തിരുവനന്തപുരം: കലിക്കറ്റ് സർവകലാശാല പാഠ്യപദ്ധതിയിൽ നിന്നും റാപ്പർ വേടന്റെയും ഗൗരി ലക്ഷ്മിയുടെയും പാട്ടുകൾ ഒഴിവാക്കണമെന്ന വിദഗ്ധ സമിതി ശുപാർശ പ്രതിഷേധാർഹമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഉന്നത വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനുള്ള സംഘപരിവാർ അജണ്ടയുടെ ഭാഗമാണ് ഈ നീക്കമെന്ന് മന്ത്രി കുറ്റപ്പെടുത്തി.
ചാൻസലർ നിയമിച്ച സർവകലാശാല ഭരണസമിതി അംഗങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് ഗാനങ്ങൾ നീക്കം ചെയ്യാനുള്ള തീരുമാനമെന്നാണ് റിപ്പോർട്ടെന്നും അക്കാദമിക് കമ്മിറ്റികൾ ഇതിനകം തയ്യാറാക്കിയ ഒരു സിലബസിൽ അഭിപ്രായങ്ങൾ ശേഖരിക്കാൻ മറ്റൊരു നിയമവിരുദ്ധ കമ്മിറ്റിയെ നിയമിക്കുന്നത് അക്കാദമിക താല്പര്യങ്ങൾക്ക് ഗുണകരമാകില്ലെന്നും മന്ത്രി വ്യക്തമാക്കി.
റാപ്പ് സംഗീതത്തിന്റെ അന്താരാഷ്ട്ര പ്രാധാന്യവും മാനവും തിരിച്ചറിയാത്തവരാണ് ഇതിന് പിന്നിൽ. വൈസ് ചാൻസലർ വൈവിധ്യങ്ങളെ സ്വീകരിക്കാനുള്ള കേരളീയ സാംസ്കാരിക ബോധത്തെ തിരിച്ചറിയണം എന്നാണ് പറയാനുള്ളതെന്നും മന്ത്രി പറഞ്ഞു.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ നിയോഗിച്ച വിദഗ്ധ സമിതിയാണ് പാട്ടുകൾ ഒഴിവാക്കാൻ ശുപാർശ നൽകിയത്. കാലിക്കറ്റ് സർവകലാശാലയുടെ ബിഎ മലയാളം പാഠ്യപദ്ധതിയിൽ മൂന്നാം സെമസ്റ്ററിലാണ് വേടന്റെ പാട്ട് ഉൾപ്പെടുത്തിയിരുന്നത്. മലയാളം വിഭാഗം മുൻ മേധാവി ഡോ. എം എം ബഷീർ ആണ് പഠനം നടത്തി വൈസ് ചാൻസലർക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
വേടന്റെ പാട്ട് പഠിപ്പിക്കാൻ യോഗ്യമല്ലെന്ന് കാണിച്ച് ബിജെപി സിൻഡിക്കേറ്റ് അംഗം എ.കെ അനുരാജ് ഗവർണർക്ക് പരാതി നൽകിയിരുന്നു. കഞ്ചാവ് പോലുള്ള ലഹരി വസ്തുക്കളും മദ്യവും ഉപയോഗിക്കുന്ന താൻ വരുംതലമുറക്ക് തെറ്റായ മാതൃകയാണെന്ന് സ്വയം സമ്മതിച്ച ആളാണ് വേടനെന്നും ഇത്തരമൊരു വ്യക്തിയുടെ പാട്ട് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത് പ്രതിഷേധാർഹമാണെന്നും പരാതിയിൽ സൂചിപ്പിച്ചിരുന്നു. തുടർന്നാണ് വിസി വിദഗ്ധ സമിതിയെ നിയോഗിച്ചത്.










Manna Matrimony.Com
Thalikettu.Com







