തൃശ്ശൂർ: ശബരിമല സ്വര്‍ണക്കൊള്ളക്കേസിലെ അന്വേഷണം മുന്‍ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രനിലേക്ക് മാത്രമല്ല നിലവിലെ ദേവസ്വംമന്ത്രി വി എന്‍ വാസവനിലേക്കും എത്തണമെന്ന് കോണ്‍ഗ്രസ് മുതിർന്ന നേതാവ് കെ മുരളീധരന്‍. മന്ത്രിമാർ അറിയാതെ ഇത്രയും വലിയ കൊള്ള നടക്കില്ലയെന്നും അദ്ദേഹം പറഞ്ഞു.
ദേവസ്വം മന്ത്രി ഫയൽ ദേവസ്വം ബോർഡ് പ്രസിഡൻ്റിന് അയച്ചു എന്നാണ് പത്മകുമാർ മൊഴി നൽകിയിരിക്കുന്നതെന്നും കോൺഗ്രസ് നേരത്തെ പറഞ്ഞ കാര്യങ്ങൾ ഇപ്പോൾ യാഥാർത്ഥ്യമാകുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്ഐടിക്ക് ഹൈക്കോടതിയുടെ കർശന നിയന്ത്രണം ഉള്ളത് കൊണ്ടാണ് ഇത്രയെങ്കിലും അന്വേഷണം നടത്തിയതെന്നും ഇല്ലെങ്കിൽ ആവിയായി പോയേനെയെന്നും അദ്ദേഹം വ്യക്തമാക്കി.
ഏത് മതമാണെങ്കിലും കോൺഗ്രസിൻ്റേത് ഭക്തർക്കൊപ്പം നിൽക്കുന്ന നിലപാടാണെന്നും മതവികാരങ്ങൾ ഈ രാജ്യത്ത് സംരക്ഷിക്കപ്പെടണമെന്നതാണ് കോൺഗ്രസിൻ്റെ നയമെന്നും അദ്ദേഹം പറഞ്ഞു.ഭക്തരുടെ മനസ്സിന് മുറിവേറ്റു. അവർ കാണിക്കയായിട്ട് സമർപ്പിച്ചത് അടിച്ചു മാറ്റുന്നത് അവർക്ക് സഹിക്കാൻ കഴിയില്ലയെന്നും അദ്ദേഹം പറഞ്ഞു.
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് എതിരെയും കെ മുരളീധരന്‍ പ്രതികരിച്ചു. ഗോവിന്ദൻ മാഷിന് ഒരുപാട് സിദ്ധാന്തങ്ങൾ ഉണ്ട് അതൊന്നും മനുഷ്യർക്ക് ദഹിക്കില്ലായെന്നും കെ മുരളീധരന്‍ പറഞ്ഞു. ഗോവിന്ദൻ മാഷ് പറയുന്ന സിദ്ധാന്തങ്ങൾ മാഷ് സിദ്ധാന്തമാണെന്നും അതും യഥാർത്ഥ്യവും തമ്മിൽ ഒരു ബന്ധവുമില്ലയെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവരും കോടതി ശിക്ഷിക്കുമ്പോഴാണ് കുറ്റക്കാർ അവുന്നതെന്നും കുറ്റം ആരോപിച്ചു എന്ന് സംശയിച്ചാൽ ആ വ്യക്തി സംശയത്തിന്റെ നിഴലിലാണെന്നും അവിടെയാണ് പാർട്ടിക്ക് ഒരു നിലപാട് വേണ്ടതെന്നും മുരളീധരന്‍ പറഞ്ഞു. പത്മകുമാർ പല കാര്യങ്ങളും വിളിച്ചുപറയും എന്നതുകൊണ്ടാണ് പാർട്ടി നടപടിയെടുക്കാത്തതെന്നും കെ മുരളീധരൻ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പിൽ വിമതരായി തുടരുന്നവരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നും കെ മുരളീധരൻ താക്കീത് നൽകി. നാളെ 3 മണി വരെ സമയം ഉണ്ടെന്നും അതിന് ശേഷവും വിമതരായി തുടരുന്നവരെ പാർട്ടിയിൽ നിന്നും പുറത്താക്കുമെന്നും കെ മുരളീധരൻ പറഞ്ഞു. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പുറത്താക്കുന്നവരെ പിന്നെ തിരിച്ചെടുക്കും എന്നൊരു പ്രതീക്ഷയും വേണ്ടെന്നും മുരളീധരൻ പറഞ്ഞു. പ്രവർത്തകരെ തെരഞ്ഞെടുപ്പിൽ സഹായിക്കാത്തവർ നേതാക്കളെ സഹായിക്കാനായി വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.










Manna Matrimony.Com
Thalikettu.Com







