കൊച്ചി: പൊലീസുകാർക്കെതിരെ ആരോപണവുമായി നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിൽ കുറ്റവിമുക്തമായ ശേഷം കോടതി മുറ്റത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിൽ നടന്ന യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയാണെന്നും ജയിലിലെ പ്രതികളെ കൂട്ടുപിടിച്ച് പൊലീസ് കള്ളക്കഥ മെനയുകയായിരുന്നെന്നും ദിലീപ് പറഞ്ഞു. ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും അന്വേഷിക്കണമെന്നും മഞ്ജു വാര്യർ പറഞ്ഞയിടത്തു നിന്നാണ് തനിക്കെതിരെ ഗൂഢാലോചന നടന്നതെന്നും അദ്ദേഹം പറഞ്ഞു. മുൻ ഭാര്യ മഞ്ജു വാര്യരുടെ പേരെടുത്ത് പറഞ്ഞുകൊണ്ടാണ് നടന്റെ പരാമർശം.
കോടതിക്ക് മുന്നിൽ ശബ്ദം ഇടറിയാണ് ദിലീപ് സംസാരിച്ചത്. ക്രിമിനൽ ഗൂഢാലോചന ഉണ്ടെന്നും അന്വേഷിക്കണമെന്നും മഞ്ജു വാര്യർ പറഞ്ഞയിടത്തു നിന്നാണ് തനിക്കെതിരെ ഗൂഢാലോചന നടന്നത്. ഒരു മേൽ ഉദ്യോഗസ്ഥനും ക്രിമിനൽ പൊലീസ് സംഘവും ചേർന്നാണ് അത് നടപ്പാക്കിയത്. മുഖ്യപ്രതിയെയും അയാളുടെ ജയിലിലെ കൂട്ടാളികളെയും ചേർത്തുപിടിച്ച് പൊലീസ് സംഘം കള്ളക്കഥ ഉണ്ടാക്കി. മാധ്യമങ്ങളെ കൂട്ടുപിടിച്ച് ആ കള്ളക്കഥ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസ് സംഘം ഉണ്ടാക്കിയ കള്ളക്കഥ കോടതിയിൽ തകർന്നു വീണു. യഥാർത്ഥ ഗൂഢാലോചന നടന്നത് തന്നെ പ്രതിയാക്കാൻ വേണ്ടിയായിരുന്നെന്നും തന്റെ ജീവിതം, കരിയർ ഒക്കെ നശിപ്പിക്കാൻ വേണ്ടിയാണ് ഇതൊക്കെ ചെയ്തതെന്നും ദിലീപ് മാധ്യമങ്ങളോട് പറഞ്ഞു. തന്നെ പിന്തുണച്ചവർക്കും തനിക്കുവേണ്ടി കോടതിമുറിക്കുള്ളിൽ വാദിച്ച അഭിഭാഷകർക്കും ദിലീപ് നന്ദി പറഞ്ഞു.










Manna Matrimony.Com
Thalikettu.Com







