മണർകാട് : കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന നാലുമണിക്കാറ്റ് വിനോദസഞ്ചാര കേന്ദ്രത്തിൽ കഞ്ചാവുമായി എത്തിയ രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി.
ഇവരുടെ പക്കൽ നിന്നു 9.2 കിലോ കഞ്ചാവ് പിടികൂടി. വയനാട് മാനന്തവാടി സ്വദേശികളായ ആലയ്ക്കൽ റഫീഖ് (37), പുതുപ്പറമ്പിൽ റഷീദ് (38) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിലുള്ള ലഹരിവിരുദ്ധ സ്‌ക്വാഡ് ആണു സംഘത്തെ കുടുക്കിയത്.
കഞ്ചാവ് കോട്ടയം, എറണാകുളം, തൃശൂർ ജില്ലകളിൽ മൊത്തവിതരണം ചെയ്യുന്നത് ഇവർ രണ്ടു പേരും ചേർന്നാണെന്നു വിവരം ലഭിച്ചിരുന്നു. തുടർന്നു ഡെൻസാഫിന്റെ ചുമതലയുള്ള നർകോട്ടിക് സെൽ ഡിവൈഎസ്പി വിനോദ് പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം പ്രതികളെ നിരീക്ഷിക്കുകയായിരുന്നു. ഒരു മാസം പ്രതികളുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ചു. തുടർന്നാണു വ്യക്തമായ സൂചന ലഭിച്ചത്.
ഇവരുടെ മൊബൈൽ ഫോൺ നമ്പറുകളും സൈബർ സെല്ലിലെ പൊലീസ് ഉദ്യോഗസ്‌ഥരായ മനോജ്, രാജേഷ്, ജോർജ്, ശ്രാവൺ, സതീഷ് എന്നിവരുടെ നേതൃത്വത്തിൽ നിരീക്ഷണത്തിലായിരുന്നു. ഇതിനിടെയാണു കഴിഞ്ഞ ദിവസം പ്രതികൾ ആന്ധ്രയിലേക്കു തിരിച്ചതായി പൊലീസ് കണ്ടെത്തിയത്. തുടർന്നു പൊലീസുകാർ ഇവരെ പിൻ തുടർന്നു. ആന്ധ്രയിൽ നിന്നു ലോക്കൽ കംപാർട്ട്‌മെന്റിലാണു സംഘം കഞ്ചാവു കടത്തിയത്.