കൊല്ലം: ഇത്തിക്കരയാറ്റിലെ ദേവനന്ദയുടെ മരണത്തിൽ നിറയുന്നത് ദുരൂഹത. കുട്ടിയുടെ വീടിനോട് ചേർന്നുള്ള ഇത്തിക്കരയാറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മുങ്ങൽ വിദഗ്ധരാണ് ആറ്റിൽ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങളാണ് പുഴയിൽ നിന്ന് ലഭിച്ച മൃതദേഹത്തിലുള്ളത്. കമഴ്ന്ന് കിടക്കുന്ന രീതിയിലായിരുന്നു കുട്ടിയുടെ മൃതദേഹം. ഇന്നലെ രാവിലെ 9.30 നും 10.30 നും ഇടയിലാണ് കുട്ടിയെ കാണാതായത്. ഇന്ന് രാവിലെ ഏഴരയോടെ പൊലീസിന്റെ മുങ്ങൽ വിദഗ്ദ്ധരാണ് കുട്ടിയെ മരിച്ച നിലയിൽ ആറ്റിൽ കണ്ടെത്തിയത്. നെടുമ്പന ഇളവൂർ കിഴക്കേക്കരയിൽ ധനീഷ്ഭവനിൽ പ്രദീപ്കുമാറിന്റെയും ധന്യയുടെയും (അമ്പിളി) മകളാണ് മരിച്ച ദേവാനന്ദ (പൊന്നു). വാക്കനാട് സരസ്വതി വിദ്യാലയത്തിലെ ഒന്നാംക്ലാസ് വിദ്യാർത്ഥിയാണ്.
മുറ്റത്തു കളിക്കുകയായിരുന്ന മകളോട് അകത്തുകയറാൻ പറഞ്ഞതിനു ശേഷം ധന്യ വസ്ത്രങ്ങൾ അലക്കാൻ പോയി. പത്തുമിനിറ്റിനു ശേഷം തിരികെ വന്നപ്പോൾ കുട്ടിയെ എവിടെയും കണ്ടില്ല. വീടിന്റെ വാതിൽ പാതി തുറന്നുകിടന്നിരുന്നു. അയൽക്കാരെ കൂട്ടി നാട്ടിലാകെ തെരച്ചിൽ നടത്തിയിട്ടും കണ്ടെത്താൻ കഴിയാതിരുന്നതോടെ കണ്ണനല്ലൂർ പൊലീസിൽ വിവരമറിയിച്ചു. വീടിനടുത്തുള്ള പള്ളിക്കലാറ്റിൽ അഗ്‌നിരക്ഷാസേനയുടെ മുങ്ങൽ വിദഗ്ദ്ധർ തെരച്ചിൽ നടത്തി. ഡോഗ് സ്‌ക്വാഡുമെത്തി. വീട്ടിൽ നിന്നു വസ്ത്രങ്ങളുടെ മണം പിടിച്ചോടിയ നായ ആറിനു കുറുകെ നിരത്തിയിട്ട മണൽചാക്കുകൾ കടന്നു മറുകരയിൽ 200 മീറ്ററോളം അകലെ ആളില്ലാത്ത വീടിന്റെ വരാന്തയിൽ കയറി.
തുടർന്ന് അരക്കിലോമീറ്ററോളം ദൂരെയുള്ള വള്ളക്കടവിലെത്തിനിന്നു. പൊലീസും നാട്ടുകാരും നെടുമൺകാവ് ആറിന്റെ ഇരുകരകളിലുമുള്ള പൊന്തക്കാടുകളിലും തെരച്ചിൽ നടത്തി. ഇതിന് അടുത്ത് നിന്നാണ് മൃതദേഹം ഇന്ന് രാവിലെ കണ്ടെത്തിയത്. മൃതദേഹം പൊങ്ങി കിടന്നത് ഇന്നലെ മുഴുവൻ മുങ്ങി പരിശോധിച്ച് വെറും കൈയോടെ മടങ്ങിയ അതേ ഭാഗത്താണെന്നതാണ് ദുരൂഹത കൂട്ടുന്നത്. ക്ഷേത്ര ഉത്സവത്തിനായി കെട്ടിയ താൽകാലിക പാലത്തിന് അപ്പുറത്ത് നിന്ന് രാവിലെ ഒഴുകിയെത്തിയതെന്ന നിഗമനത്തിലാണ് പൊലീസ്. വീടിന് സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്നാണ് രാവിലെ 8 ഓടെ പൊലീസിലെ മുങ്ങൽ വിദഗ്ദ്ധർ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്തിക്കരയാറ്റിലെ തടയണയ്ക്ക് സമീപം വള്ളിപ്പടർപ്പുകൾക്ക് ഇടിയൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
കുഞ്ഞിനെ ഉറക്കിക്കിടത്തി ദേവനന്ദയെ മുൻവശത്തെ ഹാളിൽ ഇരുത്തിയശേഷമാണ് അമ്മ ധന്യ വീടിനോടുചേർന്നുള്ള അലക്കുകല്ലിൽ തുണി അലക്കാൻ പോയത്. തുണി അലക്കുന്നതിനിടെ മകൾ അമ്മയുടെ അടുത്തെത്തിയെങ്കിലും കുഞ്ഞ് അകത്തു കിടക്കുന്നതിനാൽ വീടിനകത്തേക്ക് പറഞ്ഞുവിട്ടു.
പിന്നെ എത്തിയത് നാടിനെ നടുക്കിയ മരണ വാർത്തയും. കൊല്ലം പള്ളിമൺ ഇളവൂരിൽ നിന്ന് കാണാതായ ഏഴുവയസുകാരി ദേവനന്ദയുടെ മൃതദേഹം ആറ്റിൽ നിന്ന് കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരും പറയുന്നു. കുട്ടിയുടെ വീട്ടിൽ നിന്നും ഇരുന്നൂറോളം മീറ്റർ ദൂരത്തുള്ള ആറ്റിലേക്ക് കുട്ടി തനിച്ച് ഇവിടെ വരില്ല എന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതൽ അന്വേഷണം ആവശ്യമാണന്നും നാട്ടുകാർ പറഞ്ഞു.










Manna Matrimony.Com
Thalikettu.Com






