കണ്ണൂര്‍: കെ റെയില്‍ പദ്ധതിയില്‍ മാറ്റം ആലോചനയിലെന്ന് സിപിഐഎം. കെ റെയില്‍ പുതിയ മാര്‍ഗത്തിലേക്ക് മാറേണ്ടിവരുമെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. പദ്ധതിക്ക് പുതിയ സമീപനം സ്വീകരിക്കേണ്ടിവരുമെന്നും കേന്ദ്ര അംഗീകാരം ലഭിക്കാത്ത സാഹചര്യത്തിലാണ് മാറ്റം ആവശ്യമായിരിക്കുന്നതെന്നും എംവി ഗോവിന്ദന്‍ വ്യക്തമാക്കി. പദ്ധതിക്ക് പണം തടസമായിരുന്നില്ലെന്നും കേന്ദ്ര അംഗീകാരം മാത്രമായിരുന്നു വിഷയമെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ അര നൂറ്റാണ്ട് മുന്നില്‍ കണ്ടുളള വികസന പദ്ധതിയായിരുന്നു കെ റെയില്‍ എന്നും എംവി ഗോവിന്ദൻ പറഞ്ഞു. ഇക്കഴിഞ്ഞ മാർച്ചിൽ മെട്രോ മാൻ എന്നറിയപ്പെടുന്ന ഇ ശ്രീധരൻ റെയിൽവേയ്ക്ക് സമർപ്പിച്ച പദ്ധതിയെ അംഗീകരിക്കുന്നതാണ് എംവി ഗോവിന്ദന്റെ പ്രസ്താവന.
കേരളത്തില്‍ കെ റെയില്‍ വരാന്‍ യാതൊരു സാധ്യതയുമില്ലെന്ന് ഇ ശ്രീധരൻ അന്ന് പറഞ്ഞിരുന്നു. കെ റെയിലിന്റെ ബദല്‍ പ്രൊപ്പോസല്‍ നല്‍കിയിട്ടുണ്ടെന്നും ആ പ്രൊപ്പോസല്‍ കേരള സര്‍ക്കാരിന് ഇഷ്ടമായെന്നും ശ്രീധരൻ അന്ന് വ്യക്തമാക്കിയിരുന്നു. ‘പ്രൊപ്പോസലുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ച മുഖ്യമന്ത്രിയുമായി നടത്തിയിട്ടുണ്ട്. അദ്ദേഹത്തിന് അത് ബോധ്യമായി. അതുമായി മുന്നോട്ട് പോകാനുള്ള ആലോചനയാണ് നടക്കുന്നത്. കെ റെയിലിനേക്കാള്‍ ഉപകാരമുള്ളതാണ് ബദല്‍. നാട്ടുകാര്‍ക്ക് ഒരു ബുദ്ധിമുട്ടുമുണ്ടാകില്ല. പക്ഷേ, കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കണം’എന്നാണ് ഇ ശ്രീധരന്‍ മാർച്ചിൽ മാധ്യമങ്ങളോട് പറഞ്ഞത്.










Manna Matrimony.Com
Thalikettu.Com







