ന്യൂഡൽഹി: ലോക്സഭയിൽ കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഓപ്പറേഷന്‍ സിന്ദൂറിനെ ഒരു തമാശയായാണ് കോണ്‍ഗ്രസ് കാണുന്നതെന്നും ഇന്ത്യക്ക് കശ്മീരിലെ മണ്ണ് നഷ്ടമായത് കോണ്‍ഗ്രസ് ഭരണകാലത്താണെന്നും പ്രധാനമന്ത്രി വിമർശിച്ചു. കാശ്മീരിന്റെ മേഖലകള്‍ പാകിസ്താൻ കയ്യേറിയത് കോണ്‍ഗ്രസ് കാലത്താണെന്നും മോദി ലോക്സഭയിൽ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് പാര്‍ലമന്റില്‍ നടന്ന ചര്‍ച്ചയ്ക്കിടയിലാണ് മോദിയുടെ പ്രതികരണം.
ഞാൻ എപ്പോഴും രാജ്യത്തിന്റെ പക്ഷത്താണ് നില്‍ക്കുന്നത്. ഏപ്രില്‍ 22ന് നടന്നത് അതിക്രൂരമായ അതിക്രമമാണ്. മതം ചോദിച്ചാണ് ഭീകരർ ഓരോരുത്തരെയും കൊലപ്പെടുത്തിയത്. അവരുടെ ലക്ഷ്യം രാജ്യത്ത് വർഗീയ സംഘര്‍ഷം ഉണ്ടാക്കുക എന്ന ലക്ഷ്യം കൂടിയായിരുന്നു. എന്നാൽ രാജ്യം ഒറ്റക്കെട്ടായി നിന്ന് ആ നീക്കത്തെ പരാജയപ്പെടുത്തി. ചിന്തിക്കാവുന്നതിലും അപ്പുറത്തുള്ള തിരിച്ചടി നല്‍കുമെന്ന് തുടക്കത്തിൽ തന്നെ പറഞ്ഞിരുന്നു. സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നല്‍കിയിരുന്നു. മെയ് ആറ്, ഏഴ് തീയതികളിലായി ഇന്ത്യ നടത്തിയ ആക്രമണത്തില്‍ പാകിസ്താന് ഒന്നും ചെയ്യാനായില്ല. പാകിസ്താന്റെ ന്യൂക്ളിയര്‍ ബ്ളാക്ക്മെയിലിന് കൂടിയാണ് ഇന്ത്യ മറുപടി നല്‍കിയത്. അവരെ നമ്മളൊരു പാഠം പഠിപ്പിച്ചുവെന്നും പ്രധാനമന്ത്രി ലോക്സഭയിൽ പറഞ്ഞു.
പാകിസ്താന്റെ ഏയര്‍ ബേയ്സുകള്‍ ഇപ്പോഴും ഐസിയുവിലാണെന്നും മോദി പരിഹസിച്ചു. ഇന്ത്യ തീരുമാനിച്ചാല്‍ തിരിച്ചടിച്ചിരിക്കുമെന്ന് പാകിസ്താന് അറിയാമെന്നും അതാണ് ഇന്ത്യയുടെ ന്യൂ നോര്‍മലെന്ന് മോദി പറഞ്ഞു. ഇന്ത്യക്ക് നേരെയുളള ഏത് നീക്കത്തെയും അതത് സമയത്ത് തിരിച്ചടിച്ചിരിക്കും. ഭീകരരെയും ഭീകരരെ സഹായിക്കുന്നവരെയും രണ്ടായി കാണില്ല. ലോകത്തെ മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് പാകിസ്താനൊപ്പം നിന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഓപ്പറേഷൻ സിന്ദൂറിനെ പ്രകീർത്തിച്ച് മോദി കോണ്‍ഗ്രസിനെ കടന്നാക്രമിക്കുകയും ചെയ്തു. ലോകത്തിന്റെ പിന്തുണ കിട്ടിയപ്പോള്‍ പിന്തുണക്കാതിരുന്നത് കോണ്‍ഗ്രസ് മാത്രമാണെന്നും കോണ്‍ഗ്രസ് രാഷ്ട്രീയം കളിച്ചെന്നും മോദി കുറ്റപ്പെടുത്തി. ഓപ്പറേഷന്‍ സിന്ദൂരിനെതിരായ ചോദ്യങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന് നേരെ കൂടിയാണ്. അതിന് രാജ്യത്ത് ഇടമില്ലെന്ന് മോദി വ്യക്തമാക്കി. പാകിസ്ഥാന്റെ കള്ളപ്രചരണങ്ങള്‍ പ്രചരിപ്പിക്കാനാണ് ചിലര്‍ ശ്രമിക്കുന്നത്. മെയ് ഏഴിന് ഇന്ത്യയുടെ ലക്ഷ്യം പൂര്‍ത്തിയായെന്ന് പാകിസ്താനെ അറിയിച്ചിരുന്നു. പാകിസ്ഥാന്റെ നീക്കം അറിയാന്‍ വേണ്ടി തന്നെയായിരുന്നു അത്. ഇന്ത്യയെ ആക്രമിക്കാന്‍ ശ്രമിച്ചതിന് മെയ് ഒമ്പതിന് രാത്രി ഓപ്പറേഷൻ സിന്ദൂറിലൂടെ മറുപടി നൽകി. ആ ആക്രമണത്തില്‍ പാകിസ്താന് പിടിച്ചുനില്‍ക്കാനായില്ല. ഉടന്‍ അപേക്ഷയുമായി പാകിസ്താനെത്തി.
