ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് വൻ തീപിടിത്തം. ചൊവ്വാഴ്ച പുലർച്ചെ ഡൽഹി-ആഗ്ര യമുന എക്സ്പ്രസ് വേയിലാണ് ദുരന്തമുണ്ടായത്. സംഭവത്തിൽ നാല് പേർ മരിക്കുകയും 50 ഓളം പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
കനത്ത മൂടൽമഞ്ഞിൽ റോഡും എതിരെ വന്ന വാഹനവും കാണാതായി വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. തുടർന്ന് ഒന്നിനു പുറകെ ഒന്നായി ബസുകളും കാറുകളും കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തിൽ എല്ലാ വാഹനങ്ങൾക്കും തൽക്ഷണം തീപിടിച്ചു. വാഹനത്തിനുള്ളിൽ യാത്രക്കാർ കുടുങ്ങിയത് അപകടത്തിന്റെ തീവ്രത വർധിപ്പിച്ചു.
വിവരമറിഞ്ഞ് അഗ്‌നിശമന സേനാ സംഘങ്ങളും, പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. വാഹനങ്ങൾ കൂട്ടിയിടിച്ച ശേഷം തീപിടിച്ചതാണ് അപകട കാരണമെന്ന് ഉദ്യോഗസ്ഥർ വിലയിരുത്തി. ‘ഇന്ന് രാവിലെ യമുന എക്സ്പ്രസ് വേയിലാണ് അപകടം നടന്നത്. പൊള്ളലേറ്റ് നാല് പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ബൽദേവ് കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലും ജില്ലാ ആശുപത്രിയിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു’ എന്ന് ജില്ലാ മജിസ്‌ട്രേറ്റ് ചന്ദ്രപ്രകാശ് സിങ് പറഞ്ഞു.
പരിക്കേൽക്കാതെ രക്ഷപ്പെട്ട യാത്രക്കാർക്ക് മറ്റു പ്രശ്നങ്ങളില്ലെന്ന് ഉറപ്പുവരുത്തി യാത്രാസൗകര്യം ഏർപ്പെടുത്തി. സർക്കാർ ബസുകളിൽ അവരവരുടെ സ്ഥലങ്ങളിലേക്ക് അയച്ചു. പ്രധാനമായും കനത്ത മൂടൽമഞ്ഞ് മൂലമാണ് അപകടം സംഭവിച്ചത്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു.
ബൽദേവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ യമുന എക്സ്പ്രസ് വേയിലായിരുന്നു അപകടം. അയോധ്യയിൽ നിന്ന് ഡൽഹിയിലേക്ക് പോകുകയായിരുന്ന ബസുകളാണ് മറ്റു വാഹനങ്ങളിൽ കൂട്ടയിടിച്ചതി്. മൂടൽമഞ്ഞിനെ തുടർന്നായിരുന്നു അപകടം. തുടർന്ന് ബസുകൾക്ക് തീപിടിച്ച് മറ്റ് വാഹനങ്ങളിലേയ്ക്ക് തീ പടരുകയായിരുന്നു എന്ന് സീനിയർ പൊലീസ് സൂപ്രണ്ട് ശ്ലോക് കുമാർ പറഞ്ഞു.
ഇതുവരെ നാല് പേർ പൊള്ളലേറ്റ് മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. കത്തിനശിച്ച വാഹനങ്ങൾ അധികൃതർ എത്തി സ്ഥലത്തുനിന്ന് നീക്കം ചെയ്യുന്നു എന്ന് എസ്പി പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







