കൊല്ലം: സ്കൂളിലേക്കു നടന്നുപോകുകയായിരുന്ന നാലാം ക്ലാസ് വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. നാടോടി സ്ത്രീയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. കരുനാഗപ്പള്ളി തുറയിൽക്കുന്ന് എസ്എൻയുപി സ്കൂളിലെ നാലാം ക്ലാസ് വിദ്യാർഥിനിയെയാണ് നാടോടി സ്ത്രീ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. ഇന്നു രാവിലെ ഒൻപതരയോടെയാണു സംഭവം.
സ്കൂളിലേക്കു ഒറ്റയ്ക്കു നടന്നുപോകുകയായിരുന്ന കുട്ടിയെ അതുവഴി വന്ന നാടോടി സ്ത്രീ കയ്യിൽപിടിച്ചു കൂട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. കുതറിയോടിയ കുട്ടി അടുത്ത വീട്ടിൽ അഭയം പ്രാപിച്ചു. രക്ഷപെടാൻ ശ്രമിച്ച നാടോടി സ്ത്രീയെ നാട്ടുകാർ തടഞ്ഞുവച്ചു കരുനാഗപ്പള്ളി പൊലീസിനു കൈമാറി. പൊലീസ് ഇവരെ ചോദ്യം ചെയ്തുവരുന്നു. സ്കൂളിന് ഏതാണ്ട് 50 മീറ്റർ അടുത്തുവച്ചായിരുന്നു സംഭവം. ഇന്നു രാവിലെ ഒൻപതരയോടെയാണു സംഭവം. പൊള്ളാച്ചി സ്വദേശിനി ജ്യോതി എന്ന യുവതിയെയാണ് സംഭവത്തിൽ പൊലീസ് കസ്റ്റഡിയിൽ എടുത്തത്.
കുട്ടികളെ തട്ടിക്കൊണ്ടു പോകുന്ന സംഘങ്ങൾ നാട്ടിൽ അങ്ങോളമിങ്ങോളം ഉള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന നിർദ്ദേശം പൊലീസ് നൽകിയിട്ടുണ്ട്. അടുത്തിടെ തൊടുപുഴയിൽ പട്ടാപ്പകൽ വീട്ടിൽ കയറി പിഞ്ചുകുഞ്ഞിനെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ച ആന്ധ്രാ സ്വദേശിനി കഴിഞ്ഞ ദിവസം പിടിയിലായിരുന്നു.
ആന്ധ്ര ചിറ്റൂർ കോട്ടൂർ ഗ്രാമവാസിയായ ഷമീം ബീവി എന്ന സുമയ്യ ആണ് അറസ്റ്റിലായത്. മുത്തശ്ശി കുഞ്ഞിനെ കുളിപ്പിച്ച് വസ്ത്രം ധരിപ്പിച്ച് ഹാളിൽ നിർത്തിയതിനു ശേഷം പൗഡർ എടുക്കാൻ അടുത്ത മുറിയിലേക്കു പോയ തക്കം നോക്കിയാണ് ഷമീം ബീവി വീട്ടിൽക്കയറിയത്. ഒരു സ്ത്രീ കുഞ്ഞിനെ എടുത്ത് ഹാളിൽ നിന്നു മുറ്റത്തേക്ക് ഓടുന്നതാണ് തിരിച്ചു വന്നപ്പോൾ മുത്തശ്ശി കണ്ടത് . മുത്തശ്ശിയും ബഹളം വച്ച് പിന്നാലെ ഓടി സ്ത്രീയെ പിടിച്ചു നിർത്തി. പോർച്ചിൽ കിടന്ന കാറിന്റെ ബോണറ്റിലേക്ക് കുഞ്ഞിനെ വലിച്ചെറിഞ്ഞ ശേഷം ഷമീം ബീവി കടന്നുകളഞ്ഞെന്ന് പറയുന്നു.
