തൃശ്ശൂർ: ചാലക്കുടി മേച്ചിറയിൽ കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ബൈക്കപകടത്തിൽ മരിച്ചു. മേച്ചിറ സ്വദേശി സുജിത് (30) ആണ് മരിച്ചത്. രണ്ട് ദിവസമായി സുജിത് ആശുപത്രിയിൽ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു.മാർച്ച് 11-ന് ദുബായിൽ നിന്ന് വന്ന സുജിത്തിനോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ പ്രവർത്തകർ നിർദ്ദേശിച്ചിരുന്നതാണ്. ഇതിനിടെയാണ് കഴിഞ്ഞ ശനിയാഴ്ച സുജിത് പുറത്തിറങ്ങിയത്. സുജിത്തിനൊപ്പം ബൈക്കിൽ ഉണ്ടായിരുന്ന മറ്റൊരു യുവാവ് സംഭവദിവസം തന്നെ മരിച്ചിരുന്നു.
അർദ്ധരാത്രിയോടെയാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സുജിത്തിനെ തൃശ്ശൂർ ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുവന്നപ്പോഴാണ് കൊവിഡ് രോഗബാധയുണ്ടെന്ന് സംശയമുള്ളതിനാൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിച്ച വിവരം മനസ്സിലായത്. കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷമെ സുജിത്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാനോ, സംസ്കരിക്കാനോ ഉള്ള തുടർനടപടികളിലേക്ക് കടക്കൂ എന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കർശനനിരീക്ഷണത്തിൽ സുരക്ഷയിൽ മൃതദേഹം സൂക്ഷിക്കുമെന്നും ആരോഗ്യവകുപ്പ് അറിയിച്ചു.
സംസ്ഥാനമെമ്പാടും കനത്ത ജാഗ്രത തുടരുമ്പോൾ, വിദേശത്ത് നിന്ന് തിരികെ വരുന്നവരെല്ലാം നിരീക്ഷണത്തിൽ കഴിയണമെന്നും ഹോം ഐസൊലേഷൻ കർശനമായി പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിരുന്നതാണ്. എന്നാൽ ഇത് പലരും പാലിക്കുന്നില്ലെന്നാണ് വ്യക്തമാകുന്നത്.