‍ പരിഭവം പ്രകടമാക്കി കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ്. യുഡിഎഫും കോണ്‍ഗ്രസും ഏല്‍പ്പിച്ച ഉത്തരവാദിത്തം താന്‍ ചെയ്‌തെന്ന് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട രണ്ട് മേയര്‍മാര്‍ക്കും പിന്തുണയും സഹായവും നല്‍കുമെന്ന് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു. നയിക്കണമെന്ന് നേതൃത്വം പറഞ്ഞുവെന്നും പിന്നീട് അതില്‍ മാറ്റമുണ്ടായത് എങ്ങനെയാണെന്ന് വിശദീകരിക്കേണ്ടത് മാറ്റിയ തീരുമാനമെടുത്ത ആളുകളാണെന്നും ദീപ്തി മേരി വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.
‘തീരുമാനത്തിന് ചുക്കാന്‍ പിടിച്ചവരാണ് അത് പറയേണ്ടത്. എനിക്ക് ഒന്നും പറയാനില്ല. കെപിസിസി സര്‍ക്കുലറില്‍ പറഞ്ഞിരുന്ന കാര്യങ്ങളില്‍ ചില അപാകതകള്‍ സംഭവിച്ചു. അത് പറയേണ്ടയിടത്ത് പറയും. അതില്‍ പ്രതിഷേധമില്ല. കൊച്ചി നഗരസഭയുടെ ഭരണം പിടിക്കുന്നതിന് നേതൃത്വം കൊടുത്ത പ്രധാനപ്പെട്ടയാള്‍ പ്രതിപക്ഷ നേതാവാണ്. അദ്ദേഹമാണ് ലീഡ് ചെയ്യണമെന്നുള്ള ഉത്തരവാദിത്തം എന്നെ ഏല്‍പ്പിച്ചത്. അദ്ദേഹം പറഞ്ഞത് അനുസരിച്ചാണ് തെരഞ്ഞെടുപ്പില്‍ പ്രവര്‍ത്തിച്ചത്. പക്ഷേ, തീരുമാനം മാറിയത് അദ്ദേഹം തന്നെ പറയട്ടേ’, ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
മേയര്‍ തെരഞ്ഞെടുപ്പില്‍ ഗൂഢാലോചന നടന്നോ എന്ന് അറിയില്ലെന്നും അതിന്റെ ആവശ്യവുമില്ലെന്നും ദീപ്തി പറഞ്ഞു. സ്വതന്ത്രമായ രീതിയില്‍ വോട്ട് രേഖപ്പെടുത്താനുള്ള അവസരം കൗണ്‍സിലര്‍മാര്‍ക്ക് നല്‍കണമായിരുന്നുവെന്നും ദീപ്തി കൂട്ടിച്ചേര്‍ത്തു. തന്റെ കൂടെ വളരെയധികം കൗണ്‍സിലര്‍മാര്‍ ഉണ്ടെന്നാണ് ആത്മവിശ്വാസം. തനിക്ക് പിന്തുണയില്ലെന്ന് പറയുന്നത് മാത്രമാണ് പരിഭവമെന്നും പദവി ലഭിക്കാതിരുന്നതില്‍ പരിഭവമില്ലെന്നും ദീപ്തി പറഞ്ഞു.
കെപിസിസി സര്‍ക്കുലര്‍ പ്രകാരം കെപിസിസിയില്‍ നിന്നുള്ള ഒരു നിരീക്ഷകന്‍ വന്ന് തെരഞ്ഞെടുപ്പ് നടത്തണം. രഹസ്യമായി വോട്ടെടുപ്പ് നടത്തണമെന്നുമുണ്ടെന്ന് ദീപ്തി കൂട്ടിച്ചേര്‍ത്തു. ഡിസിസി പ്രസിഡന്റ് ആ സര്‍ക്കുലര്‍ ശരിയായി വായിച്ചിട്ടുണ്ടാവില്ലെന്നും ദീപ്തി കുറ്റപ്പെടുത്തി. പല കൗണ്‍സിലര്‍മാര്‍ക്കും പല തരത്തിലുള്ള സമ്മര്‍ദം ഉണ്ടായിട്ടുണ്ടെങ്കില്‍ സ്വതന്ത്രമായി വോട്ട് വിനിയോഗിക്കാന്‍ സാധിച്ചിട്ടുണ്ടാവില്ലെന്നും ദീപ്തി പറഞ്ഞു.
‘ഒരു വാഗ്ദാനവും ചോദിച്ചിട്ടില്ല, പറഞ്ഞിട്ടുമില്ല. കെപിസിസി ജനറല്‍ സെക്രട്ടറി എന്ന നിലയ്ക്കാണ് എപ്പോഴും പ്രവര്‍ത്തിക്കുന്നത്. കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയാണ്. എല്ലാ ജാതിമതങ്ങളെയും ഒരു പോലെ കാണണം, അതിന് അപ്പുറം സംഭവിച്ചിട്ടുണ്ടെങ്കില്‍ നേതൃത്വം പറയട്ടേ. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നയാളല്ല, കൊച്ചി മേയര്‍ ആകണമെന്ന് ആഗ്രഹിച്ചല്ല രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയത്. ഇനിയും അതല്ല ലക്ഷ്യവും. എന്നോട് പാര്‍ട്ടി പറഞ്ഞത് പോലെ ചെയ്തു’, ദീപ്തി പറഞ്ഞു.
വി കെ മിനിമോളും ഷൈനി മാത്യൂവുമാണ് രണ്ടരവര്‍ഷം വീതം കൊച്ചി കോര്‍പ്പറേഷന്‍ പദവി പങ്കിടുക. 22 കൗണ്‍സിലര്‍മാര്‍ ഷൈനി മാത്യുവിനെ പിന്തുണച്ചപ്പോള്‍ 17 പേരുടെ പിന്തുണ വി കെ മിനി മോള്‍ക്ക് ലഭിച്ചു. ദീപ്തിക്കൊപ്പം നിന്നത് മൂന്നുപേര്‍ മാത്രമെന്നാണ് വിവരം. രണ്ടുപേര്‍ ദീപ്തിക്കും ഷൈനിക്കുമായി മേയര്‍പദവി പങ്കിടണമെന്ന് നിലപാടെടുക്കുകയായിരുന്നു.
ഏറ്റവും കൂടുതല്‍ പേര്‍ തുണച്ചത് ഷൈനി മാത്യുവിനെ എങ്കിലും വി കെ മിനി മോള്‍ക്ക് ആദ്യ ടേം നല്‍കാനാണ് ധാരണ. പ്രധാന നേതാക്കളുടെ നിലപാട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അംഗീകരിക്കുകയായിരുന്നു. കെപിസിസി സര്‍ക്കുലര്‍ അട്ടിമറിച്ച തീരുമാനമെന്നാണ് ദീപ്തി അനുകൂലികളുടെ നിലപാട്. പാര്‍ലമെന്ററി പാര്‍ട്ടിയിലെ പിന്തുണ മാത്രം പരിഗണിച്ചാണെങ്കില്‍ ടേം വ്യവസ്ഥയില്ലാതെ ഷൈനി മാത്യുവിനെ പരിഗണിക്കേണ്ടതല്ലേ എന്നും ഇവര്‍ ചോദിക്കുന്നു.










Manna Matrimony.Com
Thalikettu.Com