ഇപ്പോൾ പൊലീസ് പരിശോധന ടൗണുകളിൽ കാര്യമായതിനാൽ ഗ്രാമങ്ങളെ കേന്ദ്രീകരിച്ചാണ് നാടോടി സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ട്. മധ്യകേരളത്തിലും , ഹൈറേഞ്ചിലും നാടോടി സംഘങ്ങളുടെ വൻ സാന്നിധ്യമുണ്ട്. നാടോടി സംഘങ്ങളെക്കുറിച്ച് ജില്ലയിൽ സംസ്ഥാന ഇന്റലിജൻസ് വിഭാഗം പരിശോധന ആരംഭിച്ചിട്ടുണ്ട്. സമീപ കാലത്തായി ജില്ലയിലെ ഗ്രാമീണ മേഖലകളിലടക്കം ആന്ധ്രാ, തമിഴ്‌നാട്, ഒഡീഷ, കർണാടക എന്നിവിടങ്ങളിൽ നിന്നു വൻ തോതിലാണ് നാടോടി സംഘങ്ങൾ ജില്ലയിൽ തമ്പടിച്ചിരിക്കുന്നത്. ഓരോ സീസണുകളിലും ആക്രി സാധനങ്ങൾ പെറുക്കുന്നതിനും കരകൗശല വിൽപന, വീടുകളിൽ നിന്നും തുണി ഉൾപ്പെടെയുള്ള വസ്തുക്കൾ ശേഖരിക്കുന്നതിനുമാണ് നാടോടി സംഘം എത്തുന്നത്. ഇതിന്റെ മറവിൽ, വീടുകളിൽ നിന്നും വിലപിടിപ്പുള്ള വസ്തുക്കളടക്കം കടത്താൻ ശ്രമിച്ച നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
നാടോടി സംഘങ്ങൾ ഏറ്റവുമധികം തട്ടിപ്പിനിറങ്ങുന്നത് ഗർഭിണിയെന്ന വ്യാജേനയാണ്. പല വീടുകളിലും ക്ഷീണം അഭിനയിച്ച് എത്തും. പലപ്പോഴും വീട്ടുകാർ പണമടക്കം ഇവർക്കു നൽകും. ഇതിനു പുറമേ ഭക്ഷണവും നൽകും. ഇത്തരം മുതലെടുപ്പിനാണു ഗർഭിണിയുടെ വേഷം. പുരുഷന്മാർ ജോലിക്കു പോകുന്ന വീടുകൾ കണ്ടെത്തി പകൽ സ്ത്രീകൾ മാത്രം ഉള്ള വീടുകളിലാണ് ഇത്തരം തട്ടിപ്പ് നടക്കുന്നത്. സംസ്ഥാനത്തു നാടോടി സംഘങ്ങളിൽ നിന്നും കണ്ടെത്തിയ കുട്ടികളിൽ ഏറിയ പങ്കും ഇതര സംസ്ഥാനങ്ങളിൽ കടത്തിക്കൊണ്ട് വന്നതാണ്. ഇത്തരം സംഭവങ്ങളിൽ കുട്ടികളെ ഷെൽട്ടർ ഹോമുകളിലേക്ക് മാറ്റും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന കുട്ടികളെ കൂടുതലായും ഭിക്ഷാടനത്തിനാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് ബാല ഭിക്ഷാടനം നിരോധിച്ചതോടെ ഒന്നിലധികം കുട്ടികളുമായി നാടോടി സ്ത്രീകൾ വീടുകൾ കയറി ഇറങ്ങും. ഇത്തരത്തിലുള്ള സംഭവങ്ങളും വ്യാപകമാണ്.
കുട്ടികളുടെ സുരക്ഷക്ക് ഈ മാർഗങ്ങൾ സ്വീകരിക്കാം
നാടോടി സംഘങ്ങളെ കുറിച്ചു സംശയം തോന്നിയാൽ തൊട്ടടുത്തുള്ള പൊലീസ് സ്റ്റേഷനിൽ വിവരങ്ങൾ കൈമാറാം.
പോലീസ് കൺട്രോൾ റൂം നമ്പറായ 100 ലും വിവരം അറിയിക്കാം.
ആക്രി സാധനങ്ങൾ ഉൾപ്പെടെയുള്ളവ വീടുകളിൽ വരുന്ന ഇത്തരക്കാർക്ക് നൽകാതെ, കടകളിൽ കൊണ്ടുപോയി കൊടുക്കുക
കുട്ടികൾക്ക് ഇത്തരം സംഘങ്ങളുടെ പ്രവർത്തനങ്ങളെ പറ്റി മാതാപിതാക്കൾ തന്നെ ബോധവൽക്കരണം നടത്തുന്നത് ഏറെ പ്രയോജനകരമാണ്.










Manna Matrimony.Com
Thalikettu.Com







