തിരുവനന്തപുരം: ദേവസ്വം ബോര്‍ഡിന്റെ നേതൃത്വത്തില്‍ നടക്കുന്ന ആഗോള അയ്യപ്പ സംഗമത്തില്‍ യുഡിഎഫ് പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്തമായ മറുപടി നല്‍കാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശബരിമല വികസനത്തില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഒന്‍പത് വര്‍ഷം എന്ത് ചെയ്തുവെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കിയാല്‍ അയ്യപ്പ സംഗമത്തില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ വ്യക്തത വരുത്താമെന്നും വി ഡി സതീശന്‍ പറഞ്ഞു. ആഗോള അയ്യപ്പ സംഗമം ബഹിഷ്‌കരിക്കില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
അയ്യപ്പ സംഗമം സിപിഐഎമ്മിന്റെ രാഷ്ട്രീയ കാപട്യമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. ഇതിന് പിന്നില്‍ രാഷ്ട്രീയ മുതലെടുപ്പാണ്. ശബരിമല വിഷയം സങ്കീര്‍ണമാക്കിയത് സിപിഐഎമ്മാണ്. ദേവസ്വം ബോര്‍ഡിനെ മുന്നില്‍ നിന്ന് സര്‍ക്കാര്‍ തന്നെയാണ് പരിപാടി നടത്തുന്നത്. തെരഞ്ഞെടുപ്പ് അടുത്തപ്പോഴാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ ഒരു പരിപാടിയുമായി മുന്നോട്ടുവന്നിരിക്കുന്നതെന്നും വി ഡി സതീശന്‍ പറഞ്ഞു. ആഗോള അയ്യപ്പ സംഗമത്തിന്റെ പശ്ചാത്തലത്തില്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലവും ശബരിമല പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളും സര്‍ക്കാര്‍ പിന്‍വലിക്കുമോ എന്നും വി ഡി സതീശന്‍ ചോദിച്ചു.
ക്ഷണിക്കാന്‍ എത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് കാണാന്‍ കൂട്ടാക്കിയില്ലെന്ന ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിന്റെ ആരോപണത്തിനെതിരെയും വി ഡി സതീശന്‍ രംഗത്തെത്തി. താന്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോള്‍ ഓഫീസില്‍ കത്ത് നല്‍കുകയും പുറത്തിറങ്ങി താന്‍ കാണാന്‍ കൂട്ടാക്കിയില്ലെന്നും പറയുന്നത് മര്യാദകേടാണെന്ന് വി ഡി സതീശന്‍ പറഞ്ഞു. താന്‍ വീട്ടിലുള്ള സമയത്ത് ആര് വന്നാലും കാണാന്‍ അനുമതി നല്‍കാറുണ്ട്. ഇത് സംബന്ധിച്ച വാര്‍ത്ത കണ്ടപ്പോള്‍ ഓഫീസില്‍ വിളിച്ച് ദേവസ്വം പ്രസിഡന്റ് വന്നിരുന്നോ എന്ന് അന്വേഷിച്ചിരുന്നു. അപ്പോള്‍ മാത്രമാണ് അദ്ദേഹം വന്നിരുന്ന കാര്യം അറിയുന്നത്. ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കാണാതിരിക്കേണ്ട സാഹചര്യമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.
സര്‍ക്കാരിന്റെ വികസന സദസ്സ് യുഡിഎഫ് ബഹിഷ്‌കരിക്കുമെന്നും വി ഡി സതീശന്‍ പറഞ്ഞു. വികസന സദസ്സിലൂടെ രാഷ്ട്രീയപ്രചരണം നടത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിലക്കയറ്റം ഇല്ലെന്ന അവകാശവാദം യാഥാര്‍ത്ഥ്യങ്ങള്‍ക്ക് നിരക്കാത്തതാണ്. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.










Manna Matrimony.Com
Thalikettu.Com







