കോട്ടയം: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ക്രിസ്ത്യൻ പള്ളികളിൽ ഹോശാന ആഘോഷങ്ങൾ വെട്ടി ചുരുക്കിയെങ്കിലും, യേശുക്രിസ്തുവിന്റെ ജറുസലം പ്രവേശനത്തിന്റെ സ്‌മരണകളുമായി ക്രൈസ്‌തവർ ഇന്ന് അവരവരുടെ വീടുകളിൽ ഓശാന പെരുന്നാൾ ആചരിക്കുന്നു. പള്ളികളിൽ കുർബാന ലൈവ് വെബ് കാസ്റ്, ടി വി ചാനലുകളിൽ കാണിക്കുന്നുമുണ്ട്. ക്രിസ്ത്യാനികൾക്ക് ഈ കുർബാനകളിൽ വീടുകളിൽ ഇരുന്നു തന്നെ പങ്കാളികളാകാം.
ഹീബ്രു ഭാഷയിൽ ‘ഹോശന്ന’ എന്ന വാക്കിന്റ അർഥം ‘രക്ഷിക്കണമേ’ എന്നാണ്. യേശുക്രിസ്‌തു രക്ഷിതാവാണെന്നു പ്രഖ്യാപിച്ച വലിയൊരു ജനക്കൂട്ടമാണു രണ്ടായിരം വർഷം മുൻപു ഹോശന്ന പാടി സ്വീകരിച്ചത്. പിന്നീട് ഈ വാക്ക് ‘ഓശാന’യെന്നായതു വാമൊഴി വഴക്കം.
വിശുദ്ധ വാരാചരണത്തിന്റെ തുടക്കംകൂടിയാണ് ഓശാന പെരുന്നാൾ.സാധാരണ രീതിയിൽ പള്ളികളിൽ പ്രത്യേക തിരുകർമങ്ങളും കുരുത്തോല വെഞ്ചരിപ്പും, കുർബാനയും നടക്കാറുണ്ട്…. കുരുത്തോലയുമേന്തിയുള്ള പ്രദക്ഷിണത്തിൽ വിശ്വാസികളെല്ലാം പങ്കെടുക്കുകയും ചെയ്യാറുണ്ട്.. എന്നാൽ ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ക്രൈസ്തവർ ഇന്ന് വീടുകളിൽ ഹോശന്ന ആചരിക്കുന്നു.
ചെയ്‌തുപോയ പാപങ്ങൾ ഓർത്തു പശ്‌ചാത്തപിക്കാനും ദൈവത്തിലേക്കു തിരിച്ചുപോകാനുമുള്ള അവസരമായാണു ഈ നോമ്പുകാലത്തെ ക്രൈസ്തവർ കണക്കാക്കുന്നത്.
തന്റെ ജീവന് ബലികൊടുക്കുന്നതിനെക്കുറിച്ച് തീരുമാനമെടുത്ത ശേഷമാണ് യേശു യെരുശലേമിലേക്കുള്ള ആ യാത്ര നടത്തുന്നത്. അതിനു മുമ്പ്, സ്നാപക യോഹന്നാനെ സാമന്ത രാജാവായ ഹെരോദോസ് കൊന്നിരുന്നു. റോമാക്കാരെയും ഹെരോദോസിനെയും എതിര്ക്കുന്ന നസറേത്തുകാരുടെ അടുത്ത നേതാവായ തന്റെ ഊഴമാണ് ഇനി എന്ന് ക്രിസ്തുവനറിയാമായിരുന്നു. “തനിക്ക് യെരുശലേമില് പോകണമെന്നും മൂപ്പന്മാര്, മുഖ്യപുരോഹിതര്, വേദജ്ഞര് എന്നിവരില് നിന്ന് പലതും സഹിക്കണമെന്നും … .യേശു അപ്പോള് മുതല് ശിഷ്യന്മാര്ക്ക് വെളിപ്പെടുത്താന് തുടങ്ങി. ” (മത്തായി 16-21)
യേശു ശിഷ്യന്മാരോട് പറഞ്ഞു, “എന്നെ പിന്തുടരാന് ആഗ്രഹിക്കുന്നവര് തന്നെത്താന് ത്യജിച്ച് തന്റെ കുരിശുമെടുത്ത് തന്നെ അനുഗമിക്കട്ടെ.” (മത്തായി 16-24) നാടാകെ ജനങ്ങള് അദ്ദേഹത്തിന് ചുറ്റും കൂടി. അവരെല്ലാം അദ്ദേഹത്തോടൊപ്പം നടക്കാന് തുടങ്ങി. അത്രയേറെ മനുഷ്യരാണ് അദ്ദേഹത്തെ പിന്തുടര്ന്നത്.