ഇന്ത്യ-പാക് യുദ്ധം അവസാനിപ്പിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ വാദവും പ്രധാനമന്ത്രി തളളി. ദൗത്യം പൂര്‍ത്തിയായതുകൊണ്ടാണ് ആക്രമണം ഇന്ത്യ നിർത്തിയത്. മെയ് ഒമ്പതിന് രാത്രി യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് തന്നെ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നതായി മോദി വെളിപ്പെടുത്തി. ഒരുപാട് തവണ അദ്ദേഹം വിളിക്കുന്നുണ്ടായിരുന്നു. എന്നാൽ ആ സമയത്തൊക്കെ തിരക്കിലായിരുന്നു. പിന്നീട് അദ്ദേഹത്തെ താന്‍ തിരിച്ചു വിളിച്ചുവെന്നും മോദി പറഞ്ഞു. പാകിസ്താൻ ഇന്ത്യയ്ക്ക് നേരെ വലിയ ആക്രമണം നടത്താന്‍ ലക്ഷ്യമിടുന്നു എന്ന് ജെ ഡി വാന്‍സ് പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ അതിന് നല്ല മറുപടി തന്നെ നല്‍കുമെന്നാണ് മറുപടി നൽകിയത്. ഇന്ത്യയുടെ തിരിച്ചടി കനത്തതായിരിക്കുമെന്നും അദ്ദേഹത്തെ അറിയിച്ചുവെന്നും പ്രധാനമന്ത്രി വ്യക്തത വരുത്തി.
ഇന്ത്യ നടത്തിയ ഏയര്‍ സ്ട്രൈക്കുകള്‍ക്ക് തെളിവ് ചോദിക്കുകയാണ് കോണ്‍ഗ്രസ്. ആക്രമണത്തിന്റെ ഫോട്ടോ വേണമെന്നാണ് ആവശ്യപ്പെടുന്നത്. നിരാശയില്‍ നിന്നു കൊണ്ടാണ് കോണ്‍ഗ്രസിന്റെ വിമര്‍ശനം. കശ്മീരിന്റെ മേഖലകള്‍ പാകിസ്താൻ കയ്യേറിയത് കോണ്‍ഗ്രസ് കാലത്തെന്ന് മോദി കുറ്റപ്പെടുത്തി. നെഹ്റുവിന്റെ പേര് പറയുമ്പോള്‍ കോണ്‍ഗ്രസ് വിറക്കുകയാണ്. നെഹ്റുവിന്റെ രാഷ്ട്രീയം ഇന്ത്യയുടെ ശത്രുക്കള്‍ക്ക് ഗുണം ചെയ്തു. ജലകരാറില്‍ വരെ നെഹ്റുവിനെ പാകിസ്താൻ സമ്മർദ്ദത്തിലാക്കി. നെഹ്റുവിന്റേത് പാക് അനുകൂല നയമായിരുന്നു. സിന്ധു നദി ജലകരാറിലൂടെ 80 ശതമാനം വെള്ളം ഇന്ത്യയില്‍ നിന്ന് പാകിസ്താന് കോണ്‍ഗ്രസ് നല്‍കിയതായും മോദി ആരോപിച്ചു.
ഡോണാള്‍ഡ് ട്രംപിന്റെ വാദത്തില്‍ വ്യക്ത വരുത്തണമെന്ന ആവശ്യവുമായി കോൺഗ്രസ് നേരത്തെ തന്നെ രംഗത്തെത്തിയിരുന്നു. ട്രംപിന്റെ വാദത്തില്‍ ഇന്നലെ വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തത വരുത്തിയിരുന്നു. ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് അമേരിക്കന്‍ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പ്രധാനമന്ത്രിയെ വിളിച്ചിരുന്നതായും വിദേശകാര്യ മന്ത്രി പറഞ്ഞിരുന്നു.
