തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി മറികടക്കാനും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർഭരണം ഉറപ്പിക്കാനും ബൃഹത്പദ്ധതികളുമായി സിപിഐഎം. തെറ്റുകൾ തിരുത്തി നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടാനും തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണങ്ങൾ പരിശോധിക്കാനുമാണ് സിപിഐഎം തീരുമാനിച്ചിരിക്കുന്നത്. അടിത്തട്ടിൽ പാർട്ടിയെ കൂടുതൽ സജീവമാക്കാനുള്ള നീക്കത്തിനും സിപിഐഎം തുടക്കം കുറിക്കും. നേതാക്കൾ താഴെതട്ടിൽ ഇറങ്ങി പ്രവർത്തിക്കണമെന്നാണ് നിർദ്ദേശം. ജില്ലാ നേതാക്കൾ പ്രാദേശിക അടിസ്ഥാനത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കണമെന്നും നിർദ്ദേശമുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ നഷ്ടമായ വാർഡുകളിൽ കൂടുതൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കം നേരത്തെ തുടങ്ങാനാണ് സിപിഐഎം സംസ്ഥാന നേതൃത്വത്തിൻ്റെ തീരുമാനം. ഇടതുപക്ഷത്തിൻ്റെ അനിവാര്യത ജനങ്ങളെ ബോധ്യപ്പെടുത്തുന്ന നിലയിലുള്ള പ്രവർത്തനമാണ് സിപിഐഎം ആസൂത്രണം ചെയ്യുന്നത്. നിലവിൽ നടന്ന് കൊണ്ടിരിക്കുന്ന വോട്ടർ പട്ടിക തീവ്രപരിഷ്കരണത്തിൽ ജാഗ്രതയോടെ ഇടപെടാനും സിപിഐഎം താഴെ ഘടകങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
കേന്ദ്രം നടപ്പിലാക്കാൻ തയ്യാറെടുക്കുന്ന പുതിയ തൊഴിലുറപ്പ് നിയമത്തിനെതിരെ വൻ പ്രക്ഷോഭത്തിനും സിപിഐഎം തയ്യാറെടുക്കുകയാണ്. സംസ്ഥാന വ്യാപകമായി തൊഴിലുറപ്പ് തൊഴിലാളികളെ അണിനിരത്തി സമരം ചെയ്യാനാണ് സിപിഐഎം നീക്കം. രാജ്യവ്യാപകമായി കേന്ദ്രസർക്കാരിൻ്റെ നീക്കം തുറന്ന് കാണിച്ച് സിപിഐഎം നടത്തുന്ന പ്രക്ഷോഭം കേരളത്തിൽ ശക്തമായി ഏറ്റെടുക്കാനാണ് നീക്കം. ഡിസംബർ 20ന് പഞ്ചായത്ത് തലത്തിൽ തൊഴിലുറപ്പ് തൊഴിലാളികളെ അണിനിരത്തി പ്രതിഷേധ സമരപരിപാടി സംഘടിപ്പിക്കാനാണ് ആലോചന. ഡിസംബർ 22ന് എൽഡിഎഫ് നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പരിപാടി സംഘടിപ്പാക്കാനും ആലോചനയുണ്ട്. മത-സാമൂഹിക-സാംസ്കാരിക സംഘടനകളെ കൂടി അണിനിരത്തുന്ന നിലയിൽ പ്രതിഷേധം സംഘടിപ്പിക്കാനാണ് നീക്കം.
തൊഴിലുറപ്പ് പദ്ധതി അവകാശമാണെന്ന മുദ്രാവാക്യം ഉയർത്തിയാവും സിപിഐഎം തൊഴിലുറപ്പ് തൊഴിലാളികളെ അണിനിരത്തി സമരത്തിനിറങ്ങുക. 22 ലക്ഷം തൊഴിലുറപ്പ് തൊഴിലാളികളെ ബാധിക്കുന്ന വിഷയം എന്ന നിലയിൽ കേന്ദ്രത്തിൻ്റെ പുതിയ തൊഴിലുറപ്പ് പദ്ധതിയെ ജനങ്ങൾക്ക് മുന്നിൽ അവതരിപ്പിക്കാനാണ് സിപിഐഎം നീക്കം. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ലോക്ഭവനിലേയ്ക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കാനും സിപിഐഎം ആലോചിക്കുന്നുണ്ട്.










Manna Matrimony.Com
Thalikettu.Com







