കോട്ടയം: കൊറോണ ലോക്ക് ഡൌൺ പ്രമാണിച്ച് യുവാക്കളുടെ കുത്തിപ്പൊക്കൽ തുടരുന്നു. എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം കുത്തിപ്പൊക്കല്‍ മാത്രം. അടുത്തകാലത്തായി നിങ്ങളുടെ ഫേസ്ബുക്കില്‍ കണ്ടുവരുന്ന പ്രതിഭാസമാണ് ‘കുത്തിപ്പൊക്കല്‍’.
ഇത് എന്താണ് കൂത്ത് എന്ന് ആലോചിച്ച് വിഷമിക്കുന്നവരും, ഇത് പുതിയ സൈബര്‍ ആക്രമണമാണോ എന്ന് ചിന്തിക്കുന്നവരും ഏറെയാണ്. എന്നാല്‍ ഇത് ഒരു പുതിയ സൈബര്‍ ബുള്ളിയിംഗാണ്. ഒരു ഫേസ്ബുക്ക് അക്കൗണ്ടിലെ പഴയ ഫോട്ടോകള്‍ക്കോ, പോസ്റ്റുകള്‍ക്കോ ഇപ്പോള്‍ കമന്‍റ് ഇട്ടാല്‍ അത് ആ പേജോ, പ്രോഫൈലോ ഫോളോ ചെയ്യുന്നവരുടെ ന്യൂസ് ഫീഡില്‍ പ്രത്യക്ഷപ്പെടും. മലയാളത്തിലെ സൈബര്‍ ഇടത്തില്‍ ‘കുത്തിപ്പൊക്കല്‍’ എന്നാണ് ഈ പ്രതിഭാസത്തിന് നല്‍കിയിരിക്കുന്ന ഓമനപ്പേര്.
കുറച്ചു വർഷങ്ങൾക്ക് മുൻപ് ഫെയ്സ്ബുക്കില്‍ നടന്ന കുത്തിപ്പൊക്കൽ കലാമേള ഈ കൊറോണ കാലത്തും സജീവമായി തുടരുകയാണ്. സിനിമാ രാഷ്ട്രീയ പ്രവര്‍ത്തകരുടെ മാത്രമല്ല സുഹൃത്തുക്കളുടെയും ചിത്രങ്ങളും പഴയ പോസ്റ്റുകളുമാണ് ഇപ്പോള്‍ കുത്തിപ്പൊക്കുന്നത്.
വർഷങ്ങൾക്ക് മുൻപ് ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സൂക്കര്‍ബര്‍ഗില്‍ നിന്നാണ് കുത്തിപ്പൊക്കലിന്റെ തുടക്കം. സൂക്കറിന്‍റെ പഴയ ഫോട്ടോകള്‍ പലരും ഇത്തരത്തില്‍ കമന്‍റ് ഇട്ടതോടെ അത് വ്യാപകമായി ഷെയര്‍ ചെയപ്പെട്ടു. ഇതിന് പിന്നാലെ ഹോളിവുഡ് താരങ്ങളും ഈ കുത്തിപ്പൊക്കലിന് ഇടയാക്കി. പ്രമുഖ ഹോളിവുഡ് താരം വിന്‍ ഡീസലിന്‍റെ പേജിലാണ് പ്രധാനമായും ഈ പ്രതിഭാസം കാണപ്പെട്ടത്. ഇതിനെക്കുറിച്ച് വിദേശ സിനിമ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പോലും വാര്‍ത്തയായി.
പിന്നീട് ഇതിന് ചുവട് പിടിച്ചാണ് മലയാളത്തിലേക്ക് ‘കുത്തിപ്പൊക്കല്‍’ സംഭവിച്ചത്. ഫേസ്ബുക്കിന്‍റെ രീതി അനുസരിച്ച് പബ്ലിക്കായി ഇട്ട പോസ്റ്റ് എല്ലാം തന്നെ അതില്‍ വരുന്ന റിയാക്ഷന്‍ അനുസരിച്ച് മുകളിലേക്ക് കയറിവരും. അതാണ് കുത്തിപ്പൊക്കലിന്‍റെ അടിസ്ഥാനവും. ഇപ്പോൾ കോളേജ് വിദ്യാർത്ഥികളും യുവാക്കളുമാണ് കേരളത്തിൽ കുത്തിപ്പൊക്കൽ നടത്തുന്നവർ.