തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷം നടക്കാനിരിക്കുന്ന തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിൽ വാർഡുകളുടെ എണ്ണം കൂടുമ്പോൾ പോളിംഗ് ബൂത്തുകളുടെ എണ്ണം കുറയും. പുതിയതായി 1721 വാർഡുകൾ കൂട്ടിച്ചേർത്തപ്പോൾ 3951 പോളിംഗ് ബൂത്തുകൾ നിർത്തലാക്കാനാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ തീരുമാനം. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.
2020ൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തെരഞ്ഞെടുപ്പിൽ 34,710 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത്. എന്നാൽ ഇത്തവണ അത് 30,759 ആയാണ് കുറച്ചിരിക്കുന്നത്. പഞ്ചായത്തുകളിലെ ഒരു പോളിംഗ് ബൂത്തിൽ 1300 വോട്ടർമാർ, നഗരസഭയിലെ ഒരു പോളിംഗ് ബൂത്തിൽ 1600 വോട്ടർമാർ എന്ന നിലയിലാണ് പോളിംഗ് ബൂത്തുകൾ ക്രമീകരിക്കുക. നേരത്തെ അത് യഥാക്രമം 1200, 1500 എന്ന നിലയിലായിരുന്നു ക്രമീകരിച്ചിരുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പ് കോവിഡ് കാലത്ത് നടത്തതിനാൽ വോട്ടർമാരുടെ എണ്ണം കണക്കാക്കുമ്പോൾ അത് കൂടി പരിഗണിച്ചിരുന്നുവെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കുന്നത്.
തദ്ദേശ തെരഞ്ഞെടുപ്പിനുള്ള കരട് വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ ജൂലൈ 23ന് പ്രസിദ്ധീകരിക്കും. കരട് പട്ടികയിൽ 2.67 കോടി വോട്ടർമാരാണ് ഇടം പിടിച്ചിരിക്കുന്നത്. 1.26 കോടി പുരുഷന്മാരും 1.40 കോടി സ്ത്രീകളും 233 ട്രാൻസ്ജെൻഡറുമാരുമാണ് പട്ടികയിലുള്ളത്. 2024 ജൂലൈ 1ന് പുതുക്കിയ പട്ടികയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കുക. തുടർന്ന് പേര് ചേർക്കുന്നതിനും ഒഴിവാക്കുന്നതിനും അവസരം ലഭിക്കും. ആഗസ്റ്റ് 30നാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കുക. അന്തിമപട്ടിക പുറത്ത് വരുമ്പോൾ നിലവിലുള്ള കണക്കുകളിൽ മാറ്റം സംഭവിച്ചേക്കാം. ജൂലൈ 23ന് പ്രസിദ്ധീകരിക്കുന്ന കരട് വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വെബ്സൈറ്റിലും അതത് തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്-താലൂക്ക് ഓഫീസുകളിലും ലഭ്യമാകും.










Manna Matrimony.Com
Thalikettu.Com






