തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 39 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതിൽ 34 പേരും കാസർകോട് ജില്ലക്കാരാണെന്ന് വന്നതോടെ ഏതുസാഹചര്യവും നേരിടാൻ ഒരുങ്ങണമെന്ന സന്ദേശമാണ് മുഖ്യമന്ത്രി നൽകുന്നത്. ജില്ലയിൽ നിയന്ത്രണം കടുപ്പിക്കേണ്ടി വരുമെന്നും സ്ഥിതി ഗൗരവതരമാണെന്നും പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഏറ്റവും കൂടുതൽ രോഗബാധിതർ റിപ്പോർട്ട് ചെയ്‌തെങ്കിൽ അതിൽ ഭൂരിഭാഗവും കാസർകോഡ് നിന്ന് തന്നെ. ഇന്ന് സ്ഥിരീകരിച്ച 34 കേസുകളിൽ 25 പേർ വിദേശ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. 7 പേർ സമ്പർക്കം മൂലവും.
ഇതിന് പുറമേ കർണാടക അതിർത്തിയിൽ റോഡുകൾ മണ്ണിട്ട് തടഞ്ഞത് മറ്റൊരു വലിയ പ്രശ്‌നമാണ്. മണ്ണ് നീക്കാൻ ചീഫ് സെക്രട്ടറിതലത്തിൽചർച്ച ചെയ്തിട്ടുണ്ട്. കാസർകോട്ടുകാർ ഏറെ ആശ്രയിക്കുന്നത് കർണാടകയെയാണ്. എന്നാൽ, ഇപ്പോൾ കർണാടകയിലേക്ക് ആരെയും പ്രവേശിപ്പിക്കുന്നില്ല. ഇക്കാര്യത്തിൽ എന്തുചെയ്യാമെന്ന് പരിശോധിച്ച് തീരുമാനിക്കും. പ്രായമായ ആളുകൾ മറ്റുള്ളവരുമായി അധികം സമ്പർക്കം പുലർത്താതിരിക്കാൻ ശ്രദ്ധിക്കണം. കണ്ണൂർ ഗവൺമെന്റ് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റും. കാസർകോട് കേന്ദ്ര സർവകലാശാലയെ കോവിഡ് പരിശോധന കേന്ദ്രമാക്കി മാറ്റുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളവും കർണാടകവും അതിർത്തി പങ്കിടുന്നുണ്ട്. ചെറുതും വലുതുമായ നിരവധി റോഡുകൾ ഇരുസംസ്ഥാനങ്ങൾക്കുമിടയിലുണ്ട്. ഇതിൽ പലയിടത്തും കർണാടക മണ്ണ് കൊണ്ടു പോയിട്ട് റോഡ് തടയുന്ന അവസ്ഥയുണ്ട്. അതു ശരിയല്ല. ലോക്ക് ഡൗൺ പ്രഖ്യാപിക്കുമ്പോൾ ജനങ്ങൾ എവിടെയുണ്ടോ അവിടെ തുടരട്ടെ എന്ന നിലപാടാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാൽ അതിനെതിരെയുള്ള നടപടിയാണ് കർണാടകയുണ്ടേത്. ഇക്കാര്യത്തിൽ നമ്മുടെ ചീഫ് സെക്രട്ടറി കർണാടക ചീഫ് സെക്രട്ടറിയുമായി സംസാരിച്ചിട്ടുണ്ട്. മണ്ണ് മാറ്റാം എന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. ഇപ്പോൾ കുടക്് അടക്കമുള്ള മേഖലകളിൽ മണ്ണ് പൂർണമായും ഇട്ടുറോഡ് മൊത്തത്തിൽ ബ്ലോക്ക് ചെയ്തു. ആ സമീപനം ഒഴിവാക്കാം എന്ന് ഇപ്പോൾ കർണാടക സർക്കാർ അറിയിച്ചിട്ടുണ്ട്. അതെന്തായാലും സ്വാഗതാർഹമാണ്. ഇക്കാര്യം എന്തായാലും പ്രധാനമന്ത്രിയുടെ ഓഫീസിനെ അറിയിക്കും.
രോഗം കൂടിയ ആളുകളെ ചികിത്സിക്കാൻ കണ്ണൂർ മെഡിക്കൽ കോളജ് കോവിഡ് ആശുപത്രിയാക്കും. 200 കിടക്കകൾ, 40 ഐസിയു, 15 വെന്റിലേറ്റർ എന്നിവ ഇവിടെ ക്രമീകരിക്കും. കാസർകോട് കേന്ദ്ര സർവകലാശാലയെ കോവിഡിന്റെ പ്രാഥമിക കേന്ദ്രമാക്കി മാറ്റും. ടെസ്റ്റിങ് വിപുലമായി നടത്താനുള്ള സൗകര്യം അവിടെയുണ്ട്. ക്യൂബയിൽനിന്നുള്ള മരുന്ന് പരിഗണിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിസഭാ യോഗത്തിൽ ചർച്ച ഉയർന്നു.
രോഗപ്രതിരോധത്തിന് എല്ലാ സാധ്യതയും തേടുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കു കുടിവെള്ളമെത്തിക്കാനും മറ്റും റസിഡൻസ് അസോസിയേഷനുകൾ ശ്രദ്ധിക്കണം. പണയത്തിലുള്ള സ്വർണലേലമടക്കം എല്ലാ ലേലനടപടികളും നിർത്തിവയ്ക്കണം, കുടിശിക നോട്ടിസ് അയയ്ക്കുന്നതുൾപ്പെടെയുള്ള നടപടികളും നിർത്തണം. വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് അടയ്ക്കാനുള്ള കാലാവധി ദീർഘിപ്പിക്കണം.
വിദേശത്തുനിന്നും വന്നവരുമായി സമ്പർക്കം പുലർത്തിയവരും അവരുടെ കുടുംബാംഗങ്ങളും നിരീക്ഷണത്തിൽ കഴിയണം. പ്രായമായവർ മറ്റുള്ളവരുമായി നിശ്ചിത അകലം പാലിച്ച് സമ്പർക്കം പുലർത്തണം. പുറത്തു പോകാതെ പ്രായമായവർ വീട്ടിൽ തന്നെ ഇരിക്കുന്നതാവും നല്ലത്. പ്രമേഹം, അർബുദം, വൃക്കരോഗം എന്നിവയ്ക്ക് ചികിത്സിക്കുന്നവരും തുടർചികിത്സ ആവശ്യമുള്ളവവരും മറ്റുള്ളവരുമായി കൃത്യമായി അകലം പാലിക്കണം.