കൊച്ചി: ബിജെപിയുമായി ഇടഞ്ഞുനില്‍ക്കുന്ന ചെറളായി ഡിവിഷന്‍ കൗണ്‍സിലര്‍ ശ്യാമള എസ് പ്രഭു യുഡിഎഫ് സ്വതന്ത്രസ്ഥാനാര്‍ത്ഥിയായേക്കും. കോണ്‍ഗ്രസ് ജില്ല നേതൃത്വം ശ്യാമളയുമായി ആശയവിനിമയം നടത്തി. കൊച്ചിന്‍ കോര്‍പ്പറേഷനിലെ ചെറളായി ഡിവിഷനിലാണ് ശ്യാമള പതിവായി മത്സരിച്ചിരുന്നത്. ശ്യാമളയ്ക്ക് ഇത്തവണ ബിജെപി സീറ്റ് നല്‍കിയിരുന്നില്ല.
ബിജെപി സീറ്റ് നല്‍കിയില്ലെങ്കില്‍ സ്വതന്ത്രയായി മത്സരിക്കുമെന്ന് ശ്യാമള പ്രഖ്യാപിച്ചിരുന്നു. 32 വര്‍ഷം തുടര്‍ച്ചയായി ചെറളായി ഡിവിഷനില്‍ കൗണ്‍സിലറായിരുന്നു ശ്യാമള. നേരത്തെ തനിക്കെതിരെ വിമത നീക്കം നടത്തിയവരെ ഇത്തവണ ബിജെപി സ്ഥാനാര്‍ത്ഥികളാക്കാന്‍ നീക്കം നടത്തുന്നു എന്നും പാര്‍ട്ടിയില്‍ അവഗണന നേരിടുന്നു എന്നുമാണ് ബിജെപി മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന ശ്യാമള പറയുന്നത്. 1988 മുതല്‍ കൊച്ചി നഗരസഭയിലെ എല്ലാ സ്ഥാനാര്‍ത്ഥി പട്ടികയിലും ശ്യാമള എസ് പ്രഭുവിന്റെ പേര് ഉണ്ടാകുമായിരുന്നു. എന്നാൽ ഇത്തവണ ടിക്കറ്റ് നൽകാൻ ബിജെപി തയ്യാറായില്ല.
ബിജെപി സംസ്ഥാന അധ്യക്ഷന്‍ നിര്‍ദേശിച്ചത് പ്രകാരം പി ആര്‍ ശിവശങ്കരന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ശ്യാമളയെ വീട്ടിലെത്തി കണ്ടിരുന്നു. എങ്കിലും ചർച്ചകൾ വിഫലമായിരുന്നു. മട്ടാഞ്ചേരി, ഫോര്‍ട്ട് കൊച്ചി മേഖലയില്‍ ബിജെപിക്ക് കൗണ്‍സിലര്‍മാരുള്ളത് അമരാവതിയിലും ചെറളായിയിലും മാത്രമാണ്. ഇതിനിടെയാണ് കൗണ്‍സിലറായിരുന്ന ശ്യാമളയും പാര്‍ട്ടി വിട്ടത്. മട്ടാഞ്ചേരിയില്‍ ചേരിപ്പോര് രൂക്ഷമാണ്. മുതിര്‍ന്ന ബിജെപി പ്രവര്‍ത്തകനായ ആര്‍ സതീഷ് മട്ടാഞ്ചേരി നേതൃത്വത്തിനെതിരെ പരസ്യ പ്രതിഷേധം നടത്തിയിരുന്നു.










Manna Matrimony.Com
Thalikettu.Com







