തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ ആരോപണം അന്വേഷിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ജെ കുര്യന്‍. പാര്‍ട്ടി നടപടി വേണമെന്നും പൊലീസ് സ്വമേധയാ അന്വേഷണം നടത്തണമെന്നും പി ജെ കുര്യന്‍ പറഞ്ഞു. എംഎല്‍എ സ്ഥാനം രാജി വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് രാഹുല്‍ മാങ്കൂട്ടത്തില്‍ ആണെന്നും രാജിവെച്ചില്ലെങ്കില്‍ ജനങ്ങള്‍ ജനങ്ങളുടേതായ തീരുമാനമെടുക്കണമെന്നും പി ജെ കുര്യന്‍ പറഞ്ഞു. കുറ്റം ചെയ്യുന്നവര്‍ എല്ലാ പാര്‍ട്ടിയിലുമുണ്ടെന്നും കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ നടപടി എടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
‘രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സസ്‌പെന്‍ഷന്‍ എല്ലാവരോടും കൂടി ആലോചിച്ച് പാര്‍ട്ടി എടുത്ത തീരുമാനമാണ്. അതിനെ വിമര്‍ശിക്കുന്നില്ല. തീരുമാനം അംഗീകരിക്കുന്നു. ഏത് ആരോപണം വന്നാലും അന്വേഷിക്കണം. പൊലീസില്‍ പരാതി കൊടുത്താല്‍ അന്വേഷിക്കണം. പരാതിയില്ലാതെ പൊലീസ് കേസ് അന്വേഷിക്കില്ല’-പി ജെ കുര്യന്‍ പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ പേരിനൊപ്പം രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പേര് ചേര്‍ത്ത് വിമര്‍ശിക്കുന്നത് ബിജെപിയുടെ തരംതാണ രാഷ്ട്രീയമാണെന്നും വനിതാ ഗുസ്തി താരങ്ങള്‍ ബിജെപി നേതാവിനെതിരെ ആരോപണം ഉന്നയിച്ചിട്ടും ആ നേതാവിനെതിരെ ബിജെപി ഒരു നടപടിയും എടുത്തില്ലെന്നും പി ജെ കുര്യന്‍ കൂട്ടിച്ചേര്‍ത്തു.
യുവ നേതാവിനെതിരെ മാധ്യമപ്രവര്‍ത്തകയും അഭിനേതാവുമായി റിനി ആന്‍ ജോര്‍ജ് രംഗത്തെത്തിയതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമായത്. യുവ നേതാവ് അശ്ലീല സന്ദേശം അയച്ചെന്നും ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് ക്ഷണിച്ചെന്നുമായിരുന്നു റിനി മാധ്യമങ്ങളോട് പറഞ്ഞത്. തുടർന്നാണ് മറ്റൊരു യുവതിയെ രാഹുൽ ഗർഭചിദ്രത്തിന് നിർബന്ധിക്കുന്ന ഫോൺ സംഭാഷണവും വാട്ട്സ്ആപ്പ് ടെലഗ്രാം ചാറ്റുകളും പുറത്തുവന്നത്.
യുവതിയെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിക്കുന്ന രാഹുല്‍ ഡോക്ടറെ കാണേണ്ടതില്ലെന്നും മരുന്ന് കഴിച്ചാല്‍ മതിയെന്നും പറയുന്ന ചാറ്റായിരുന്നു അത്. ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് കഴിച്ചാലുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയാമോയെന്നും ഒരിക്കലും ഡോക്ടറെ കാണാതെ അത്തരത്തില്‍ മരുന്നുകള്‍ കഴിക്കരുതെന്നും യുവതി പറയുമ്പോള്‍ ഡോക്ടര്‍ ഉണ്ടായാല്‍ മതിയെന്നായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. അമിത രക്തസ്രാവവും മറ്റ് പ്രശ്നങ്ങളുമുണ്ടാകുമെന്ന് യുവതി ചൂണ്ടിക്കാട്ടുമ്പോള്‍ ഡോക്ടറെ കാണണം എന്നൊന്നുമില്ലെന്നാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ പറയുന്നത്. സംഭവം വിവാദമായതോടെ കോൺഗ്രസ് നേതാക്കളുൾപ്പെടെ രാഹുലിനെതിരെ രംഗത്തെത്തി. സമ്മർദം ശക്തമായതോടെ രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. എന്നാൽ എംഎൽഎയായി തുടരും.










Manna Matrimony.Com
Thalikettu.Com