പലപ്പോഴും ബുദ്ധിമുട്ടിയാണ് യേശു ജനക്കൂട്ടത്തെ പറഞ്ഞയച്ചത്. അതിന്നിടയിലാണ് യേശു ശിഷ്യന്മാരോട് പറഞ്ഞത്, “സത്യമായി ഞാന് നിങ്ങശോട് പറയുന്നു, സ്വര്ഗരാജ്യത്തില് പ്രവേശിക്കുക ധനികന് ദുഷ്കരമാണ്. ഞാന് വീണ്ടും നിങ്ങളോട് പറയുന്നു, ഒട്ടകം സൂചിക്കുഴയിലൂടെ കടന്നു പോകുന്നതാണ് ധനികന് ദൈവരാജ്യത്തില് പ്രവേശിക്കുന്നതിനേക്കാള് എളുപ്പം.” (മത്തായി 19-23)
ഒടുവിൽ ഹോശാന ദിവസം യേശു തന്റെ എതിരാളികളായ ജൂത പുരോഹിതരുടെയും റോമന് ഗവര്ണര് പന്തിയോസ് പിലാത്തോസിന്റെയും ഹെറോദോസിന്റെയും നഗരമായ യെരുശലേമില് പ്രവേശിച്ചു. തലേന്നത്തെ വിശ്രമകേന്ദ്രമായിരുന്ന ജെറീക്കോയില് നിന്ന് കൂടെവന്ന ജനക്കൂട്ടവും യെരുശലേം നഗരവാസികളും ഒലിവ് ഇലകള് വീശിക്കൊണ്ട് ദാവീദിന് പുത്രന്ന് ഹോശാന എന്നു പറഞ്ഞു നഗരത്തിലേക്ക് സ്വാഗതം ചെയ്തു. യരുശലേമിനെയും അവിടത്തെ വലിയ ദേവാലയത്തെയും വളരെ വിശുദ്ധമായ ഒരു നഗരമായാണ് യേശു കരുതിയിരുന്നത്. “യേശു ദേവാലയത്തില് പ്രവേശിച്ച് അവിടെ ക്രയവിക്രയങ്ങള് നടത്തിയിരുന്നവരെയെല്ലാം പുറത്താക്കി. അവന് നാണയം മാറ്റുന്നവരുടെ മേശകളും പ്രാവുകളെ വില്ക്കുന്നവരുടെ ഇരിപ്പിടങ്ങളും മറിച്ചിട്ടു. അവന് അവരോടു പറഞ്ഞു, എന്റെ ആലയം പ്രാര്ത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു വിശുദ്ധ ലിഖിതത്തിലുണ്ടല്ലോ. എന്നാല് നിങ്ങളതിനെ കൊള്ളക്കാരുടെ ഗുഹയാക്കിയിരിക്കുന്നു.” (മത്തായി 21-12)
നഗരവീഥികളിൽ വസ്‌ത്രങ്ങൾ വിരിച്ചും സൈത്തിൻ കൊമ്പുകൾ വെട്ടിയിട്ടും ഈന്തപ്പന കുരുത്തോലകളേന്തിയും യേശുക്രിസ്‌തുവിന്റെ ജറുസലം പ്രവേശനം പുരുഷാരം അനശ്വരമാക്കിയത് . വിനയത്തിന്റെയും സമാധാനത്തിന്റെയും മാതൃക സമൂഹത്തിനു പകർന്നു നൽകിയായിരുന്നു കഴുതക്കുട്ടിയുടെ പുറത്ത് യേശു ക്രിസ്‌തുവിന്റെ അന്നത്തെ യാത്ര. ജറുസലമിൽ അക്കാലത്ത് കുതിര കഴുത എന്നീ മൃഗങ്ങളെയാണ് യാത്രയ്‌ക്കായി രാജാക്കന്മാർ ഉപയോഗിച്ചിരുന്നത്.
കുതിരകളെ കരുത്തിന്റെ പ്രതീകമായും, കഴുതക്കുട്ടികളെ സമാധാനത്തിന്റെ പ്രതീകമായി കരുതിയിരുന്നു. പിൽക്കാലത്ത് കർഷകരും ഭാരം ചുമക്കുന്നതിനായും കഴുതകളെ കൂടുതലായി ഉപയോഗിക്കുവാൻ തുടങ്ങിയതോടെയാണ് ഈ മൃഗം ആദ്യചടങ്ങുകളിൽ നിന്ന് ഒഴിവാക്കപ്പെട്ടു തുടങ്ങിയതെന്നും വേദശാസ്‌ത്രഞ്‌ജർ പറയുന്നു.
ഒലിവു ചില്ലകൾക്കും സൈത്തിൻ കൊമ്പുകൾക്കും ഈന്തപ്പനയോലയുമായിരുന്നു പണ്ട് കാലത്തു ഉപയോഗിച്ചിരുന്നത്. എന്നാൽ കേരളത്തിലെ ക്രൈസ്‌തവ ദേവാലയങ്ങളിൽ കുരുത്തോലകളാണ് ഉപയോഗിക്കുന്നത്.
യേശുവിന്റെ അന്ത്യത്താഴത്തിന്റെ സ്‌മരണകളുണർത്തുന്ന പെസഹ ആചരണവും കുരിശുമരണത്തിന്റെ സ്‌മരണകൾ പേറുന്ന ദുഃഖവെളളിയും ഉത്ഥാനത്തിന്റെ ആഹ്ലാദമുണർത്തുന്ന ഈസ്‌റ്ററും ക്രൈസ്‌തവരെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണ്.