കോട്ടയം: ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ യാത്രക്ക് വിലക്ക് വന്നതോട് കൂടി മെഡിക്കൽ സ്റ്റോറുകളിൽ നിന്നു മരുന്നു വാങ്ങാനുള്ള കുറിപ്പുമായാണ് പലരും കോട്ടയത്ത് ഇറങ്ങുന്നത്. ഇതിൽ ഭൂരിഭാഗവും സത്യവുമാണ്. എന്നാൽ ഇതു മുതലാക്കുന്ന ചിലർ പൊലീസിന് തലവേദനയുണ്ടാക്കുന്നുമുണ്ട്.
റോഡിലൂടെ വെറുതെ കറങ്ങി നടക്കുന്നവരെ കണ്ടു ചോദിച്ചാലും ഉടൻ ഏതെങ്കിലും ഒരു ഡോക്ടറുടെ കുറിപ്പോ അല്ലെങ്കിൽ മെഡിക്കൽ സ്റ്റോർ ബില്ലോ എടുത്തു കാണിക്കും. ഇത്തരത്തിൽ പഴകിയ കുറിപ്പ് കാണിച്ചവരെ കഴിഞ്ഞ ദിവസങ്ങളിൽ കയ്യോടെ പിടികൂടിയിരുന്നു
മരുന്നുകളിൽ വെച്ച് ഏറ്റവും വിലക്കുറവുള്ള മരുന്ന് ആണ് പാരസെറ്റമോൾ അഥവാ ഡോളോ എന്നത്. വീടിനടുത്ത് മെഡിക്കൽ സ്റ്റോർ ഉണ്ടങ്കിലും പാരസെറ്റമോൾ വാങ്ങുവാൻ പോലും കോട്ടയത്തു വരുന്നവരുണ്ടന്നാണ് അറിവ്. പക്ഷെ മിക്കവാറും പാരസെറ്റമോൾ പ്രേമം പാരയായി മാറുമെന്ന് ചുരുക്കം. പിടി വീണാൽ പാര വരുന്ന വഴി പോലും അറിയില്ല.
കള്ളത്തരം പറയുന്നവരെ ഒന്ന് തിരിച്ചും മറിച്ചും ചോദ്യം ചെയ്‌താൽ യഥാർത്ഥ സംഭവം വെളിയിൽ വരും. വ്യാജമായി കറങ്ങുന്നവരെ പിടി കൂടിയാൽ പിന്നെ പറയേണ്ട കാര്യമില്ല. വണ്ടിയും ആളും മിക്കവാറും അകത്താകും.
കടയിൽ അത്യാവശ്യ സാധനം വാങ്ങാൻ എന്നു പറഞ്ഞ് കടന്നു വരുന്നവർ പുറത്തിറങ്ങിയതല്ലേ.. ആളില്ലാത്ത സ്ഥലമൊക്കെ ഒന്നു കണ്ടേക്കാം എന്ന തരത്തിൽ ചുറ്റിയടിക്കുക. ഇതൊക്കെയാണ് പ്രധാനമായും കാണുന്ന സംഭവങ്ങൾ എന്നും ചില പോലീസ് ഉദ്യോഗസ്ഥർ പറയുന്നു. അടുത്ത് ഒരു കടയുണ്ടെങ്കിലും കുറച്ച് ദൂരം പോയി സാധനം വാങ്ങിയേക്കാം എന്നു കരുതുന്നവരുമുണ്ട്.
നിശ്ചിത അകലം പാലിച്ചു മാത്രമേ പരിശോധന നടത്താവൂ എന്നാണു പൊലീസിന് ലഭിച്ചിരിക്കുന്ന നിർദേശം. അനാവശ്യമായി യാത്ര ചെയ്യുന്നു എന്നു തോന്നിയാൽ രേഖകൾ പരിശോധിച്ച് വാഹനം പിടിച്ചെടുത്തു കേസെടുക്കും.