പഹല്‍ഗാം ആക്രമണം ആരംഭിച്ച് ഓപ്പറേഷന്‍ സിന്ദൂര്‍ ആരംഭിച്ച സമയത്തോ, വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ നടക്കുന്ന സമയത്തോ പ്രധാനമന്ത്രി അമേരിക്കന്‍ പ്രസിഡന്റുമായി സംസാരിച്ചിട്ടില്ല എന്നും അദ്ദേഹം ലോക്‌സഭയില്‍ വ്യക്തമാക്കിയിരുന്നു. ജെ ഡി വാന്‍സുമായി സംസാരിച്ചിരുന്നുവെങ്കിലും വെടിനിര്‍ത്തലിനെ സംബന്ധിച്ചോ, അവര്‍ വാദിക്കുന്നത് പോലെ വ്യാപര ചര്‍ച്ചകളോ നടന്നിരുന്നില്ല. വാന്‍സ് പ്രധാനമന്ത്രിയെ വിളിച്ച് പാകിസ്താന്റെ ആക്രമണത്തെക്കുറിച്ച് മുന്നറിയിപ്പ് മാത്രമാണ് നല്‍കിയത്. ഇന്ത്യയെ ആക്രമിച്ചാല്‍ കടുത്ത തിരിച്ചടി നല്‍കുമെന്ന് പ്രധാനമന്ത്രി വാന്‍സിന് മറുപടി നല്‍കിയിരുന്നുവെന്നും ജയശങ്കര്‍ പറഞ്ഞിരുന്നു.
എസ് ജയശങ്കർ പറഞ്ഞതിന് പിന്നാലെ ഇന്നും ആവർത്തന ചോദ്യവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. ട്രംപിന്റെ ഇടപ്പെടലിനെ പറ്റി രാഹുല്‍ ഗാന്ധിയും സഭയില്‍ ചോദ്യം ഉയര്‍ത്തിയിരുന്നു. ധൈര്യമുണ്ടെങ്കില്‍ ട്രംപ് പറഞ്ഞത് കള്ളത്തരമാണെന്ന് സഭയില്‍ പറയണം. പഹൽഗാം ആക്രമണത്തിന് കാരണമായ പാക് ജനറല്‍ ട്രംപിനൊപ്പമാണ് ഇരിക്കുന്നതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു.
ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ അഞ്ച് ജെറ്റ് വിമാനങ്ങള്‍ തകര്‍ക്കപ്പെട്ടെന്ന പുതിയ വെളിപ്പെടുത്തലുമായിട്ട് ആയിരുന്നു ട്രംപ് അവസാനം രംഗത്തെത്തിയത്. വ്യാപാര കരാര്‍ മുന്നോട്ട് വെച്ചാണ് ഇരുരാജ്യങ്ങളെയും അനുനയിപ്പിച്ചതെന്ന വാദവും ട്രംപ് വീണ്ടും ആവർത്തിച്ചിരുന്നു. ഇന്ത്യ- പാകിസ്താന്‍ സംഘര്‍ഷം അതീവ ഗുരുതരമായിരുന്നുവെന്നും യുദ്ധവിമാനങ്ങള്‍ വെടിവെച്ചിടുന്ന സ്ഥിതിയില്‍ വരെ കാര്യങ്ങളെത്തിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വൈറ്റ് ഹൗസില്‍ ചില റിപ്പബ്ലിക്കന്‍ നിയമനിര്‍മാതാക്കളുമായി നടത്തിയ അത്താഴ വിരുന്നിലായിരുന്നു ട്രംപിന്റെ അവകാശവാദം. അഞ്ച് ജെറ്റുകളാണ് സംഘര്‍ഷത്തിനിടയില്‍ വെടിവെച്ചിട്ടതെന്നും ട്രംപ് പറഞ്ഞു. എന്നാല്‍ ഏത് രാജ്യത്തിന്റെ ജെറ്റുകളാണ് വെടിവെച്ചിട്ടതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇന്ത്യയും പാകിസ്താനും ആണവ ശക്തികളായതാണ് സ്ഥിതി ഗുരുതരമാക്കിയതെന്നും ട്രംപ് പറഞ്ഞിരുന്നു. വ്യാപാര ചർച്ചകളെ മുൻനിർത്തിയാണ് വെടിനിർത്തൽ ചർച്ചകൾക്ക് അന്തിമ തീരുമാനമെടുത്തതെന്നും ട്രംപ് പറഞ്ഞിരുന്നു. യുദ്ധം പരിഹരിക്കുന്നതു വരെ ഞങ്ങൾ നിങ്ങളോട് വ്യാപാരത്തെക്കുറിച്ച് സംസാരിക്കില്ലെന്ന് ഇരു നേതാക്കളോടും പറഞ്ഞു. അതവർ കേട്ടു. ഇരുവരും മികച്ച നേതാക്കളായിരുന്നുവെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്.










Manna Matrimony.Com
Thalikettu.Com







